ADVERTISEMENT

ചൂടു പരിപ്പുവടയും ചായയും കുടിക്കണമെന്നു തോന്നുമ്പോൾ കൊച്ചിയിലെ യാത്രാ പ്രേമികൾക്ക് ആദ്യം ഓർമ വരിക ഗാന്ധിനഗറിലുള്ള വിജയൻ ചേട്ടന്റെ ശ്രീ ബാലാജി ചായക്കട. ചായ കുടിക്കുന്നതിനെക്കാൾ വിജയൻ ചേട്ടന്റെ ലോക യാത്രകളിലേക്ക് തന്റെ കൂടി ചെറു വിഹിതമെന്ന സ്വകാര്യ ആഹ്ലാദം പലരും അനുഭവിച്ചു. ഭിത്തികളിൽ പതിച്ചിട്ടുള്ള ലോകയാത്രയുടെ ചിത്രങ്ങൾക്ക് ചായയ്ക്ക് ഒപ്പം തരുന്ന കടികളെക്കാൾ ആഹ്ലാദം സമ്മാനിക്കാനായി. ഒരു നാൾ ഇതുപോലെ ലോകം ചുറ്റണമെന്ന് ആഗ്രഹിച്ച് മനസുകൊണ്ട് പലരും ആ ദമ്പതികളോട് അസൂയപ്പെട്ടു. വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകളെക്കുറിച്ചു കേട്ടറിഞ്ഞ് യാത്രകൾക്കായി പിന്നീടുള്ള ജീവിതം മാറ്റിവച്ചത് നിരവധിപ്പേരാണ്. യാത്രയ്ക്കായി ഒരു വിഹിതം സമ്പാദ്യമായി കരുതി ലോകം കാണാൻ ഇറങ്ങിയവരും നിരവധി.

kr-vijayan-shop

 

kr-vijana-2

രണ്ടാഴ്ച മുമ്പാണ് റഷ്യൻ യാത്ര കഴിഞ്ഞ് വിജയനും മോഹനയും തിരിച്ചെത്തിയത്. 2019ലെ ന്യൂസീലൻഡ് യാത്രയ്ക്കു ശേഷം കോവിഡ് പിടിമുറുക്കിയതോടെ യാത്രകൾക്കു ബ്രേക്കു വീണിരുന്നു. പിന്നെ നടത്തിയ യാത്രയാണ് റക്ഷ്യയിലേക്ക്. ഇനി ഒരു യാത്രയ്ക്കു സാധിച്ചില്ലെങ്കിലോ എന്നു പറഞ്ഞ് മകനെയും കുടുംബത്തെയും കൂടെക്കൂട്ടിയായിരുന്നു അന്നത്തെ യാത്രയെന്ന് മകൾ ഓർക്കുന്നു. കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്ത് കാൻസർ രോഗം ബാധിച്ചതോടെ ആരോഗ്യം ക്ഷയിക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 30ൽ ഏറെ റേഡിയേഷനുകൾ, കീമോ തെറാപ്പികൾ.. ഇവയ്ക്കൊന്നും യാത്രാ മോഹങ്ങളെ തളച്ചിടാനായില്ല. ആരോഗ്യം പുഷ്ടിപ്പെട്ടു എന്നു തോന്നിയതിനു പിന്നാലെയായിരുന്നു മോസ്കോ യാത്ര.

 

vijayan-mohana-1

ജപ്പാനിലേക്ക് വിജയൻ വരുന്നില്ല..

 

റഷ്യൻ യാത്ര കഴിഞ്ഞെത്തിയതോടെ അടുത്ത യാത്രാ പദ്ധതിയും തയാറായി. ജപ്പാനിലേയ്ക്കുള്ള യാത്രയായിരുന്നു വിജയന്റെ മനസിൽ. ഒരിക്കൽ സന്ദർശിച്ച രാജ്യം സന്ദർശിക്കുന്ന പതിവ് വിജയന് ഇല്ലായിരുന്നു. താൻ പോയിട്ടില്ലാത്ത പുതിയ രാജ്യങ്ങളോടായിരുന്നു ആഗ്രഹം. വീണ്ടും ഒരു യാത്രയ്ക്ക് ആരോഗ്യം സമ്മതിക്കാതിരിക്കുമോ എന്ന് ഇടയ്ക്ക് ആശങ്കപ്പെടുമായിരുന്നു. എന്നിരുന്നാലും തയാറെടുപ്പുകൾ അതിന്റെ വഴിക്കു നടന്നു. പക്ഷേ ജപ്പാൻ യാത്രയ്ക്കു കാത്തു നിൽക്കാതെ ഇന്നു രാവിലെ 10.30ന് ജീവിതയാത്രയ്ക്കു തന്നെ അദ്ദേഹം ബ്രേക്കിട്ടു. നാവു കുഴയുന്നതു പോലെ തോന്നിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇനി പുല്ലേപ്പടിയിലെ രുദ്രവിലാസം ശ്മശാനത്തിൽ നിത്യ ഉറക്കം.

