sections
MORE

ചെന്നൈയിൽ നിന്ന് മധുരയിലേക്ക് 'പറന്നെത്താം'; വേഗം കൂട്ടി ട്രെയിൻ യാത്ര!

train
Representative Image
SHARE

ചെന്നൈ - മധുര വിഭാഗത്തിൽ ഓടുന്ന ട്രെയിനുകളുടെ യാത്രാ സമയം 25 മിനിറ്റ് കുറയ്ക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഈ റൂട്ടില്‍ ഓടുന്ന ട്രെയിനുകളുടെ വേഗത പരിധി 100 ൽ നിന്ന് 110 കിലോമീറ്ററായി ഉയർത്താൻ റെയിൽവേ സുരക്ഷാ കമ്മീഷണർ (സിആർ‌എസ്) അനുമതി നൽകി. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായി രണ്ടു വർഷത്തിന് ശേഷമാണ് ഈ വേഗതാ മാറ്റത്തിന് നാന്ദി കുറിക്കുന്നത്.

ചെന്നൈ എഗ്മോറിനും മധുരയ്ക്കുമിടയിൽ ചെങ്കൽപട്ടു, വില്ലുപുരം, അരിയലൂർ, തിരുച്ചി, ദിണ്ടിഗുൾ വഴി കടന്നുപോകുന്ന 495 കിലോമീറ്റർ ദൈർഘ്യമുള്ള റെയില്‍പ്പാതയിലാണ് 110 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടുക. പണി പൂര്‍ത്തിയാക്കുന്നതിനായി അന്തിമ തീയതി നിശ്ചയിച്ചിട്ടില്ല. ലോക്ക്ഡൗൺ കഴിഞ്ഞ് എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

വേഗതാ പരിധി വർദ്ധിപ്പിക്കുന്നതിന് മുമ്പ് സതേൺ റെയിൽ‌വേയില്‍ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് സതേൺ സർക്കിള്‍ സിആര്‍എസ് കെ എ മനോഹരൻ നിര്‍ദ്ദേശിച്ചു. നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വേഗത കൂടിയ ട്രെയിനുകള്‍ ഓടിക്കാന്‍ ആരംഭിക്കുന്ന തീയതി അറിയിക്കണമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിആർ‌എസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

നിലവിൽ, ചെന്നൈ - മധുര തേജസ് എക്സ്പ്രസ് ആണ് ഈ റൂട്ടില്‍ ഓടുന്ന ഏറ്റവും വേഗതയുള്ള ട്രെയിന്‍. റെയില്‍വേയുടെ കണക്കുകള്‍ അനുസരിച്ച് 495 കിലോമീറ്റർ ദൂരം 6 മണിക്കൂർ 30 മിനിറ്റിനുള്ളിലാണ് ഈ ട്രയിന്‍ താണ്ടുന്നത്. തിരുച്ചി, കൊടൈ റോഡ് സ്റ്റേഷനുകളിൽ സ്റ്റോപ്പുകളും ഈ ട്രെയിനിനുണ്ട്. ഫ്ലാഗ്ഷിപ്പ് ട്രെയിനുകളായ പാണ്ഡ്യൻ, നെല്ലായ്, പേൾ സിറ്റി എക്സ്പ്രസ് എന്നിവയാകട്ടെ, ഇതേ യാത്രയ്ക്ക് 7 മണിക്കൂർ 50 മിനിറ്റ് മുതൽ 8 മണിക്കൂർ 20 മിനിറ്റ് വരെയാണ് സമയമെടുക്കുന്നത്. 

നീണ്ട കാലതാമസത്തിനുശേഷമാണ് 2018 ഫെബ്രുവരിയിൽ ചെന്നൈയ്ക്കും മധുരയ്ക്കും ഇടയിലുള്ള റൂട്ടില്‍ ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയായത്. തിരുച്ചിക്കും ദിണ്ടിഗലിനും ഇടയിലുള്ള താമരൈപാടി - കൽപ്പാത്തി ചതിരം ഭാഗത്ത് വരുന്ന 25 കിലോമീറ്റർ ട്രാക്കാണ് ഈ വിഭാഗത്തിൽ ഏറ്റവും അവസാനം പൂര്‍ത്തിയായത്.

നിലവില്‍ തിരുച്ചിക്കും മധുരയ്ക്കുമിടയിൽ 14 പ്രതിദിന എക്സ്പ്രസുകളും 17 പ്രതിവാര പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട്. ഈ റൂട്ടില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മെച്ചപ്പെട്ട വേഗതയ്ക്കു വേണ്ടി ട്രാക്ക് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നിരവധി നടത്തിയിരുന്നു.  എന്നാല്‍ പുതുതായി വരുന്ന സ്വകാര്യ ട്രെയിന്‍ പദ്ധതിയുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Travel Between Chennai and Madurai to be 25 Minutes Quicker as Trains Get Nod to up Speed

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA