കറുത്ത തത്തയും പിങ്ക് ബീച്ചും ;ഈ മനോഹര ദ്വീപുകളിലേക്ക് ഇന്ത്യക്കാര്‍ക്ക് വീണ്ടും സ്വാഗതം!

Seychelles-trip
Image From Shutterstock
SHARE

ഇന്ത്യൻ മഹാസമുദ്രത്തിലെ അതിമനോഹരമായ ദ്വീപുരാഷ്ട്രമാണ് സെയ്ഷല്‍സ്. ഗ്രാനൈറ്റ് കൊണ്ടും പവിഴപ്പുറ്റുകള്‍ കൊണ്ടും രൂപപ്പെട്ടതും കിടിലന്‍ കാഴ്ചകളും അനുഭവങ്ങളും പകര്‍ന്നുനല്‍കുന്നതുമായ 115 ദ്വീപുകളുടെ സമൂഹമായ സെയ്ഷല്‍സ് ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള വിലക്കു നീക്കി. ഇതോടെ, "ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത്" എന്ന് ഓമനപ്പേരുള്ള സെയ്ഷല്‍സിന്‍റെ സ്വര്‍ഗീയഭൂമി ഇന്ത്യക്കാര്‍ക്ക് മുന്നിൽ വീണ്ടും വാതിലുകള്‍ തുറക്കുകയാണ്.  

Seychelles
Image From Shutterstock

സഞ്ചാരികള്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കണം എന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും, യാത്രക്കാർ പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തിയതിന്‍റെ തെളിവ് കരുതേണ്ടതുണ്ട്. മുൻപും ഇതുതന്നെയായിരുന്നു നിയമം എങ്കിലും ഇന്ത്യ, ബ്രസീൽ, നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദർശകർക്ക് പ്രവേശനം വിലക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം ഏറ്റവും പുതുതായി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ രാജ്യങ്ങളെയും യാത്രാവിലക്കില്‍നിന്നു നീക്കിയതായി പ്രഖ്യാപിച്ചു. 

എന്നാല്‍ സെയ്ഷല്‍സിലേക്കുള്ള യാത്രക്കാർക്ക് പ്രവേശനത്തിന് സാധുവായ ഹെല്‍ത്ത് ട്രാവല്‍ ഓതറൈസേഷൻ (HTA) ആവശ്യമാണ്, ഇത് https://seychelles.govtas.com/ എന്ന ഓൺലൈൻ പോർട്ടൽ വഴി ചെയ്യാവുന്നതാണ്. കൂടാതെ എല്ലാ സഞ്ചാരികള്‍ക്കും സാധുവായ ട്രാവൽ ഹെൽത്ത് ഇൻഷുറൻസും ആവശ്യമാണ്‌. കോവിഡ്-19 പരിശോധന, ക്വാറന്റീൻ, ഐസലേഷൻ, ക്ലിനിക്കൽ കെയർ എന്നിവ കവര്‍ ചെയ്യുന്നതായിരിക്കണം ഇന്‍ഷുറന്‍സ്. ഈ നിബന്ധനകൾ പാലിക്കുന്ന യാത്രക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല. 

Seychelles1
Image From Shutterstock

ഒപ്പം തന്നെ, സെയ്ഷല്‍സ് സന്ദർശിക്കുന്നവരെല്ലാം രാജ്യത്തിനകത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പൊതുജനാരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. പബ്ലിക് ഹെൽത്ത് അതോറിറ്റി സാക്ഷ്യപ്പെടുത്തിയ ലൈസൻസുള്ള സ്ഥാപനങ്ങളിൽ മാത്രമേ താമസ ബുക്കിങ് നടത്തുന്നുള്ളൂ എന്ന് സന്ദർശകർ ഉറപ്പാക്കണം

ആഫ്രിക്കൻ വൻ‌കരയിൽനിന്ന് 1,600 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സെയ്ഷല്‍സിലാണ് ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ വച്ച് ഏറ്റവും കുറവ് ജനസംഖ്യയുള്ളത്. ടൂറിസമാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗ്ഗം. സ്നോർക്കലിങ്, സ്കൂബ ഡൈവിങ് മുതലായ സാഹസിക സമുദ്രവിനോദങ്ങളും സമൃദ്ധവും സുന്ദരവുമായ ഭൂമിയുടെ വൈവിദ്ധ്യമാര്‍ന്ന കാഴ്ചകളും ആസ്വദിക്കാനും സെയ്ഷല്‍സ് അവസരം നല്‍കുന്നു.

കടല്‍വിനോദങ്ങള്‍ ആസ്വദിക്കുന്നതിനു പുറമേ സന്ദര്‍ശിക്കാനായി മനോഹരമായ ഒട്ടനവധി സ്ഥലങ്ങളും സെയ്ഷല്‍സിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയാണ് ലാ ഡിഗ് ദ്വീപിലെ പിങ്ക് നിറമുള്ള ബീച്ച്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭീമന്‍ കടലാമകള്‍ കാണപ്പെടുന്ന അല്‍ഡബ്രയും യഥാര്‌ഥ 'ഏദന്‍ തോട്ടം' എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന പ്രസ്ലിന്‍ ദ്വീപുമാണ് പ്രശസ്തമായ മറ്റു രണ്ടിടങ്ങള്‍. ഇത് രണ്ടും യുനെസ്കോ സൈറ്റുകള്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ തേങ്ങയായ വൈല്‍ഡ് കൊക്കോ ഡി മര്‍ ഉള്ളതും ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നുമായ ആന്‍സെ ലാസിയോ ബീച്ച് ഉള്ളതും പ്രസ്ലിന്‍ ദ്വീപിലാണ്.

കൂടാതെ, കറുത്ത നിറമുള്ള അപൂര്‍വ തത്തയെ കാണാവുന്ന വാലീ ഡി മൈ നേച്ചര്‍ റിസര്‍വും പ്രസ്ലിന്‍ ദേശീയ പാര്‍ക്കും എഴുപതോളം മനോഹരങ്ങളായ ബീച്ചുകളും പ്രശസ്തമായ മോണ്‍ സെയ്ഷെല്ലോയ്സ് ദേശീയോദ്യാനവും സ്ഥിതിചെയ്യുന്ന സെയ്ഷല്‍സിന്‍റെ തലസ്ഥാനനഗരം മാഹിയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

English Summary: Seychelles is now open for Indian tourists

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA