ADVERTISEMENT

കോവിഡ് എന്ന മഹാമാരിയുടെ വ്യാപനത്താൽ സഞ്ചാരികൾക്കു മുമ്പിൽ അടച്ച ജപ്പാന്റെ അതിർത്തികൾ തുറക്കുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾ, വീസ അനുവദിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം. വിനോദസഞ്ചാരികൾക്കു തൽക്കാലം ജപ്പാനിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ല.

വാക്‌സിനേഷൻ പൂർത്തിയാക്കിയ, ബിസിനസ് ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കുന്നവർക്കു തിങ്കളാഴ്ച മുതൽ പത്തു ദിവസത്തെ ക്വാറന്റീൻ എന്നത് മൂന്നു ദിവസമാക്കി ചുരുക്കിയിട്ടുണ്ടെന്നു ജപ്പാനിലെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. 126 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്ന രാജ്യത്തു കഴിഞ്ഞ ഓഗസ്റ്റിൽ പ്രതിദിന രോഗികളുടെ കണക്ക് 25000 ആയി ഉയർന്നിരുന്നു. എന്നാലിപ്പോൾ ശരാശരി കണക്ക് 200 ൽ താഴെ മാത്രമാണ്.

ആകെ ജനസംഖ്യയിലെ 73% ജനങ്ങൾ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. മാത്രമല്ല, മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 18000 മാത്രമാണ്. അതുകൊണ്ടു തന്നെ ജനങ്ങൾ നിർബന്ധമായും വീടുകളിൽ തന്നെ കഴിയണമെന്ന തരത്തിലുള്ള തീരുമാനങ്ങളൊന്നും ജപ്പാൻ കൈകൊണ്ടിരുന്നില്ല. എങ്കിലും ജനങ്ങൾ ഒരുമിച്ചു കൂടുന്ന അവസരങ്ങൾക്കും  ആഘോഷങ്ങൾക്കും  മത്സരങ്ങൾക്കുമെല്ലാം നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സ് നടത്തിയതു പോലും ഏറെ കരുതലോടെയായിരുന്നു.

ജപ്പാനിലെ മാധ്യമങ്ങൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഏകദേശം 370000 പേരാണ് വീസയുമായി രാജ്യത്തിലേക്കു പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്നത്. ക്രമേണ ഇവരുടെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് രാജ്യത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കുമെന്നു ഗവൺമെന്റിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ പറയുന്നു. ജപ്പാനിൽ ബിസിനസ് സ്ഥാപനമുള്ളവർ ഓരോ യാത്രയുടെയും ഉദ്ദേശലക്ഷ്യങ്ങൾ എന്തെന്നു വ്യക്തമാക്കുന്ന രേഖകൾ കൈയിൽ കരുതേണ്ടതാണ്. ഹൈ റിസ്ക് രാജ്യങ്ങളായ ട്രിനിഡാഡ് ആൻഡ് ടൊബാഗോ, പെറു, വെനിസ്വെല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കു ജപ്പാനിലേക്ക് തൽക്കാലം പ്രവേശനമുണ്ടായിരിക്കുകയില്ല. 

കോവിഡിന് മുൻപ്, 2019 ൽ രാജ്യം സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണം 31.9 മില്യൺ ആയിരുന്നു. 2020ൽ അത് 40 മില്യണിലെത്തിക്കണമെന്നു ലക്ഷ്യമിട്ടിരിക്കുമ്പോഴാണ് മഹാമാരി പൊട്ടിപുറപ്പെടുന്നതും രാജ്യത്തിന്റെ വാതിലുകൾ സഞ്ചാരികൾക്കു മുമ്പിൽ അടക്കപ്പെടുന്നതും. വിനോദസഞ്ചാരികളെ എന്നു മുതൽ രാജ്യത്തേയ്ക്കു പ്രവേശിപ്പിക്കുമെന്നതിനെ കുറിച്ച് ഇതുവരെയും ഔദ്യോഗികമായി തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

English Summary: Japan Eases Border Rules For Business Travellers, Students Amid Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com