ADVERTISEMENT

കോവിഡ് കാലത്ത് സഞ്ചാരികളുടെ ലിസ്റ്റിൽ ഇടംപിടിച്ച ഒരു വാക്കാണ്‌ 'വാക്സിന്‍ ടൂറിസം'. വാക്സിന്‍ ലഭ്യത കുറവുള്ള രാജ്യങ്ങളില്‍ വളര്‍ന്നു വരുന്ന ഒരു പ്രവണതയാണിത്‌. ഇന്ത്യയിൽ, വാക്സിന്‍ ടൂറിസം എന്ന ആശയം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പ്രചാരം നേടിയത്. വാക്സിന്‍ ഷോട്ടുകള്‍ക്കൊപ്പം മറ്റു രാജ്യങ്ങളിലേക്ക് ടൂര്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്ത് നിരവധി ടൂർ ഓപ്പറേറ്റർമാർ രംഗത്തെത്തിയിരുന്നു.

ഇങ്ങനെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെങ്ങും വൈറലായ ഒരു വാര്‍ത്തയാണ് ദുബായില്‍ നിന്നുള്ള അറേബ്യൻ നൈറ്റ്സ് ടൂർസ് കമ്പനി സംഘടിപ്പിക്കുന്ന റഷ്യന്‍ യാത്രാ പാക്കേജ്. ഡൽഹിയിൽ നിന്ന് മോസ്കോയിലേക്ക് 24 ദിവസത്തെ പാക്കേജ് ആണിത്. യാത്ര ചെയ്യുന്നവര്‍ക്ക് റഷ്യൻ സ്പുട്നിക്-വി വാക്സിന്‍റെ രണ്ട് ഷോട്ടുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. 1.3 ലക്ഷം രൂപയുടെ ടൂർ പാക്കേജില്‍ രണ്ടു ജാബുകള്‍ക്കിടയില്‍ റഷ്യയിലുടനീളം 20 ദിവസത്തെ യാത്ര നടത്താമെന്ന് പറയുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. 20 ദിവസത്തെ ഹോട്ടല്‍ താമസവും ഭക്ഷണവും ഫളൈറ്റ് ചാര്‍ജുകളും എല്ലാം ഉള്‍പ്പെടുന്ന ടൂര്‍ പാക്കേജ് ഹിറ്റായി മാറി. 

എന്നാൽ, താമസിയാതെ അറേബ്യൻ നൈറ്റ്സ് ടൂർസ് വെബ്സൈറ്റിൽ നിന്ന് ഈ പാക്കേജ് അപ്രത്യക്ഷമായി. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ അന്വേഷണങ്ങള്‍ കൂടിയതോടെയാണ് കമ്പനി ഇത് എടുത്തു മാറ്റിയത്.

നിലവില്‍ ഈ പാക്കേജ് അവതരിപ്പിച്ചിട്ടില്ല. കമ്പനി ഇത്തരമൊരു പാക്കേജിനെക്കുറിച്ച് ആലോചിക്കുകയും അതിനായി ഫ്ലയര്‍ ഡിസൈന്‍ ചെയ്യുകയും ചെയ്തിരുന്നു. മാര്‍ക്കറ്റിങ് ടീമിന്‍റെ നിന്നും അബദ്ധവശാല്‍ ലീക്കാവുകയായിരുന്നു എന്ന് കമ്പനി പ്രതിനിധി ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. യാത്രക്കാർക്ക് വാക്സിൻ നല്‍കുന്നതിനെക്കുറിച്ച് റഷ്യൻ സർക്കാരിൽ നിന്ന് കമ്പനിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അധികം താമസിയാതെ ഈ പ്ലാന്‍ നടപ്പിലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ പാക്കേജിനായി കമ്പനി ഇതുവരെ ആരില്‍ നിന്നും പണം സ്വീകരിച്ചിട്ടില്ല എന്നും പ്രതിനിധി അറിയിച്ചു.

നെഗറ്റീവ് പി‌സി‌ആർ റിപ്പോർട്ടിനൊപ്പം ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. മാത്രമല്ല, ഇങ്ങനെയുള്ളവര്‍ക്ക് ക്വാറന്റീന്‍ നിബന്ധനയുമില്ല. വാക്സിനേഷൻ പ്രദേശവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്താത്ത യുഎസ്, റഷ്യ, സ്ലൊവാക്യ, സിംബാബ്‌വെ മുതലായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് വാക്സിനെടുക്കാന്‍ തയാറായി നിരവധി ആളുകള്‍ മുന്നോട്ടു വരുന്നുണ്ട്. വിമാനയാത്ര അനുവദിക്കപ്പെട്ടിട്ടുള്ളിടത്തോളം വാക്സിനേഷൻ ലഭിക്കുന്നതിന് ഒരു വിദേശ രാജ്യത്തേക്ക് പോകുന്നത് നിയമവിരുദ്ധവുമല്ല. ഫ്ലോറിഡ പോലെയുള്ള രാജ്യങ്ങള്‍ ലോക്കൽ റെസിഡൻസിയുടെ തെളിവ് കൈവശമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളും ലക്ഷ്വറി ടൂറിസത്തിലൂടെയുള്ള വരുമാനം ലക്ഷ്യംവെച്ച് വാക്സിന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അടുത്തിടെ ഇന്ത്യന്‍ സർക്കാരിൽ നിന്ന് അടിയന്തര അനുമതി ലഭിച്ച വാക്സിനാണ് റഷ്യൻ നിർമിത സ്പുട്നിക് വി വാക്സിന്‍. കോവിഷീൽഡ്, കോവാക്സിൻ എന്നിവ കൂടാതെ രാജ്യത്ത് പ്രചാരത്തിലുള്ള മൂന്നാമത്തെ വാക്സിന്‍ കൂടിയാണ് സ്പുട്നിക് വി വാക്സിൻ. നിലവിൽ സ്വകാര്യമേഖലയിൽ മാത്രമാണ് ഈ വാക്സിന്‍ നല്‍കുന്നത്. അടുത്ത മാസം മുതൽ ചെറുകിട, ഇടത്തരം ആശുപത്രികളിൽ ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞയാഴ്ച, മധ്യ യൂറോപ്പിലെ റിപ്പബ്ലിക് ഓഫ് സാൻ മറീനോ ആദ്യത്തെ വാക്സിൻ ടൂറിസ്റ്റ് സംഘത്തെ സ്വാഗതം ചെയ്തിരുന്നു.  ലാത്വിയയിൽ നിന്നുള്ള നാലുപേരടങ്ങുന്ന സംഘം ക്യാമ്പർ വാനിൽ 26 മണിക്കൂർ ഡ്രൈവ് ചെയ്താണ് സാൻ മറീനോയിലെത്തിയത്. സ്പുട്നിക് വി കോവിഡ് -19 വാക്സിൻ ഹോളിഡേ പാക്കേജ് പ്രകാരം വാക്സിന്‍ സ്വീകരിച്ച ആദ്യ സഞ്ചാരികള്‍ ഇവരായിരുന്നു. റഷ്യയും മാലദ്വീപും വാക്സിനേഷൻ ടൂറിസത്തിനായി ഒരുങ്ങുകയാണ് എന്നുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ വന്നു കഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് വരും ദിനങ്ങളില്‍ കൂടുതല്‍ വാര്‍ത്തകള്‍ വരുമെന്ന് പ്രതീക്ഷിക്കുകയാണ് സഞ്ചാരികള്‍.

 

English Summary: Vaccine Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com