ADVERTISEMENT

അനുമതികൾ വൈകിയില്ലെങ്കിൽ വിദേശ ടൂറിസ്റ്റു കേന്ദ്രങ്ങളിലേതുപോലുള്ള കേബിൾ കാർ പദ്ധതി കൊച്ചിയിൽ രണ്ടര വർഷത്തിനകം എത്തും. മറൈൻഡ്രൈവ്, ബോൾഗാട്ടി, വല്ലാർപാടം, വൈപ്പിൻ എന്നിവയെ ബന്ധിപ്പിച്ചു കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് (കിഡ്ക്) നടപ്പാക്കുന്ന കേബിൾ കാർ പദ്ധതിക്കു രണ്ടു കമ്പനികൾ താൽപര്യം അറിയിച്ചു. 

വിദേശ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ കേബിൾ കാർ സർവീസ് നടത്തുന്ന സ്പാനിഷ് കമ്പനിയാണ് ഒന്ന്. ബോട്സ്വാന, ഫ്രാൻസ് കമ്പനികളുടെ പങ്കാളിത്തമുള്ള രോഹിണി പ്രസാദ് ആൻഡ് അസോസിയേറ്റ്സ് എന്ന ഇന്ത്യൻ കമ്പനിയാണു രണ്ടാമത്തേത്. 300 കോടി രൂപ പ്രാഥമികമായി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദമായ പ്രോജക്ട് തയാറാക്കാനുള്ള ചുമതല ഇവരിൽ ഒരു കമ്പനിക്കായിരിക്കും.

ലോക്ഡൗൺ മൂലം കമ്പനി പ്രതിനിധികൾക്കു ചർച്ചയ്ക്ക് എത്താൻ കഴിയാത്തതാണു കൺസൾട്ടന്റിനെ നിയമിക്കാൻ വൈകുന്നത്. കൺസൾട്ടൻസി കരാർ നൽകിയാൽ നിശ്ചിത സമയത്തിനകം അതു പൂർത്തിയാക്കി നിർമാണ ഘട്ടത്തിലേക്കു നീങ്ങും. രൂപകൽപ്പന, സാമ്പത്തിക പഠനം, നിർമാണ വിശദാംശങ്ങൾ എന്നിവ തയാറാക്കലാണു കൺസൾട്ടന്റിന്റെ ചുമതല.

അതു പൂർത്തിയായാലേ പദ്ധതിയുടെ ചെലവ്, സർവീസിന്റെ ഫീസ് എന്നിവ വ്യക്തമാകൂ. സർക്കാർ പണം മുടക്കാതെ സ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി. വിശദമായ പദ്ധതി രേഖ പൂർത്തിയായാൽ നിർമാണത്തിനും നടത്തിപ്പിനുമുള്ള അടുത്ത കരാർ ക്ഷണിക്കും. 

മറൈൻഡ്രൈവിൽ നിന്നു ഫോർട്ട്കൊച്ചിയിലേക്ക് എളുപ്പത്തിൽ എത്താനുള്ള യാത്രാ മാർഗമായല്ല, പ്രധാനമായും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാവും കേബിൾ കാർ പദ്ധതി. പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയാൽ പദ്ധതിക്കുള്ള വിവിധ അനുമതികൾക്ക് അപേക്ഷിക്കുമെന്നു കിഡ്ക് എംഡി എൻ. പ്രശാന്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com