ADVERTISEMENT

വിനോദ സഞ്ചാര മേഖല ഇടുക്കിയുടെ ജീവശ്വാസമാണ്. കോവിഡ് പ്രതിസന്ധി മൂലം പൂർണമായും അടച്ചു പൂട്ടപ്പെട്ടതോടെ ഈ മേഖലയിൽ ജോലി ചെയ്തിരുന്നവരുടെ ജീവിതം വഴിമുട്ടി. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അവസ്ഥയെന്താണ് ?

മന്നാക്കുടി സെറ്റിൽമെന്റിലെ ‘കുട്ടിക്കുറുമ്പന്മാർ’ പെരിയാർ തടാകത്തിലെ വെള്ളം വറ്റിത്തുടങ്ങിയ ഭാഗത്തു മീൻ പിടിക്കുകയാണ്. സഞ്ചാരികളില്ലാത്തതിനാൽ തടാകത്തിന്റെ തീരം ശാന്തമാണ്.കുമളിയിൽ നല്ല മീനൊന്നും വാങ്ങാൻ കിട്ടാതായതോടെയാണു മീൻപിടിത്തം തുടങ്ങിയത്. ചോറുണ്ണുന്ന പാത്രത്തിൽ തുണി വലിച്ചുകെട്ടി ചെളിയിലേക്ക് ഇറക്കിവച്ചാണു ‘കലാപരിപാടി’.

‘എന്തു മീനാണു ഇങ്ങനെ പാത്രം വച്ചാൽ കിട്ടുക?’ ‘മോഹൻലാലിനെ കിട്ടും’ അതിലൊരാൾ പാത്രത്തിൽ നിന്നു ചെറിയൊരു മീൻ കയ്യിലെടുത്തുകൊണ്ടു പറഞ്ഞു ‘മോഹൻലാലോ, അതെന്താ അങ്ങനെ’ ‘ഞങ്ങൾ ഇതിന് ഇട്ടുകൊടുത്ത പേരാണ് മോഹൻലാൽ’ സെറ്റിൽമെന്റുകളിൽ നിന്നു മീൻപിടിക്കാനെത്തുന്നവരും ഉദ്യോഗസ്ഥരും മാത്രമേ ഇന്നു പെരിയാർ‍ തടാകത്തിന്റെ കരയിലുള്ളൂ. തേക്കടിയിൽ സഞ്ചാരികളെത്താതായിട്ടു മാസം മൂന്നായി. പ്രതിവർഷം 5–7 ലക്ഷത്തിനിടയിൽ സ‍ഞ്ചാരികളെത്തിയിരുന്നു േതക്കടിയിൽ.

സഞ്ചാരികളില്ലാതായതോടെ അവരെ വിശ്വസിച്ചു ജീവിതം മുന്നോട്ടു നീക്കിയ പ്രദേശവാസികൾ തീരാദുരിതത്തിലായി. വന്യജീവി സങ്കേതത്തിനുള്ളിലേക്കു സഞ്ചാരികളെയും കൊണ്ടുപോയിരുന്ന വാഹനങ്ങൾ പാർക്കിങ് ഗ്രൗണ്ടിൽ നോക്കുകുത്തികളായി കിടക്കുന്നു. തേക്കടിയിൽ പകൽ ഡ്യൂട്ടി എടുത്തിരുന്ന വാച്ചർമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കു നിയോഗിക്കപ്പെട്ടു. ഗൈഡുമാർ പലരും കൂലിപ്പണിക്കു പോയിത്തുടങ്ങി. കച്ചവട സ്ഥാപനങ്ങൾ പൂർണമായും അടച്ചുപൂട്ടി.

ജീവിതം വഴിമുട്ടി ഗൈഡുമാർ

തേക്കടിയിലെത്തുന്ന സഞ്ചാരികകളെ അവിടത്തെ വിസ്മയങ്ങളിലേക്കു നയിക്കുന്ന ഗൈഡുകൾ പട്ടിണിയിലാണ്.സർക്കാർ ലൈസൻസ്ഡ് ഗൈഡുമാരായ 20ൽ അധികം പേരുണ്ട് തേക്കടിയിൽ. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരും ഒട്ടേറെ. ഒരു പതിറ്റാണ്ടു മുൻപു നടന്ന തേക്കടി ബോട്ട് അപകടം തൊട്ടു പിന്നാലെ വന്ന ഓരോ പ്രശ്നങ്ങളും ഇവരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കി.

കോവിഡ് മൂലം സഞ്ചാരികൾ എത്താതാവുന്നതോടെ വരുമാനം പൂർണമായും നിലച്ചു. പലരും ഇന്നു കുടുംബം പുലർത്താനായി കൂലിപ്പണിക്ക് ഇറങ്ങിത്തുടങ്ങി. ചിലർ സ്വന്തം തോട്ടത്തിൽ കൃഷിപ്പണിയുമായി മുന്നോട്ടു പോകുന്നു. ഒന്നോ രണ്ടോ മാസങ്ങൾകൊണ്ടു കോവിഡ് ഭീതിയിൽ നിന്നു രാജ്യം മുക്തമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. 6 മാസത്തിനുള്ളിൽ ആഭ്യന്തര ടൂറിസം പുനഃസ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനമാണ് ഇന്ന് ഇവർക്കു മുന്നോട്ടു പോകാനുള്ള ഊർജം.

കടകൾ അടഞ്ഞ് മാസങ്ങൾ

വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് തേക്കടിയിലെ കശ്മീരി വസ്ത്രങ്ങൾ. കശ്മീരിൽ നിന്നു കുമളിയിൽ കുടുംബമായെത്തി താമസിക്കുന്ന നൂറിലധികം കച്ചവടക്കാരുണ്ടിവിടെ. പലരും തിരിച്ചുപോയി. ചിലർ തിരിച്ചുപോകാൻ ഒരുങ്ങുന്നു.  ഒരു നിവൃത്തിയുമില്ലാത്തവർ ഇവിടെ തന്നെ കഴിഞ്ഞുകൂടുന്നു. കുമളി ടൗണിലെ 90 ശതമാനം കച്ചവടസ്ഥാപനങ്ങളും വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ളവയാണ്.

പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ചതു മുതൽ ഈ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. സുഗന്ധ വ്യഞ്ജനങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയാണ് പ്രധാനമായും വിൽപന. സഞ്ചാരികൾ ഇല്ലാതായ അന്നു മുതൽ എല്ലാവരും കടകൾ അടച്ചു. മാസത്തിൽ 5 ദിവസം ശബരിമലയിലേക്കെത്തുന്നവരുടെ കച്ചവടം തകൃതിയായി നടക്കും. 

ഇപ്പോൾ കോട്ടയം റോഡും തേക്കടി റോഡുമെല്ലാം പൂർണമായും അടഞ്ഞു കിടക്കുന്നു. സഞ്ചാരികളെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഹോട്ടൽ, ഹോംസ്റ്റേ, കോഫി ഷോപ്പുകൾ എന്നിവയുടെ അവസ്ഥയും വ്യത്യസ്തമല്ല.  രാമക്കൽമേട്ടിൽ നിന്നു നോക്കിയാൽ താഴെ തെളിഞ്ഞ് തമിഴ്നാട് കാണാമായിരുന്നു. എന്നാൽ‌ ഇപ്പോൾ ദുരിതക്കാഴ്ചകളേ രാമക്കൽമേട്ടിലുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com