ADVERTISEMENT

സിപ്ലൈന്‍ യാത്ര ഇഷ്ടമുള്ള സാഹസിക വിനോദ സഞ്ചാരികള്‍ക്കായി വ്യത്യസ്തമായ റൈഡ് ഒരുക്കി ജാപ്പനീസ് തീം പാര്‍ക്ക്‌. ഭീകരമായ ഒരു ഗോഡ്സില്ല പ്രതിമയുടെ വായിലാണ് ഈ സിപ്ലൈന്‍ ചെന്നവസാനിക്കുന്നത് എന്നതാണ് ഈ കിടിലന്‍ റൈഡിന്‍റെ പ്രത്യേകത. ജപ്പാനിലെ അവാജി ദ്വീപിലെ 'നിജിജെന്‍ നോ മോറി' തീം പാര്‍ക്കിലാണ് പേടിയും ഒപ്പം ത്രില്ലും സമ്മാനിക്കുന്ന ഈ അനുഭവം ഉള്ളത്. ഇവിടുത്തെ പുതിയ ആകര്‍ഷണമായ 'ഗോഡ്സില്ല ഇന്‍റര്‍സെപ്ഷന്‍ ഓപ്പറേഷ'ന്‍റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ക്കാണ് ഇത് സഞ്ചാരികള്‍ക്കായി തുറന്നത്.

തീം പാര്‍ക്കിന്‍റെ ഹൃദയഭാഗത്തായി സ്ഥാപിച്ചതിനാല്‍ ഇവിടെയെത്തുന്ന ആര്‍ക്കും ആദ്യം തന്നെ ദൃശ്യമാവുക ഈ പ്രതിമയാണ്. ഏകദേശം 20 മീറ്റര്‍ ഉയരവും 25 മീറ്റര്‍ വീതിയും 55 മീറ്റര്‍ നീളവുമാണ് ഈ ഭീകരന്‍ ഗോഡ്സില്ല പ്രതിമയ്ക്കുള്ളത്. 'ഗോഡ്സില്ലയെ കീഴടക്കാ'നുള്ള വെല്ലുവിളി ഏറ്റെടുക്കുന്ന സഞ്ചാരികള്‍ ഒരു കൂട്ടം 'മിഷനു'കളിലൂടെ കടന്നു പോകണം. അതിനായി ആദ്യം തന്നെ 'നാഷണല്‍ അവാജി ഐലന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗോഡ്സില്ല ഡിസാസ്റ്റര്‍' അംഗത്വം എടുക്കണം. അതിനു ശേഷം എങ്ങനെയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ഏഴു മിനിറ്റ് ചലച്ചിത്രം സഞ്ചാരികളെ കാണിക്കും. 

ഗോഡ്സില്ലയുടെ വായിലേക്ക് സിപ്ലൈനില്‍ ചെന്നെത്തിച്ചേരുക മാത്രമല്ല, കഥയനുസരിച്ച് 'അത് കൂടുതല്‍ വളരാതിരിക്കാ'നായി അതിനെ എയ്യുകയും വേണം. ഇനി ഗെയിമില്‍ പങ്കെടുക്കാതെ വെറും സിപ്ലൈന്‍ യാത്ര മാത്രം മതി എന്നുള്ളവര്‍ക്ക്, പ്രതിമയുടെ വായ്ക്കുള്ളിലേക്ക് നയിക്കാത്ത വേറെയും സിപ്ലൈനുകള്‍ ഉണ്ട്. ഏകദേശം 15 മീറ്റര്‍ ഉയരവും 162 മീറ്റര്‍ നീളവുമാണ് ഈ സിപ്ലൈനിനുള്ളത്. 

സോഷ്യല്‍മീഡിയയിലും മറ്റും പങ്കുവെക്കാനായി ഫോട്ടോകളും വീഡിയോകളും എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ഒരു കിറ്റും സഞ്ചാരികള്‍ക്ക് നല്‍കും. അതിനാല്‍, ഫോണ്‍ താഴെപ്പോകും എന്ന പേടിയില്ലാതെ തന്നെ ഫോട്ടോ എടുക്കാം. 

ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന മറ്റു ആക്റ്റിവിറ്റികളും ഉണ്ട്. പാര്‍ക്കിനു ചുറ്റുമായി നടന്ന് തെളിവുകള്‍ ശേഖരിച്ച്, ദുരൂഹതകളുടെ ചുരുളഴിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഇതില്‍ വിജയികളാവുന്നവര്‍ക്ക് ഒരു 'പേപ്പര്‍ ഗോഡ്സില്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഐഡി കാര്‍ഡ്' സമ്മാനമായി നല്‍കും. 

ലോകത്തിലെ ആദ്യത്തെ സ്ഥിര ഗോഡ്സില്ല മ്യൂസിയവും ഈ തീം പാര്‍ക്കിനുള്ളിലാണ് ഉള്ളത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഗോഡ്സില്ല സിനിമയുടെ സ്പെഷ്യല്‍ ഇഫക്റ്റുകള്‍ ഒരുക്കിയ ടോഹോ വിഷ്വല്‍ ആര്‍ട്ട് കമ്പനിയുമായി ചേര്‍ന്നാണ് ഇത് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ, സിനിമയില്‍ ഉപയോഗിച്ച നൂറോളം വസ്തുക്കള്‍ ഇവിടെ നേരിട്ട് കാണാം. 1954-ലെ ആദ്യത്തെ ഗോഡ്സില്ല സിനിമയില്‍ ഉപയോഗിച്ച വസ്തുക്കള്‍ വരെ ഇവിടെയുണ്ട്.

കോവിഡ് മൂലം വിദേശയാത്രകള്‍ക്ക് വിലക്കുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാര്‍ക്കില്‍ ഇക്കുറി എത്തുന്ന പ്രാദേശിക ടൂറിസ്റ്റുകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. ശരീരതാപനില പരിശോധന അടക്കമുള്ള കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് പാര്‍ക്കിനുള്ളില്‍ അതിഥികളെ സ്വീകരിക്കുന്നത്.

English Summary: Godzilla theme park in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com