ADVERTISEMENT

തിരുവനന്തപുരം ∙ ശംഖുമുഖത്തെ സാഗര കന്യക ശിൽപത്തിന്റെ ശോഭ കെടുത്തുന്ന ഹെലികോപ്റ്റർ സമീപത്തു നിന്നു മാറ്റാൻ സർക്കാർ തീരുമാനിക്കുമ്പോൾ സന്തോഷിക്കുന്നത് ശിൽപി കാനായി  കുഞ്ഞിരാമൻ മാത്രമല്ല; ആ ശിൽപത്തെ നെഞ്ചേറ്റിയ കലാലോകം ആകെയാണ്. മൂന്നു പതിറ്റാണ്ട് മുൻപ് ഒന്നര വർഷം നീണ്ട അധ്വാനത്തിലൂടെ നാടിനു സമർപ്പിച്ച ശിൽപത്തിന്റെ ആസ്വാദന ഭംഗി നിലനിർത്താൻ ശിൽപി നടത്തിയ പോരാട്ടത്തിന്റെ കൂടി വിജയമാണിത്. 

അദ്ദേഹത്തിന്റെ ഹൃദയ വികാരം ഏറ്റെടുത്ത് മലയാള മനോരമ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ വാർത്തകളും അതിനെ പിന്തുണച്ച സാംസ്കാരിക നായകരുടെ പ്രതികരണങ്ങളുമാണ്  ഇതുവരെ മൗനം പാലിച്ച സർക്കാറിനും തെറ്റ് തിരുത്താൻ  പ്രേരകമായത്. സാഗര കന്യക ശിൽപവും അനുബന്ധമായി ശിൽപോദ്യാനവും കാനായി രൂപപ്പെടുത്തിയപ്പോൾ ശിൽപിയുടെ അനുവാദം ഇല്ലാതെ അവിടെ മറ്റൊന്നും ചെയ്യിലെന്നു ടൂറിസം വകുപ്പ് കാനായിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതു ലംഘിച്ചാണ് ഏതാനും മാസം മുൻപ് ലോക്ഡൗണിനിടെ വ്യോമസേനയുടെ പഴയ ഹെലികോപ്റ്റർ ടൂറിസം വകുപ്പ് ഇവിടെ സ്ഥാപിച്ചത്.

ശിൽപത്തെ അപ്രസക്തമാക്കുന്ന തരത്തിൽ 50 മീറ്റർ മാത്രം അകലെ ആറടി ഉയരത്തിൽ പ്ലാറ്റ്ഫോം കെട്ടിയാണു ശിൽപത്തോളം വലുപ്പമുള്ള ഹെലികോപ്റ്റർ സ്ഥാപിച്ചത്. ഇതിനു ശേഷമാണു കാനായി ഈ വിവരം അറിഞ്ഞത്. ശംഖുമുഖത്തു നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തന്റെ ശിൽപത്തോടു ടൂറിസം വകുപ്പ് ചെയ്ത ക്രൂര കൃത്യം അദ്ദേഹം നേരിൽ കണ്ടത് . ഇതിനെതിരെ അന്നു കാനായി നടത്തിയ വൈകാരിക പ്രതികരണം ഏറെ ചർച്ചയാകുകയും ചെയ്തു. തന്റെ ഹൃദയ വേദന സർക്കാർ കാണുമെന്നായിരുന്നു കാനായിയുടെ വിശ്വാസം.

ഹെലികോപ്റ്റർ മാറ്റി സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട അദ്ദേഹം പ്രതീക്ഷയോടെ കാത്തിരുന്നു.  എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ടൂറിസം വകുപ്പ് അനങ്ങിയില്ല. ഒടുവിൽ കാനായിയെ അപമാനിച്ച നടപടിക്കെതിരെ മനോരമ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത കലാകേരളം ഏറ്റെടുത്തതിനു പിന്നാലെയാണ്  സർക്കാർ തെറ്റുതിരുത്താൻ തയാറായത്. എഴുത്തുകാരായ എം.കെ.സാനു, സക്കറിയ, സാറ തോമസ്, സൂര്യ കൃഷ്ണമൂർത്തി, ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, ആർട്ടിസ്റ്റ് കുര്യൻ ശബരിഗിരി , എം.വി.ദേവൻ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർഥ തുടങ്ങിയവരും കലാബോധമില്ലാത്ത സർക്കാർ നടപടിക്കെതിരായ പ്രതിഷേധം മനോരമയിലൂടെ വ്യക്തമാക്കിയിരുന്നു.

English Summary: Sagarakanyaka Statue Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com