ADVERTISEMENT

സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് യൂറോപ്പിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗ്രീസ്. സമ്പന്നമായ സംസ്കാരവും ആരെയും ആകര്‍ഷിക്കുന്ന പ്രകൃതിരമണീയതയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാഷ്ട്രീയബോധവുമെല്ലാം ഗ്രീസിനെ എക്കാലത്തും വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങളാണ്. ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസ് ഗ്രീസിനേയും ബാധിച്ചെങ്കിലും തിരിച്ചുവരവിന്‍റെ പാതയിലായിരുന്ന് രാജ്യം. ഇപ്പോഴിതാ സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിന്‍റെ ഭാഗമായി വീണ്ടും ലോക്ഡൗണ്‍ നടപടികള്‍ക്ക് ഒരുങ്ങുകയാണ് രാജ്യം. ഇന്നു മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാക്കിസ് അറിയിച്ചു.

സൂപ്പർമാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള എല്ലാ കടകളും അടയ്ക്കുകയും ഒരു പ്രദേശത്തു നിന്നും മറ്റൊരു പ്രദേശത്തേക്കുള്ള യാത്ര നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ജോലിക്ക് പോവുന്നവരും അത്യാവശ്യങ്ങൾക്കായി ഷോപ്പിങ് നടത്തുന്നവരും ആശുപത്രിയിലേക്ക് പോകുന്നവരും വ്യായാമം ചെയ്യാന്‍ പുറത്തിറങ്ങുന്നവര്‍ക്കും അനുമതി തേടുന്നതിനായി ടെക്സ്റ്റ് മെസേജിംഗ് സംവിധാനവും വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. ഹൈസ്കൂളുകള്‍ അടക്കുകയും വിദൂരപഠനസൗകര്യം ലഭ്യമാക്കുകയും ചെയ്യും. എന്നാല്‍ മുന്നത്തെ ലോക്ഡൗണ് കാലത്തില്‍ നിന്നും വ്യത്യസ്തമായി കിന്‍റർഗാർട്ടനുകളും പ്രൈമറി സ്കൂളുകളും തുറന്നിരിക്കും. പള്ളികൾ തുറന്നു പ്രവര്‍ത്തിക്കുമോ എന്ന് വ്യക്തമല്ല.

ബാറുകൾ, റെസ്റ്റോറന്റുകൾ, അത്യാവശ്യമല്ലാത്ത ബിസിനസുകൾ എന്നിവ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇന്ന് പ്രാബല്യത്തിൽ വരുന്ന ലോക്ഡൗണ്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും നിലനിൽക്കും. കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായ വർദ്ധനവാണ് ഇത്തരമൊരു നടപടിയെടുക്കാൻ തന്നെ നിർബന്ധിതനാക്കിയതെന്ന് മിറ്റ്സോതാക്കിസ് പറഞ്ഞു. നിലവില്‍ നടപ്പിലാക്കി വരുന്ന നടപടികള്‍ എത്രത്തോളം ഫലപ്രദമാണെന്നറിയാനും ആശുപത്രികളില്‍ ആളുകള്‍ നിറഞ്ഞു കവിയാനും കാത്തിരിക്കാനാവില്ല എന്നും മിറ്റ്സോതാക്കിസ് കൂട്ടിച്ചേർത്തു.

പല യൂറോപ്യൻ രാജ്യങ്ങളേക്കാളും മികച്ച രീതിയില്‍ കൊറോണ തരംഗത്തെ നേരിട്ട ഗ്രീസിലെ വൈറസ് കേസുകൾ വേനൽക്കാലത്താണ് ക്രമേണ ഉയരാൻ തുടങ്ങിയത്. സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ പകുതി വരെയുള്ള സമയത്ത്, അണുബാധകൾ 400 വരെ ഉയരുകയും ഈയടുത്ത ദിവസങ്ങളിൽ ഇത് ഇരട്ടിയായി വർദ്ധിക്കുകയും ചെയ്തിരുന്നു. 2,646 പുതിയ കൊറോണ അണുബാധകളും 18 മരണങ്ങളുമായി ഇക്കഴിഞ്ഞ ബുധനാഴ്ച ഗ്രീസില്‍ റെക്കോര്‍ഡ് വർധനവാണ് രേഖപ്പെടുത്തിയത്.

ഏഥൻസിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ 72 ശതമാനവും വടക്കൻ ഗ്രീസിൽ 80-90 ശതമാനവും ഇതിനോടകം നിറഞ്ഞുകഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വാസിലിസ് കിക്കിലിയാസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഇത് വെറും 20 ശതമാനമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് പൗരന്‍മാര്‍ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ സമയത്ത് ഗ്രീക്ക് വിമാനത്താവളങ്ങൾ പ്രവർത്തനം തുടരുമെങ്കിലും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ ഏവിയേഷൻ ഡെപ്യൂട്ടി മന്ത്രി നിക്കോസ് ഹർദാലിയാസ് പറഞ്ഞു. വിദേശത്ത് നിന്ന് ഗ്രീസിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ, 48 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം കാണിച്ചാല്‍ മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. കര അതിർത്തികൾ വഴി രാജ്യത്ത് പ്രവേശിക്കുന്ന ആളുകളാവട്ടെ എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം കാണിക്കണം.

ഗ്രീസിന്‍റെ സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമാണ് ടൂറിസം. മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ 20 ശതമാനത്തിലേറെ ലഭിക്കുന്നത് വിനോദസഞ്ചാരം വഴിയാണ്. സമീപ വർഷങ്ങളിൽ യൂറോപ്പിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച രാജ്യമാണ് ഗ്രീസ്.

2010 ൽ, ലോൺലി പ്ലാനറ്റ് ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനിക്കിയെ ലോകത്തെ അഞ്ചാമത്തെ മികച്ച പാർട്ടി ടൗണായി തിരഞ്ഞെടുത്തിരുന്നു. 2011 ൽ ട്രാവൽ + ലഷര്‍ മാഗസിന്‍ ഗ്രീസിലെ സാന്റോറിനിയെ "ലോകത്തിലെ ഏറ്റവും മികച്ച ദ്വീപ്" ആയി പ്രഖ്യാപിച്ചു. ഗ്രീസിൽ മൊത്തം 18 യുനെസ്കോ ലോക പൈതൃക സൈറ്റുകളുണ്ട്. ഇതുകൂടാതെ നാമനിർ‌ദ്ദേശത്തിനായി കാത്തിരിക്കുന്ന 14 സൈറ്റുകൾ‌ താൽ‌ക്കാലിക പട്ടികയിലും ഇടംനേടി‌. സൈറ്റുകളുടെ എണ്ണത്തില്‍ ലോകത്ത് 16-ാം സ്ഥാനത്താണ് ഗ്രീസ്.

English Summary: Greece Announces Second Lockdown To Curb Covid Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com