ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ആളുകള്‍ വസിക്കുന്ന ഇടം ഇതാണ്!

Mizoram2
SHARE

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ മുഖമാണ്. ഭാഷയിലാകട്ടെ, സംസ്കാരത്തിലാവട്ടെ, ജീവിതരീതിയിലാവട്ടെ, കാലാവസ്ഥയിലാവട്ടെ, വ്യത്യസ്ത രാജ്യങ്ങള്‍ തമ്മിലുള്ള അന്തരമുണ്ട് പല സംസ്ഥാനങ്ങള്‍ക്കും. കഴിഞ്ഞ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍, അതിനെ നേരിട്ടതും വ്യത്യസ്ത രീതിയിലാണ്. ഓരോ ഇടങ്ങളിലുമുള്ള ആളുകളുടെ ജീവിത സംതൃപ്തി കണക്കാക്കുന്ന ഒരു സര്‍വേ കഴിഞ്ഞ വര്‍ഷം നടക്കുകയുണ്ടായി. മാർച്ച് മുതൽ ജൂലൈ വരെയുള്ള സമയത്ത്, രാജ്യത്തുടനീളമുള്ള ഏറ്റവും സന്തോഷമുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടെത്താൻ, 16,950 ആളുകൾക്കിടയിലാണ് സര്‍വേ നടത്തിയത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമിലെ മാനേജ്‌മെന്‍റ് ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറായ രാജേഷ് കെ പിലാനിയ, വിവിധ സംസ്ഥാനങ്ങളിലെ ആളുകളുടെ സന്തോഷത്തിന്‍റെ സൂചികയായ ഇന്ത്യാ ഹാപ്പിനസ് റിപ്പോർട്ട് തയാറാക്കി.

Mizoram-trip

മിസോറം ആണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 3.57 ആണ് മിസോറമിന്‍റെ ഹാപ്പിനെസ് സ്കോര്‍.  3.52 സ്കോറുമായി പഞ്ചാബ് ആണ് തൊട്ടുപിറകില്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി, സിക്കിം എന്നിവ യഥാക്രമം 3.47, 3.44, 3.43 എന്നിങ്ങനെ സ്കോറുകളുമായി ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഉണ്ട്. ശേഷം, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്‌, ലക്ഷദ്വീപ്, തെലങ്കാന, ഉത്തര്‍പ്രദേശ്‌ എന്നിവയും വരുന്നു. പതിനാലാം സ്ഥാനത്താണ് കേരളം, സ്കോറാവട്ടെ 3.38 ആണ്.

വരുമാനവും വളർച്ചയും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള ബന്ധങ്ങൾ, ശാരീരികവും മാനസികവുമായ ആരോഗ്യം ഉൾപ്പെടെയുള്ള ആരോഗ്യം, സാമൂഹിക ആശങ്കകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ, മതപരമായ /ആത്മീയ ദിശാബോധം, കോവിഡ് ആഘാതം മുതലായവ കണക്കിലെടുത്താണ് ലിസ്റ്റ് തയ്യാറാക്കിയത്.

എന്താണ് മിസ്സോറാമിനെ ഏറ്റവും സന്തോഷമുള്ള ആളുകള്‍ ജീവിക്കുന്ന സ്ഥലമാക്കി മാറ്റുന്ന ഘടകങ്ങള്‍? ആധുനികകാലത്തും തങ്ങളുടെ പൈതൃകം മുറുകെപ്പിടിക്കുന്ന ഗോത്രവർഗക്കാർ അടങ്ങിയ ജനതയാണ് ഇവിടെയുള്ളത്. പ്രകൃതിസൗന്ദര്യവും ഫുട്‌ബോളും തനതായ പാചകരീതിയുമെല്ലാം മിസോറമിനെ വേറിട്ട്‌ നിര്‍ത്തുന്ന ചില കാര്യങ്ങളാണ്. ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ മിസ്സോറാമുകാരുടെ സന്തോഷം നിറഞ്ഞ ജീവിതത്തിനു പിന്നില്‍ വേറെയും കാരണങ്ങള്‍ കണ്ടെത്താനാകും

മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ

ഇന്നത്തെ കാലത്ത് ഏറ്റവും അപൂര്‍വ്വമായ സവിശേഷതകളില്‍ ഒന്നാണ് സഹജീവികളോടുള്ള പരിഗണനയും കരുതലും. മിസ്സോറാമുകാര്‍ക്ക് അത് ആവോളമുണ്ട്. ഉദാഹരണത്തിന്, റോഡിലൂടെ പോകുമ്പോള്‍ നിങ്ങളുടെ കാര്‍ ഒരു മിസ്സോറാമുകാരന്‍റെ കാറില്‍ ഇടിച്ചെന്നിരിക്കട്ടെ, ഒരിക്കലും അടിപിടിയോ അലറിവിളിക്കലോ ഒന്നും ഉണ്ടാവില്ല. വിനോദ സഞ്ചാരികളോട് പ്രത്യേകിച്ചും അങ്ങേയറ്റം മര്യാദയോടെയാണ് ഇവര്‍ പെരുമാറുന്നത്.

പ്രകൃതിയിലുള്ള വിശ്വാസം

ഭൂമിയിലെ എല്ലാവരുടെയും ദാതാവും സംരക്ഷകനും പൂർവ്വികനുമാണ് പ്രകൃതി എന്നാണ് മിസ്സോറാമുകാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ, പ്രകൃതിയെ അങ്ങേയറ്റം കരുതലോടെയും ആദരവോടെയും ഇവര്‍ സംരക്ഷിക്കുന്നു.

സത്യസന്ധത

നുണ പറയുക എന്നാല്‍ മരണത്തിനു തുല്യമായാണ് മിസ്സോറാം ജനത കണക്കാക്കുന്നത്. ജീവിതത്തില്‍ ഉടനീളം അവര്‍ ഈ സത്യസന്ധത പുലര്‍ത്തുന്നു. ഉദാഹരണത്തിന്, കടയുടമകളില്ലാത്ത നിരവധി കടകള്‍ ഇവിടെയെങ്ങും കാണാം. ആളുകള്‍ക്ക് ഇവിടെ വന്ന്, ആവശ്യമുള്ള സാധനങ്ങൾ സ്വയം എടുത്ത് പോകാം. പണം കടയില്‍ വെച്ചിട്ടുള്ള ഒരു പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കുക. രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും ഇങ്ങനെയുള്ള ക്രമീകരണം ആണെങ്കില്‍ ഉണ്ടാകുന്ന അവസ്ഥ എന്തായിരിക്കും എന്നോര്‍ത്തു നോക്കൂ!

സംസ്കാര സംരക്ഷണം

ലോകത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ അതിപ്രസരം ഉണ്ടായിരുന്നിട്ടു പോലും മിസോറാം ഗോത്രങ്ങൾ തങ്ങളുടെ പുരാതന സംസ്കാരം അതേപോലെ സംരക്ഷിക്കുന്നതില്‍ വിജയിച്ചു. പ്രാദേശിക ഉത്സവങ്ങൾ, ദൈവങ്ങളെ ആരാധിക്കല്‍ എന്നിവ മുതല്‍, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന കുടുംബ മൂല്യങ്ങൾ വരെ, തങ്ങളുടെ പൂർവ്വികരുടെ വഴി പ്രകൃതിയുടെ വഴിയാണെന്നും ആത്യന്തികമായി സന്തോഷത്തിലേക്കുള്ള വഴിയാണെന്നും മിസോ ജനത ശക്തമായി വിശ്വസിക്കുന്നു.

English Summary: India Happiness Report 2020: Mizoram most happy state; Uttarakhand and Odisha at the bottom

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS