ADVERTISEMENT

കടലിൽ ചുറ്റാൻ എല്ലാവിധ ആഡംബരങ്ങളോടും കൂടിയ ഒരു കപ്പൽ. കോവിഡ് പ്രതിസന്ധിയിൽ നിന്നു ടൂറിസം തിരികെയെത്തിയപ്പോൾ ഇന്ത്യയുടെ കടലിൽ യാത്രക്കാർക്ക് ഏറേ ആവേശം നൽകിയ ഒന്നായിരുന്നു കോർഡേലിയ എന്ന കപ്പലിന്റെ വരവ്. ആഡംബരവും സ്റ്റൈലും ഒരുപോലെ ഒത്തുചേരുന്നതും ഇന്ത്യയുടെ തനതായതുമായ അനുഭവങ്ങളിലൂടെ രാജ്യത്ത് ക്രൂസ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനുമാണ് പ്രീമിയം ക്രൂസ് ലൈനറായ കോർഡീലിയ ക്രൂസ് ലക്ഷ്യമിടുന്നത്.

ആഡംബരം

സഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന, ഉല്ലസിക്കാൻ വേണ്ട തരത്തിലുള്ള അവധിക്കാലമാണ് ക്രൂസില്‍ ഒരുക്കുക. സ്വിമ്മിങ് പൂൾ, മൂന്നു റസ്റ്ററന്റുകൾ, ഫിറ്റ്നെസ് സെന്ററുകൾ, സ്പാ, തിയറ്റർ, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാർട്ടികൾ, അഞ്ച് ബാറുകൾ, ലൈവ് ബാൻഡുകൾ, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുള്ളതാണ് ഈ ആഡംബര നൗക. നൂറിലധികം വിഭവങ്ങളാണ് മെനുകാർഡിലെ ആകർഷണം. ഒരു ഇന്ത്യക്കാരൻ കഴിക്കാൻ സാധ്യതയുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാം മികച്ച ഗുണമേൻമയിലുള്ളതാണ്.

എംപ്രസ് ഓഫ് ദ സീസ്

ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് കമ്പനി കളിലൊന്നായ റോയൽ കരീബീയന്റെ എംപ്രസ് ഓഫ് ദ സീസ് എന്ന കപ്പലാണ് കോർഡീലിയ എന്ന പേരിൽ ഇന്ത്യയിലെത്തിയത്. 1990 ലാണ് ഈ കപ്പൽ നീറ്റിലിറങ്ങുന്നത്. തുടക്കത്തിൽ ഇതിന്റെ പേര് നോർഡിക് എക്സ്പ്രെസ് എന്നായിരുന്നു. തുടർന്ന് എംപ്രസ് എന്നും പിന്നീട് എംപ്രസ് ഓഫ് ദ സീസ് എന്നുമാക്കി. 2020 ലാണ് കോർഡീലിയ ക്രൂസ് എന്ന ഇന്ത്യൻ കമ്പനി ഈ കപ്പലിനെ സ്വന്തമാക്കിയത്. തുടർന്ന് നിരവധി മാറ്റങ്ങൾ വരുത്തിയാണ് കോർഡീലിയ എന്ന പേരിൽ പുറത്തിറങ്ങിയത്. 

ആഡംബരം കേട്ടു ഞെട്ടണ്ട; കുറഞ്ഞ നിരക്കു മാത്രം

കപ്പലിലെ ആഡബരം കേട്ടു ഞെട്ടണ്ടെന്നാണ് യാത്രക്കാരുടെ അനുഭവം. തിരഞ്ഞെടുക്കുന്ന സൗകര്യങ്ങൾക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടെങ്കിലും ഇടത്തരക്കാർക്കു വഹിക്കാവുന്നതാണ് യാത്രച്ചെലവ്. മൂന്നു രാത്രിയും നാലു പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് ടൂർ കമ്പനി ഈടാക്കുന്നത് വെറും 22,000 മുതൽ 30,000 രൂപ വരെ മാത്രം. കുടുംബ യാത്രകളാണെങ്കിൽ ഒരു മുറിയിൽ രണ്ടിലേറെ പേർക്കു യാത്ര ചെയ്യാം എന്നതിനാൽ ചെലവു കുറയും.

സെപ്റ്റംബർ 18 മുതലാണ് കോർഡേലിയ ക്രൂസ് യാത്ര ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ മുംബൈയില്‍ നിന്നും വിവിധ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലൂടെയാണ് യാത്ര. 2022 മെയ് മുതൽ കപ്പൽ ചെന്നൈയില്‍ നിന്നു ശ്രീലങ്കയിലെ കൊളംബോ, ഗാലി, ട്രിങ്കോമാലി ജാഫ്ന തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര നടത്തും. മുംബൈ-ഗോവ-മുംബൈ, മുംബൈ-ദിയു-മുംബൈ, മുംബൈ-കടൽയാത്ര-മുംബൈ, കൊച്ചി-ലക്ഷദ്വീപ്-കടല്‍യാത്ര-മുംബൈ, മുംബൈ-കടൽയാത്ര-ലക്ഷദ്വീപ്-കടൽയാത്ര-മുംബൈ എന്നിങ്ങനെയാണ് ഇപ്പോള്‍ കോർഡേലിയ ക്രൂസ് ഒരുക്കുന്ന പ്രധാന ടൂറുകള്‍.

കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് യാത്ര. ക്രൂ അംഗങ്ങൾ എല്ലാവരും തന്നെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കപ്പലിനുള്ളില്‍ അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ എല്ലാ മെഡിക്കൽ അവശ്യവസ്തുക്കളും ഉൾക്കൊള്ളുന്ന ഒരു മെഡിക്കൽ സെന്ററും ഇതിനുള്ളില്‍ ഉണ്ട്. 

ഒരിക്കലെങ്കിലും ആഡംബരക്കപ്പലിൽ കടൽ യാത്ര നടത്തണമെന്ന മോഹം ബാക്കിയുള്ളവർക്ക് വളരെ എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന യാത്രാനുഭവമായിരിക്കും ഇത്. സാധാരണ ആഭ്യന്തര ടൂറുകൾക്കു പോലും ഇതിലും ചെലവു വരുമ്പോഴാണ് കടൽ യാത്രയുടെ ഈ കുറഞ്ഞ നിരക്ക്. ഇന്ന് വൈകുന്നേരത്തോടെ ലക്ഷദ്വീപിലേക്കു പുറപ്പെടുന്ന കൊർഡാലിയ അടുത്ത ദിവസം ഗോവയിലേയ്ക്കു തിരിച്ച് അവിടെ യാത്ര അവസാനിപ്പിക്കും. 

ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി കൊർഡാലിയ ക്രൂസ് ഐആർസിടിസിയുമായി ധാരണയായിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വെബ്സൈറ്റായ ഐർസിടിസി ടൂറിസം ഡോട്ട് കോമിൽ നിന്നു ടിക്കറ്റുകൾ ബുക്കു ചെയ്യാം.

English Summary: Know More About Cordelia Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com