ADVERTISEMENT

കൊറോണക്കാലത്തെ അതിജീവിക്കാനൊരുങ്ങി ഡൽഹി.100 കോടി രൂപ ചെലവിൽ ഡൽഹി ടൂറിസത്തെ റീബ്രാൻഡ് ചെയ്യാനുള്ള തീരുമാനത്തിലാണ് ഡൽഹി ഭരണകൂടം. കൊറോണ വ്യാപനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക് ഡൗൺ രാജ്യത്തെ നിശ്ചലമാക്കിയ അവസ്ഥയിലാണ്. ടൂറിസം രംഗമാണ് അക്ഷരാർഥത്തിൽ വെട്ടിലായത്. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു.  ഇന്ത്യയിലെ ടൂറിസം രംഗത്ത് ഏറ്റവുമധികം സംഭാവന നല്‍കിയി‌ട്ടുള്ള ഡൽഹിയിലും സ്ഥിതി വ്യത്യസ്തമല്ല. ഓരോ മാസവും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേർന്നിരുന്ന ഇടങ്ങളിൽ ആളൊഴിഞ്ഞു.

 

ലോക് ഡൗൺ പിൻവലിച്ചാലും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകളെത്തുവാൻ പിന്നെയും സമയമെടുക്കും. എന്നാൽ കോവിഡ് ഭീതിയിൽ സഞ്ചാരികൾ കയ്യൊഴിഞ്ഞ ഡൽഹിയെ കരകയറ്റുവാൻ പുത്തൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാർ. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയു‌‌ടെ നേതൃത്വത്തിലാണ് ഡല്‍ഹിയെ ഇന്ത്യയുടെ ടൂറിസം തലസ്ഥാനമാക്കി മാറ്റുന്നതിനുള്ള ‘ബ്രാൻഡിങ് ഡൽഹി’ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

 

ഡൽഹിയെ രാജ്യത്തിന്റെ വിനോദ സഞ്ചാര തലസ്ഥാനമായി മാറ്റുന്ന തരത്തിലുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിനായി വിദേശ രാജ്യങ്ങളിലും അവിടുത്തെ വിനോദ സഞ്ചാരികളു‌ടെ ഇടയിലും ഡൽഹിയെ ഒരു ബ്രാൻഡായി അവതരിപ്പിക്കുമെന്നും സിസോദിയ ഡൽഹി നിയമസഭയിൽ അറിയിച്ചിരുന്നു. 100 കോടി രൂപയുടെ പദ്ധതിയാണ് ഡൽഹി സർക്കാർ ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്.

 

ഈ പുതിയ പദ്ധതികളുടെ ഭാഗമായി അടുത്ത വർഷം മുതൽ ഡല്‍ഹിയിൽ പൂര്‍വാഞ്ചല്‍ ഉത്സവ് എന്ന പേരിൽ ഒരു പുതിയ ഉത്സവം ആരംഭിക്കുവാനും പദ്ധതിയുണ്ട്. ഡല്‍ഹി കി ദീപാവലി എന്ന പേരിൽ, പടക്കങ്ങൾ പൊ‌ട്ടിക്കാതെ പ്രകൃതിസൗഹൃദപരമായി ദീപാവലി ആഘോഷിക്കുന്ന മാതൃകയിലായിരിക്കും ഇതെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com