sections
MORE

സൗജന്യഭക്ഷണം; സുവർണ്ണക്ഷേത്രത്തിലെ ഭീമന്‍ അടുക്കളയുടെ രഹസ്യം തേടി!

Golden-Temple%2c-Amritsar
SHARE

സുവര്‍ണ്ണക്ഷേത്രത്തെക്കുറിച്ച് അറിയാത്തവരായി രാജ്യത്ത് ആരും തന്നെ ഉണ്ടാവില്ല. ലോകമെങ്ങുമുള്ള സിക്കുമതക്കാരുടെ പ്രഥമ ആരാധനാലയങ്ങളില്‍ ഒന്നായ ഇത് ജാതിമത‌വിശ്വാസ വ്യത്യാസങ്ങളില്ലാതെ എല്ലാ ആളുകളെയും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ഇടമാണ്. ദിനം പ്രതി ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ എത്തുന്ന സുവര്‍ണ്ണക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്കായി ഭക്ഷണം ഒരുക്കുന്ന അടുക്കളയുമുണ്ട്. ഇങ്ങനെ വരുന്നവര്‍ക്കെല്ലാം സൗജന്യമായി ഭക്ഷണം നൽകുന്നതിനെയാണ് സിക്കുകാര്‍ 'ലംഗാർ' എന്ന് വിളിക്കുന്നത്. അങ്ങനെ, തേടിയെത്തുന്നവരുടെ ആത്മാവിനും ശരീരത്തിനും ഒരേപോലെ നിറവേകുന്ന ഇടമാകുന്നു സുവര്‍ണ്ണക്ഷേത്രം. 

സിക്കുകാരുടെ ആത്മീയ ഗുരുവായ ഗുരു നാനാക്ക് ദേവ് ആണ് ലംഗാര്‍ എന്ന ആശയത്തിന് പിന്നില്‍. ഇതിനെക്കുറിച്ച് മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.

എല്ലാവര്‍ക്കും വേണ്ടിയുള്ള ഭക്ഷണം എന്നാണ് ലംഗാര്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാനാതുറകളില്‍ നിന്നും എത്തുന്ന പല തരത്തില്‍പ്പെട്ട ആളുകള്‍ വലുപ്പച്ചെറുപ്പങ്ങളില്ലാതെ ഒരേ ഭക്ഷണം കഴിക്കുന്ന മനോഹരമായ ഒരു സങ്കല്പം എന്ന് പറയാം. വിശന്നു പൊരിയുന്ന ആര്‍ക്കു വേണമെങ്കിലും ഗുരുദ്വാരയിലേക്ക് കയറി വരാം. ഇവിടുത്തെ വോളണ്ടിയര്‍മാര്‍ വിളമ്പിത്തരുന്ന ഭക്ഷണം കഴിച്ചു വയറു നിറച്ച് തിരിച്ചു പോകാം.

സുവര്‍ണ്ണക്ഷേത്രത്തിലെ ലംഗാറില്‍ ഒരു ദിവസം ഒരു ലക്ഷത്തോളം ആളുകളെ ഊട്ടുന്നു എന്നാണു കണക്ക്. ആഘോഷ അവസരങ്ങളിലും ആഴ്ച്ചാവസാനങ്ങളിലും ഇത് ഇരട്ടിയാകും. ആളുകള്‍ എത്ര കൂടിയാലും ഭക്ഷണത്തിനു ക്ഷാമം ഒരിക്കലും ഉണ്ടാവില്ല. 

ഓരോ ദിവസവും 7,000 കിലോഗ്രാം ഗോതമ്പ് മാവ്, 1,300 കിലോഗ്രാം പരിപ്പ്, 1,200 കിലോഗ്രാം അരി, 500 കിലോ വെണ്ണ എന്നിവ ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഭക്ഷണം പാകം ചെയ്യാനാവട്ടെ, പ്രതിദിനം 100 എൽ‌പി‌ജി സിലിണ്ടറുകളും 500 കിലോ വിറകും വേണം.

പ്രതിഫലേച്ഛയില്ലാതെ ജോലി ചെയ്യുന്ന വോളണ്ടിയര്‍മാരാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പച്ചക്കറി അരിയുക, പാചകം ചെയ്യുക, വിളമ്പുക, വൃത്തിയാക്കുക തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തു കൊണ്ട് ശരാശരി 450 വോളണ്ടിയർമാർ ഇവിടെ ജോലി ചെയ്യുന്നു. എല്ലാത്തരത്തില്‍പ്പെട്ട ആളുകള്‍ക്കും കഴിക്കാനായി വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളും സന്ദര്‍ശകരുമെല്ലാം ഇവിടത്തെ ലംഗാര്‍ നടത്തിപ്പിനായി സംഭാവന നല്‍കുന്നു.

ഭക്ഷണം ഉണ്ടാക്കി എങ്ങനെയെങ്കിലും വിളമ്പുകയല്ല, അതീവ വൃത്തിയോടെ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഉപയോഗിച്ച പാത്രങ്ങൾ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകൾ മൂന്ന് തവണ കഴുകി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ആയിരക്കണക്കിന് സ്റ്റീൽ പ്ലേറ്റുകളും പാത്രങ്ങളും സ്പൂണുകളുമാണ് ഇങ്ങനെ ദിവസവും കഴുകുന്നത്.

മെഷീന്‍ ഉപയോഗിച്ചാണ് ഇവിടെ ചപ്പാത്തി ഉണ്ടാക്കുന്നത്. സുവര്‍ണ്ണ ക്ഷേത്രത്തിലെ ഇലക്ട്രിക് ചപ്പാത്തി മെഷീനുകളിൽ ഓരോ മണിക്കൂറിലും 3,000 മുതൽ 4,000 വരെ റൊട്ടി അഥവാ ചപ്പാത്തി ഉണ്ടാക്കുന്നു. കൂടാതെ ഇവിടത്തെ വനിതാ വോളണ്ടിയർമാർ ചേര്‍ന്ന് ഓരോ മണിക്കൂറിലും കുറഞ്ഞത് 2,000 ചപ്പാത്തികള്‍ വേറെയും ഉണ്ടാക്കുന്നുണ്ട്.

സന്ദര്‍ശകരുടെ ബാഹുല്യം കാരണം രാത്രി വൈകുവോളം ലംഗാര്‍ തുറന്നിരിക്കും. എത്ര വൈകിയാലും രാവിലെ എട്ടു മണിയാകുമ്പോഴേക്കും അന്നത്തേക്കുള്ള ആദ്യസെറ്റ് ഭക്ഷണം റെഡിയായിട്ടുണ്ടാകും.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA