ADVERTISEMENT

ലോക്‌ഡൗണിൽ കുടുങ്ങിയപ്പോയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽനിന്ന് പാരിസിലേക്കു പുറപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിച്ച് കയറ്റി വിടുകയായിരുന്നു.

French-citizens

മാർച്ച് 11 നു മുൻപ് കേരളത്തിലെത്തുകയും വിവിധ ജില്ലകളിലായി ലോക്ഡൗൺ കാരണം അകപ്പെടുകയും ചെയ്ത വിദേശികളെയാണ് കൊച്ചിയിൽ എത്തിച്ച് സ്വന്തം നാട്ടിലേക്ക് കയറ്റി അയച്ചത്. തങ്ങളുടെ പൗരൻമാരെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ എല്ലാ സൗകര്യങ്ങളും ചെയ്ത കേരള സർക്കാറിനും ടൂറിസം വകുപ്പിനും പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ സുവാർഡ് നന്ദി അറിയിച്ചു. കേരളത്തിൽ കുടുങ്ങിയ ഫ്രഞ്ച് പൗരൻമാരെ തിരികെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന അഭ്യർഥന ലഭിച്ച് 24 മണിക്കൂറിനുള്ളിലാണ് കേരളം അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

ടൂറിസ്റ്റ് വീസയിൽ സംസ്ഥാനത്തെത്തിയവരിൽ 3 വയസ്സുകാരൻ മുതൽ 85 വയസ്സുകാർ വരെയുണ്ട്. വിനോദ സഞ്ചാരികളും ആയുർവേദ ചികിത്സക്കെത്തിയവരുമാണ് എല്ലാവരും. ഫ്രഞ്ച് എംബസി ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം മുംബൈ വഴി  ഇന്ന് രാവിലെ എട്ടിനു പാരിസിലേക്കു തിരിച്ചു.

French-citizens-kochi

അതേസമയം, 5300 പേർ മരിച്ച ഫ്രാൻസിനെക്കാൾ ഇവിടെ സുരക്ഷിതമാണെന്നു പറഞ്ഞ് നാട്ടിലേക്കു മടങ്ങാത്ത ഫ്രഞ്ച് പൗരൻമാർ ഇനിയും കേരളത്തിലുണ്ട്. യുകെ, യുഎസ്, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പൗരന്മാരും സംസ്ഥാനത്തുണ്ട്.

ഫ്രഞ്ച് എംബസിയിൽ നിന്നും വിദേശകാര്യ വകുപ്പിൽ നിന്നും ആവശ്യമെത്തിയതോടെ പൊലീസ് സഹായത്തോടെ വിദേശ പൗരൻമാരെ കൊച്ചിയിലെത്തിച്ചു. ആരോഗ്യ വകുപ്പ് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി 24 മണിക്കൂറിനുള്ളിൽ നെടുമ്പാശേരിയിലെത്തിക്കുകയായിരുന്നുവെന്ന് കേരളാ ടൂറിസം ജോയിന്റ് ഡയറക്ടർ രാ‍ജ്കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com