ADVERTISEMENT

അടുത്തു തന്നെ എവിടേക്കെങ്കിലും യാത്ര പോകണമെന്ന് ആലോചിച്ചിരിക്കുന്നവര്‍ക്കായി നാഗ്പൂര്‍ പൊലീസിന്‍റെ ട്രാവല്‍ കോണ്ടസ്റ്റ്. സൗജന്യമായി ഒരു വിദേശയാത്ര തരപ്പെടുത്താം എന്ന് കരുതി മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം നല്ല അസ്സല്‍ പണിയാണ് കിട്ടിയത്!ന്യൂസിലാന്റ്, മെക്സിക്കോ, കാനഡ, ഇംഗ്ലണ്ട്, ബ്രസീൽ എന്നിവയടക്കമുള്ള പല രാജ്യങ്ങളും യാത്ര വിജയികള്‍ക്ക് പോകാനാവുന്ന വിദേശരാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്. നിങ്ങൾ ചെയ്യേണ്ടത് അടിക്കുറിപ്പിലെ നിർദ്ദേശങ്ങൾ പാലിച്ച് ചെറിയ ഒരു ഗണിതപ്രശ്നം പരിഹരിക്കുക എന്നതു മാത്രമാണ്.

ഇതിന്‍റെ ഉത്തരം ലിസ്റ്റിലെ നമ്പറുമായി മാച്ച് ചെയ്യുകയാണ് വേണ്ടത്. ഈ നമ്പരില്‍ ഉള്ള സ്ഥലത്തേക്കായിരിക്കും സൗജന്യ ട്രിപ്പ് ലഭിക്കുക.

ഈ മത്സരത്തെ സംബന്ധിച്ച് നാഗ്പൂർ പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ; 1 നും 9 നും ഇടയിൽ ഒരു നമ്പർ തിരഞ്ഞെടുക്കുക. ഇതിനെ 3 കൊണ്ട് ഗുണിക്കുക. അതിനോട് 3 കൂട്ടുക. ഇത് വീണ്ടും 3 കൊണ്ട് ഗുണിക്കുക. അപ്പോള്‍ ലഭിക്കുന്ന രണ്ടക്ക നമ്പറിലെ സംഖ്യകള്‍ തമ്മില്‍ കൂട്ടുക. നിങ്ങൾ എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് ഈ നമ്പര്‍ ആണ്. പട്ടികയില്‍ അതേ നമ്പറില്‍ കൊടുത്തിരിക്കുന്ന രാജ്യത്തേക്കായിരിക്കും വിജയിക്കുകയാണെങ്കില്‍ നിങ്ങളുടെ യാത്ര.

എന്നാല്‍ ഇത് ചെയ്താല്‍ കിട്ടുന്ന ഉത്തരം 9 ആണെങ്കിലോ? 'വീട്ടില്‍ത്തന്നെ ഇരിക്കുക' എന്നതാണ് ലിസ്റ്റില്‍ ഒന്‍പതാമതായി ചേര്‍ത്തിരിക്കുന്നത്. ഈ ഗണിതപ്രശ്നം ചെയ്താല്‍ ഉത്തരം എല്ലായ്പ്പോഴും 9 മാത്രമേ വരൂ എന്നതാണ് ഇതിലെ ട്രിക്ക്! ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരോടും വീട്ടില്‍ത്തന്നെ ഇരിക്കാനാണ് നാഗ്പൂര്‍ പൊലീസ് പറയുന്നത് എന്നര്‍ത്ഥം!

എന്തായാലും വല്ലാത്ത പണി ആയിപ്പോയെന്ന അർഥത്തിലുള്ള കമന്റുകളാണ് ആളുകൾ പോസ്റ്റിനടിയിൽ ചെയ്തിരിക്കുന്നത്. പൊലീസിനെ അഭിനന്ദിക്കുന്നവരും കുറവല്ല.

മഹാരാഷ്ട്രയിൽ കോവിഡ് -19 കേസുകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതിനെ തുടര്‍ന്ന് ജൂലൈ 31 വരെ സംസ്ഥാനവ്യാപകമായി ലോക്ക്ഡൌൺ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ. മഹാരാഷ്ട്രയിൽ ഇതുവരെ 1.6 ലക്ഷം കൊറോണ വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com