sections
MORE

കൊറോണയ്ക്കും മുമ്പേ ഏകാന്തവാസം വരിച്ച ഈ ഇറ്റാലിയന്‍ അധ്യാപകനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

italy-hermit
SHARE

ലോകമാകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോഴാണ് പലരും ഐസലേഷന്‍ എന്ന പരിപാടിയെക്കുറിച്ചു കേള്‍ക്കുന്നത്. എന്നാല്‍ മുപ്പതു വര്‍ഷത്തോളമായി ഒരു ദ്വീപില്‍ ഒറ്റയ്ക്കു ജീവിക്കുന്ന ഇറ്റലിക്കാരനായ മൗറോ മൊറാന്‍ഡിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? മെഡിറ്ററേനിയന്‍ കടലിലെ മനോഹരമായ ഒരു ദ്വീപില്‍ തനിച്ചു ജീവിക്കുകയാണ് മൊറാന്‍ഡി.

31 വർഷം മുമ്പ് ഇറ്റലിയിൽനിന്ന് പോളിനേഷ്യയിലേക്കുള്ള കപ്പല്‍ യാത്രക്കിടെ അബദ്ധത്തിലാണ് മുന്‍ അധ്യാപകനായ മൊറാൻഡി സാർഡിനിയ തീരത്തുള്ള ബുഡെലി ദ്വീപിൽ എത്തുന്നത്. അതിമനോഹരമായ ഈ ദ്വീപിലെ സ്ഫടികതുല്യമായ ജലവും പവിഴമണല്‍ത്തീരങ്ങളും മനോഹരമായ സൂര്യാസ്തമയങ്ങളുമൊക്കെയായി അദ്ദേഹം നിത്യപ്രണയത്തിലായി. ഒരിക്കലും വിട്ടു പോകാന്‍ കഴിയാത്ത വിധം, ഇന്ന്, ഈ എണ്‍പത്തിയൊന്നാം വയസ്സിലും ഇറ്റലിയുടെ റോബിന്‍സണ്‍ ക്രൂസോ എന്ന ഖ്യാതിയും പേറി അദ്ദേഹം അവിടെത്തന്നെ ജീവിക്കുന്നു.

മെഡിറ്ററേനിയൻ പ്രദേശത്തെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നാണ് ബുഡെല്ലി. സമുദ്രം വിഴുങ്ങിയ അറ്റ്ലാന്റിസ് ഭൂഖണ്ഡത്തിന്റെ ഒരു ഭാഗമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. കല്ലു കൊണ്ട് നിര്‍മിച്ച കെട്ടിടത്തിലാണ് മൊറാന്‍ഡിയുടെ വാസം. കിളികളുടെയും മരങ്ങളുടെയും പലവിധ ശബ്ദങ്ങളാല്‍ മുഖരിതമായ ഓരോ പുലരിയിലും പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഉണര്‍ന്നെണീക്കുന്നത് അഭൗമമായ അനുഭവമാണ്.

ഏകാന്തവാസമാണെങ്കിലും പുറംലോകത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അജ്ഞനല്ല മൊറാന്‍ഡി. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങള്‍ ഒന്നൊന്നായി അടച്ചു പൂട്ടുമ്പോള്‍ താന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ജീവിക്കുന്നത് എന്ന് മൊറാന്‍ഡി കരുതുന്നു. സെല്‍ഫ് ഐസലേഷന്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന കാര്യത്തെക്കുറിച്ച് പ്രശസ്ത ട്രാവല്‍ മാഗസിനുമായി നടത്തിയ സംഭാഷണത്തില്‍ മൊറാന്‍ഡി തന്‍റെ ആശയങ്ങള്‍ പങ്കു വച്ചു.

താന്‍ ദ്വീപില്‍ പൂര്‍ണമായും സുരക്ഷിതനാണ്, ഇവിടേക്ക് ആരും വരാറില്ല. ഒരു ബോട്ട് പോലും തീരത്തേക്ക് അടുക്കാറില്ല. എന്നാല്‍ കൊറോണ മരണതാണ്ഡവമാടിയ നോര്‍ത്ത് ഇറ്റലിയിലുള്ള തന്‍റെ കുടുംബത്തെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്. അവിടെയിപ്പോള്‍ വളരെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം പരിഭ്രമിക്കേണ്ട ആവശ്യമില്ല. വീടിനുള്ളില്‍ത്തന്നെ ഇരുന്ന് സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഈ സമയത്ത് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനുശേഷവും മൊറാൻഡിയുടെ ജീവിതചര്യകള്‍ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, റോമിലെ സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കാരണം, കഴിക്കാനുള്ള ഭക്ഷണം കരയിൽനിന്ന് എത്തിച്ചേരാന്‍ അല്‍പം സമയം കൂടുതലെടുക്കും എന്നത് മാത്രമാണ് ആകെയുള്ള ഒരു ബുദ്ധിമുട്ട്.

ഇടയ്ക്കിടെ വരുന്ന സഞ്ചാരികള്‍ ഈ ദ്വീപിലെത്തി അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതും പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും ഇങ്ങോട്ടു വരാറില്ല. ബോറടി മാറ്റാന്‍ കടല്‍ നോക്കി ശുദ്ധവായു ശ്വസിച്ച് കുറെ നേരം ഇരിക്കും. വിറകു ശേഖരിക്കാന്‍ പോകും. ഭക്ഷണം പാകം ചെയ്യും. പിന്നെ ഇടയ്ക്കിടെ ഫോട്ടോകള്‍ എടുത്ത് ഇന്‍സ്റ്റഗ്രാമിലും മറ്റും ഷെയര്‍ ചെയ്യും. കൊറോണ കാരണം ഈ ജൂലൈ വരെ ടൂറിസ്റ്റുകളാരും ഇങ്ങോട്ടേക്ക് എത്താന്‍ സാധ്യതയില്ല എന്ന് മൊറാന്‍ഡി കണക്കു കൂട്ടുന്നുണ്ട്. എന്നാല്‍ അതിഥികള്‍ ആരും എത്താത്ത ഒരു വേനല്‍ക്കാലം തന്നെ ഭയപ്പെടുത്തില്ല.

കൊറോണ വൈറസ് നിയന്ത്രിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ കർശനമാക്കിയതിനാൽ, പാർക്കിലോ കടൽത്തീരത്തോ മതിയായ കാരണമില്ലാതെ ചുറ്റിക്കറങ്ങിയ ഡസൻ കണക്കിന് ഇറ്റലിക്കാർക്ക് പിഴ ചുമത്തിയിട്ടുണ്ട്.

കടപ്പാട് : സി എൻ എന്‍ ന്യൂസ്

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA