sections
MORE

കൊറോണയുടെ പിടിയില്‍ അകപ്പെടാത്ത ലോകത്തെ ഒരേയൊരു ഭൂഖണ്ഡം, കാരണം?

Antarctica
SHARE

ലോകം മുഴുവന്‍ ഏകദേശം അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചു കഴിഞ്ഞു. പ്രതിരോധത്തിന്‍റെ ഭാഗമായി മിക്ക രാജ്യങ്ങളും അതിര്‍ത്തികളും ഗതാഗത മാര്‍ഗങ്ങളുമെല്ലാം അടച്ചു പൂട്ടി. ലോകമാകെ ആളുകളുടെ ജീവിതം മാറി. എന്നാല്‍ ഇത്രയും ബഹളം ഈ ഭൂമിയില്‍ നടക്കുമ്പോള്‍ ഒരു മാറ്റവുമില്ലാതെ ഒരു സ്ഥലമുണ്ട്.

അന്റാര്‍ട്ടിക്കയാണ് ആ സ്ഥലം

കൊറോണ വൈറസ് ബാധയുടെ ഒരു കേസ് പോലും അന്റാര്‍ട്ടിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവിടെ ആളുകള്‍ ഉണ്ടായിരുന്നിട്ടു പോലും ഈ വൈറസ് ഇതുവരെ അവരെ ബാധിച്ചിട്ടില്ല.

Antarctica

അധികം ജനസാന്ദ്രതയില്ലാത്ത പ്രദേശമാണ് അന്റാര്‍ട്ടിക്ക എന്നതും വൈറസ് ബാധയേല്‍ക്കാത്തതിന് ഒരു കാരണമാണ്. അയ്യായിരത്തില്‍ത്താഴെ ആളുകള്‍ മാത്രമേ ഇവിടെ വസിക്കുന്നുള്ളൂ. അതില്‍ കൂടുതലും ശാസ്ത്രജ്ഞരും ഗവേഷകരുമാണ്. മാത്രമല്ല, പ്രത്യേക പ്രശ്നങ്ങള്‍ ഇല്ലാത്ത സമയത്ത് പോലും അധികമാളുകള്‍ക്കൊന്നും ഇവിടേക്ക് പ്രവേശനം ലഭിക്കില്ല. പനിയോ മറ്റു രോഗങ്ങളോ ഒന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പു വരുത്തി, പൂര്‍ണ്ണാരോഗ്യം ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ സാധാരണ സമയങ്ങളില്‍പ്പോലും ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.

Antarctica

നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇനിയും അത് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. ഇതുവരെ വന്നില്ല എന്നത് ഇനിയും വരില്ല എന്ന് കൂട്ടി വായിക്കാനാവില്ല. കൊറോണക്കെതിരെ പ്രതിരോധ ശേഷിയുള്ള ഒരു സ്ഥലമല്ല അന്റാര്‍ട്ടിക്ക എന്ന് ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. ബേസുകളില്‍ ഒരു സമയത്ത് ഒരാളെ ചികിത്സിക്കാനുള്ള സൗകര്യമേയുള്ളൂ. ചികിത്സാ സൗകര്യങ്ങള്‍ കുറവായതു കൊണ്ടുതന്നെ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ വന്നാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലേക്ക് നീങ്ങും.

യാത്രക്കാർക്ക് കർശനനിയന്ത്രണങ്ങൾ

ഏറ്റവുമധികം ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് അന്റാര്‍ട്ടിക്ക ഭൂഖണ്ഡം. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അന്റാര്‍ട്ടിക്കയിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്തവര്‍ക്കിടയില്‍ത്തന്നെ ആശങ്കകളും സംശയങ്ങളും നിരവധിയാണ് ഉടലെടുത്തത്. 

പതിറ്റാണ്ടുകളായി സംരക്ഷിത പ്രദേശമായ അന്റാർട്ടിക്ക, വാണിജ്യ പര്യവേഷണങ്ങളുടെ തുടക്കകാലം മുതൽ തന്നെ കർശനനിയന്ത്രണങ്ങളുടെ കീഴിലാണ്. കൊറോണ വൈറസിന് എതിരെയുള്ള ഏറ്റവും പുതിയ മുൻകരുതലുകൾ കൂടി ഇതിനകം നിലവിലുള്ള സുരക്ഷാ മാർഗങ്ങളുടെ നീണ്ട പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടു എന്ന് മാത്രം. 

സുരക്ഷക്കായി അന്റാര്‍ട്ടിക്ക പര്യവേഷണ സംഘാടകര്‍ ചെയ്യുന്നത്

കൊറോണക്കാലത്ത് അന്റാര്‍ട്ടിക്ക പര്യവേഷണമെന്നത് ഏറ്റവും പ്രയാസമേറിയതാണ് എന്നതിൽ സംശയമൊന്നുമില്ല. അന്റാർട്ടിക്ക സന്ദർശിക്കാന്‍ എത്തുന്നവര്‍ക്ക് ഏതു കാലത്തായാലും കര്‍ശനമായ ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. വിദൂരമായ അന്റാര്‍ട്ടിക്ക പോലൊരു ഭൂഖണ്ഡത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതിന് മുന്‍പ് മറ്റെവിടത്തെക്കാളും കര്‍ശനമായ സുരക്ഷാ മുൻകരുതലുകളുണ്ട്. അതുകൊണ്ടൊക്കെ തന്നെയാണ് കൊറോണ വൈറസ് ബാധിക്കാത്ത ഒരേയൊരു ഭൂഖണ്ഡമായി അന്റാർട്ടിക്ക നിലനിൽക്കുന്നത്.

അന്റാർട്ടിക്കയിലേക്കുള്ള യാത്രക്ക് സാധാരണയായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന ചെറിയ കപ്പലില്‍ വെറും 250 യാത്രക്കാരെ മാത്രമേ കയറ്റാറുള്ളൂ.  ശുചിത്വം പാലിക്കുന്ന കപ്പലാണിത്. അതുകൊണ്ടു തന്നെ സൂക്ഷ്മ ജീവികള്‍ മൂലം രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA