ADVERTISEMENT
sneha-sreekumar-trip2

മഴവില്‍ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം ഹാസ്യപരമ്പരയിലെ മണ്ഡോദരി അടക്കമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു പ്രിയപ്പെട്ട താരമാണ് സ്നേഹ. പെർഫോമിങ് ആർട്സിൽ എംഫിൽ ബിരുദധാരി കൂടിയായ സ്നേഹയ്ക്ക് അഭിനയം കഴിഞ്ഞാലുള്ള ഇഷ്ടം യാത്രകളാണ്. സമയം കിട്ടുന്നില്ല എന്നതു മാത്രമാണ് പരാതി. വേറിട്ട അഭിനയ മികവുകൊണ്ട് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും സാന്നിധ്യമറിയിച്ച ശ്രീകുമാറാണ് സ്നേഹയുടെ ഭർത്താവ്. യാത്രകൾ പ്രിയമാണ് ശ്രീകുമാറിനും. വിവാഹശേഷം, ജോലിത്തിരക്കുകൾ കാരണം രണ്ടാൾക്കും യാത്ര പോകാന്‍ സാധിച്ചിരുന്നില്ല. പ്ലാൻ ചെയ്തൊരു ട്രിപ്പ് കൊറോണ കാരണം ഒഴിവാക്കേണ്ടിയും വന്നു. യാത്ര മുടങ്ങിയതിൽ വല്ലാത്ത വിഷമം ഉണ്ടെന്നു സനേഹ പറയുന്നു. കുട്ടിക്കാലം മുതൽ യാത്രകളെ  സ്നേഹിക്കുന്ന സനേഹ നല്ലൊരു യാത്രാ ഗൈ‍ഡുകൂടിയാണ്. ഇഷ്ട യാത്രകളെക്കുറിച്ച് സ്നേഹ മനോരമ ഒാൺലൈനിനോടു സംസാരിക്കുന്നു.

sneha-t1.44jpg

‘മേയ് 29 ന് ഒരു സിംഗപ്പൂർ– മലേഷ്യ ക്രൂസ് ട്രിപ് പ്ലാൻ ചെയ്തിരുന്നു. വലിയ ആകാംക്ഷയോടെ ഞാനും ശ്രീയും കാത്തിരുന്നതായിരുന്നു ആറുദിവസത്തെ ആ യാത്ര. മനസ്സിൽ നൂറായിരം ആഗ്രഹങ്ങളായിരുന്നു. ഒറ്റ നിമിഷം കൊണ്ടാണ് കൊറോണ ആ യാത്ര തല്ലിക്കെടുത്തിയത്. എനിക്കു സങ്കടം തോന്നിയിരുന്നു. ഷൂട്ടുമൊക്കെയായി തിരക്കിലായതിനാൽ വിവാഹശേഷം ഞങ്ങൾക്ക് ഒരുമിച്ച് എവിടേക്കും പോകുവാൻ സാധിച്ചില്ലായിരുന്നു. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ ഞാൻ ഷൂട്ടിങ്ങിനു പോയിരുന്നു. ഏറ്റെടുത്ത പ്രോജക്ട് ഞാൻ കാരണം മുടങ്ങരുതെന്ന് എന്നെക്കാളും ശ്രീയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടു തന്നെ ഷൂട്ടിന് ഒരു മുടക്കവും ഞാനും വരുത്തിയില്ല. അപ്പോഴാണ് ഇങ്ങനെയൊരു യാത്ര വീണുകിട്ടിയത്. അതിപ്പോ ഇങ്ങനെയുമായി, വിഷമം ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രയെക്കാളും ജീവനാണ് വലുത്. ആരോഗ്യത്തോടെ ഇരുന്നാലല്ലേ യാത്രകൾ ചെയ്യാൻ സാധിക്കൂ. ’ – സ്നേഹ പറയുന്നു.

ലിച്ചി നൽകിയ സർപ്രൈസ് ഗിഫ്റ്റ്

sneha-sreekumar-trip6

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അന്ന രാജൻ അതായത് നമ്മുടെ പ്രിയപ്പെട്ട ലിച്ചി. എനിക്കും ശ്രീക്കും വിവാഹ സമ്മാനമായി ലിച്ചി നൽകിയത് അടിപൊളി യാത്രയായിരുന്നു. ഞങ്ങളുടെ പുതുവർഷപുലരി വൈത്തിരി റിസോർട്ടിലായിരുന്നു ലിച്ചി പ്ലാൻ ചെയ്തിരുന്നത്. അവൾ നൽകിയ ആ സമ്മാനമായിരുന്നു ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ യാത്ര. അടിപൊളി റിസോർട്ടാണ് വയനാട്ടിലെ വൈത്തിരി. നീലഗിരി മലകളിലെ ഇടതൂർന്ന മഴക്കാടുകൾക്ക് ഇടയിലുള്ള വൈത്തിരി ഒരു ജൈവ-ടൂറിസം കേന്ദ്രമാണ്. കാടിന്റെ വന്യത തുളുമ്പുന്ന റിസോർട്ടിൽ പ്രകൃതിസൗന്ദര്യം കൂടുതൽ ആസ്വദിക്കുവാനായി.

സത്യത്തിൽ ഞാനൊരു ഭാഗ്യവതിയാണ്

sneha-sreekumar-trip5

കലാകാരിയായതുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് അടക്കം യാത്ര പോകുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. കേരളത്തിലെ പതിനാല് ജില്ലകളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷ്രേത്രം, കന്യാകുമാരി തുടങ്ങി അങ്ങ് കാസർകോട് വരെ കാണാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യയിലും ഒരുപാട് ഇടങ്ങളിൽ പോകാൻ സാധിച്ചിട്ടുണ്ട്. ഞാൻ ചെറുപ്പം മുതലേ ഓട്ടം തുള്ളലും മോഹിനിയാട്ടവും കഥകളിയും അഭ്യസിക്കുന്നുണ്ടായിരുന്നു. കള്‍ച്ചറൽ മിനിസ്ട്രി ഒാഫ് ഇന്‍ഡ്യയുടെ സ്കോളർഷിപ്പോടെയാണ് പഠിച്ചിരുന്നത്. അതിന്റെ ഭാഗമായി പലതവണ ഡൽഹിയിലേക്ക് യാത്ര പോയിട്ടുണ്ട്. അമ്മയോടൊപ്പമായിരുന്നു അത്. ഡൽഹിയിലെ ഒട്ടുമിക്ക ഇടങ്ങളും കണ്ടു. ഇന്ത്യയിൽത്തന്നെ രാമേശ്വരം, ധനുഷ്ക്കോടി അങ്ങനെ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും പോയിട്ടുണ്ട്. ഡെസേർട്ട് സഫാരി എനിക്കിഷ്ടമാണ്. ഒരിക്കൽ ഡെസേർട്ട് സഫാരി നടത്തി. മണൽപരപ്പിലൂടെ വാഹനം നീങ്ങുമ്പോൾ ചങ്ക് പപടപടാന്ന് മിടിക്കുകയായിരുന്നു. വാഹനം മറിയുമോ എന്ന ചിന്തയായിരുന്നു. ഉള്ളിലെ ഭയത്തെ തമാശകൾ പറഞ്ഞു ഒതുക്കും. എങ്കിലും യാത്ര രസകരമായിരുന്നു.

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട യാത്ര

sneha-sreekumar-trip6

കുട്ടിക്കാലത്ത് അച്ഛൻ കൊണ്ടുപോയിട്ടുള്ള സ്ഥലങ്ങളിൽ എനിക്കേറെ ഇഷ്ടം മൂകാംബിക ക്ഷേത്രവും കുടജാദ്രിയുമാണ്. അച്ഛനോടുള്ള ഇഷ്ടം തന്നെയാണ് മൂകാംബികയോടുള്ള എന്റെ ഇഷ്ടവും. അച്ഛനിപ്പോൾ ഇല്ല, എന്നാലും മൂകാംബികയിലേക്ക് എത്ര തവണ പോകാനും എനിക്ക് മടിയില്ല. അത്രയ്ക്കും എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണിവിടം. എല്ലാവർഷവും മൂകാംബികയിൽ പോകാറുണ്ട്. കൂടാതെ അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ ചിത്രീകരണവും മൂകാംബികയിലായിരുന്നു. ആ സിനിമയുടെ ഭാഗമാകാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നു.

മറക്കാനാവില്ല ആദ്യ ഫ്ളൈറ്റ് യാത്ര

sneha-sreekumar-trip2 (1)

എന്റെ ആദ്യത്തെ ഫ്ളൈറ്റ് യാത്ര മെക്സിക്കോയിലേക്കായിരുന്നു. ഒരു വർക്ക്ഷോപ്പ് ചെയ്യാനായിരുന്നു അത്. ആദ്യത്തെ ഫ്ളൈറ്റ് യാത്രയല്ലേ, ആകാംക്ഷയും ആവേശവും ചെറുതല്ലായിരുന്നു. എന്റെ ഗുരു നിർമല ടീച്ചറിനൊടൊപ്പമായിരുന്നു യാത്ര. കൊച്ചിയിൽ നിന്നു ബോംബെ. അവിടെ നിന്നു പാരിസ്. പന്ത്രണ്ട് മണിക്കൂർ യാത്ര. അവിടെനിന്ന് അഞ്ചു മണിക്കൂർ കഴിഞ്ഞാണ് ഫ്ളൈറ്റ് എടുത്തത്. പിന്നെയും പന്ത്രണ്ട് മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ഇരുപത്തിനാല് മണിക്കൂർ യാത്ര. ആദ്യത്തെ ഫ്ളൈറ്റ് യാത്ര ശരിക്കും മടുപ്പിച്ചു.  ഒറ്റ യാത്രകൊണ്ടു തന്നെ ഫ്ളൈറ്റിലിരിക്കാനുള്ള കൊതി മാറി.

sneha-sreekumar-trip7

അതിലും രസമായിരുന്നു ഫ്ളൈറ്റിലെ ഒരു സംഭവം. ഞാൻ നോൺ വെജ് കഴിക്കില്ല. സസ്യാഹാരിയാണ്. എന്റെ അടുത്ത് ഒരു വിദേശിയായിരുന്നു. കഴിക്കാനായി ഒരുപാട് വിഭവങ്ങൾ കൊണ്ടുവച്ചു. ഞാൻ പതിയെ ഒരോന്നും എടുത്ത് മണത്തു നോക്കാൻ തുടങ്ങി. അടുത്തിരിക്കുന്നയാളോട് ചോദിക്കാനും പറ്റില്ല. ഭാഷ അത്രവശമില്ലായിരുന്നു. എന്റെ നിസ്സഹായാവസ്ഥ അയാൾക്ക് മനസ്സിലായി. അയാളുടെ കൈയിലുണ്ടായിരുന്ന കുറച്ചു ഫ്രൂട്ട്സ് എനിക്കു നൽകി. ഞാൻ കഴിച്ചു. അത്രയും മണിക്കൂറിന്റെ യാത്രയല്ലേ, നല്ല വിശപ്പുണ്ടായിരുന്നു. വിശപ്പിന്റെ വിളി മനസ്സിലാക്കാ‌ൻ ആർക്കും ഭാഷ അറിയേണ്ടതില്ലെന്ന് എനിക്ക് മനസ്സിലാക്കിത്തന്ന യാത്രയായിരുന്നു.

ഇപ്പോൾ നമ്മുടെ രാജ്യമടക്കം കൊറോണയുടെ പിടിയിലാണ്. എല്ലാമൊന്നു ശാന്തമായിട്ട് ശ്രീയുമായി ഒരുമിച്ച് യാത്രപോകണം അതാണെന്റെ ആഗ്രഹം.’

English Summary :celebrity travel sneha sreekumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com