ADVERTISEMENT

കൊറോണ വൈറസ് മൂലം മാർച്ചിൽ ആരംഭിച്ച 126 ദിവസത്തെ ലോക്ക്ഡൌണ്‍ കാലത്തിനു ശേഷം തിങ്കളാഴ്ച പെറുവിലുടനീളമുള്ള റെസ്റ്റോറന്റുകൾ വീണ്ടും തുറന്നു. ആളുകളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് രാജ്യത്തിനെ സാമ്പത്തികമായി പുനഃപ്രവര്‍ത്തന സജ്ജമാക്കുന്നതിന്‍റെ മൂന്നാംഘട്ടത്തിലാണ് പെറു ഇപ്പോള്‍.

സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇവിടങ്ങളില്‍ 40 ശതമാനം ശേഷിയിലായിരിക്കും പ്രവര്‍ത്തനം. അതിനാല്‍ രണ്ടു ഇരിപ്പിടങ്ങള്‍ക്കിടയില്‍ മിനിമം രണ്ടു മീറ്റര്‍ അകലം പാലിക്കണം. ടൂറിസ്റ്റുകളുടെ വരവ് തീരെ നിലച്ച അവസ്ഥയാണ് പെറുവിലെങ്ങും. കൊറോണയ്ക്ക് മുന്‍പ് സഞ്ചാരികളെക്കൊണ്ടു നിറഞ്ഞ തെരുവുകളും റെസ്റ്റോറന്റുകളുമെല്ലാം ശൂന്യമാണ്.

കോവിഡ് 19 പകർച്ചവ്യാധി ആരംഭിക്കുന്നതിന് മുമ്പ് പെറുവിൽ 220,000 റെസ്റ്റോറന്റുകൾ ഉണ്ടായിരുന്നുവെന്ന് റെസ്റ്റോറേറ്റേഴ്സ് യൂണിയൻ പറയുന്നു. 2019 ൽ ഈ ബിസിനസുകളില്‍ നിന്നുള്ള മൊത്തം വാർഷിക വരുമാനം അഞ്ച് ബില്യൺ യുഎസ് ഡോളറായിരുന്നു. മാർച്ചിൽ ആരംഭിച്ച കർശനമായ ലോക്ക്ഡൌണ്‍ മൂലം പെറുവിലാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. 

രാജ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രക്രിയക്കിടയില്‍ മറ്റെല്ലാത്തിനേക്കാളും പൊതുജനാരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകണമെന്ന്, പുതിയ നടപടിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രോട്ടോക്കോളുകള്‍ തയ്യാറാക്കാൻ സഹായിച്ച സെന്റർ ഫോർ ട്രെയിനിംഗ് ഇൻ ടൂറിസം (സെൻഫോടൂർ) ഡയറക്ടർ മഡലീൻ ബേൺസ് പറഞ്ഞു. റെസ്റ്റോറന്റ് ഉടമകൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവര്‍ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാല്‍ സുരക്ഷ ഉറപ്പുവരുത്താനാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പെറുവില്‍ ഇക്കഴിഞ്ഞ ജൂലൈ 1 നാണ് സാമ്പത്തിക പുനരുജ്ജീവന പരിപാടിയുടെ മൂന്നാം ഘട്ടം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി റെസ്റ്റോറന്റുകളും സേവന മേഖലയിലെ ബിസിനസുകളും വീണ്ടും തുറക്കാൻ അനുവാദം നല്‍കിയിരുന്നു. 

തെക്കേ അമേരിക്കയിലെ ഏറ്റവും ആകർഷകമായ രാജ്യങ്ങളിലൊന്നാണ് പെറു. മാച്ചു പിച്ചുവിലെ ഇങ്കാ സിറ്റാഡല്‍, മനോഹരമായ നാസ്ക ലൈന്‍സ് തുടങ്ങി ഭൂതകാലത്തിന്‍റെ സ്മരണകള്‍ അവശേഷിപ്പുകളായി പേറുന്ന ഈ രാജ്യം സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ്. അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യം പേറുന്ന ആമസോൺ കാടുകളും വിശാലമായ തീരദേശ മരുഭൂമികളും ആൻഡീസിലെ മഞ്ഞുമലകളുമെല്ലാം സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമികളാണ്. വർണ്ണാഭമായ പാരമ്പര്യങ്ങളും ഭക്ഷണ വിഭവങ്ങളുമെല്ലാം നിറഞ്ഞ പെറൂവിയന്‍ സംസ്കാരം, ഡസൻ കണക്കിന് വ്യത്യസ്ത തദ്ദേശീയ ഗ്രൂപ്പുകളുടെയും മെസ്റ്റിസോകളുടെയും ആകർഷകമായ മിശ്രിതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com