കെ.ആർ വിജയനും ഭാര്യയും
കെ.ആർ വിജയനും ഭാര്യയും

 

ചേർത്തലയാണ് കെ.ആർ. വിജയന്റെ സ്വദേശം. പിതാവ് വി. രംഗനാഥ പ്രഭു. കുട്ടിയായിരിക്കുമ്പോൾ പിതാവിനൊപ്പം നടത്തിയിട്ടുള്ള കൊച്ചു യാത്രകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് എറണാകുളം കാണാനായിരുന്നു ആദ്യം ആഗ്രഹിച്ചത്. വിമാനത്താവളവും കപ്പലും ഹോട്ടലുകളുമെല്ലാമുള്ള എറണാകുളത്തെക്കുറിച്ച് കേട്ടറിവാണ് അന്നുണ്ടായിരുന്നത്. അമ്മ സ്കൂൾ ഫീസ് അടയ്ക്കാൻ നൽകിയ പണവുമായി കൊച്ചി കണ്ടു. ഒരിക്കൽ ഒളിച്ചു മദ്രാസിലേയ്ക്കു കടന്നു കാഴ്ചകൾ കണ്ടു മടങ്ങിയെത്തി. പിന്നെയും രാജ്യത്ത് പലയിടത്തും യാത്രകൾ. ഇതിനിടെ എറണാകുളം ഗാന്ധിനഗറിൽ വീടുവച്ച് താമസവും ഒരു ചായക്കടയും തുടങ്ങി.

 

വിമാനത്തിൽ കയറാൻ മോഹിച്ചു, കറങ്ങിയത് 26 രാജ്യങ്ങൾ

 

ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്നു മോഹിച്ചതോടെ വിദേശ യാത്രകളിലേക്ക് ആഗ്രഹം ഉണർന്നു. പാസ്പോർട്ടില്ലാതെ എങ്ങനെ വിദേശയാത്ര എന്നതായിരുന്നു ആദ്യ ചോദ്യം. കെട്ടുതാലി‍ വരെ പണയം വച്ച് വിദേശയാത്രയ്ക്ക് ഒരുങ്ങിയപ്പോൾ തനിക്കു ഭ്രാന്താണെന്നു പറഞ്ഞവരുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ ഭ്രാന്തിനെ അദ്ദേഹമങ്ങു പ്രണയിച്ചു. ഭാര്യയെയും കൂട്ടി ഈജിപ്ത്, ജോർദാൻ, ദുബായ്, പലസ്തീൻ രാജ്യങ്ങളിലേയ്ക്കായിരുന്നു ആദ്യ യാത്ര. പിന്നീട് യൂറോപ്പും അമേരിക്കയും മിക്ക ഗൾഫ് രാജ്യങ്ങളും കറങ്ങി നടന്നു കണ്ടു. ലക്ഷ്യമുണ്ടെങ്കിൽ ആർക്കും തന്നെ പോലെ യാത്ര ചെയ്യാം എന്നായിരുന്നു അദ്ദേഹത്തം യാത്രയെക്കുറിച്ചു തന്നോടു ചോദിക്കുന്നവർക്കു നൽകിയ മറുപടി. 

 

എങ്ങനെയാണ് ഇങ്ങനെ യാത്ര ചെയ്യാൻ സാധിച്ചത് എന്നു ചോദിച്ചവരോടെല്ലാം ലക്ഷ്യമുണ്ടായാൽ മതി എന്നു മറുപടി നൽകുമായിരുന്നു. വിമാന ടിക്കറ്റിനും അത്യാവശ്യ ചെലവുകൾക്കുമുള്ള തുക ബാങ്ക് ലോണെടുത്തും സ്വർണം പണയം വച്ചുമെല്ലാം കണ്ടെത്തി. യാത്ര കഴിഞ്ഞു തിരിച്ചെത്തിയാൽ പിന്നെ അതു വീട്ടുന്നതിനുള്ള ശ്രമമാണ്. ചായക്കടയിൽ നിന്നു നിശ്ചിത തുക അടുത്ത യാത്രയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു. ഒരു യാത്രയുടെ കടം വീട്ടിക്കഴിഞ്ഞാൽ അടുത്ത ലോണെടുക്കൽ, യാത്രകൾ.. അതിങ്ങനെ കഴിഞ്ഞ 16 വർഷം അദ്ദേഹം തുടർന്നു. ഇക്കാലം കൊണ്ട് 26 രാജ്യങ്ങൾ കണ്ടു തീർത്തു. ഇനിയും കാണാനുള്ള രാജ്യങ്ങൾ മനസിൽ കുറിച്ചിട്ടു മനസ്സും ശരീരവും ഒരുക്കുന്നതിനിടെയാണ് ഈ വേർപാട്. 

 

ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തിയ ചായക്കടക്കാരൻ

 

ഗാന്ധിനഗറിലെ വീടിനടുത്തുള്ള കൊച്ചു മുറിയിൽ ചായക്കട നടത്തി 26 ലോകരാജ്യങ്ങൾ സന്ദർശിച്ച കെ.ആർ. വിജയൻ ലോകത്തിനു തന്നെ അദ്ഭുതമായിരുന്നു. മാധ്യമങ്ങളിലൂടെ വിജയന്റെ യാത്രാവിശേഷം അറിഞ്ഞ് ചായക്കടയിലെത്തിയത് നിരവധി വിദേശികളും രാജ്യാന്തര യാത്രക്കാരും പ്രമുഖരും. നടൻ മോഹൻലാൽ ഒരിക്കൽ വിജയന്റെയും ഭാര്യയുടെയും യാത്രകളെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ആഗ്രഹങ്ങൾ മനസിൽ വച്ചു പൂട്ടാനുള്ളതല്ല, അതൊക്കെ സാധിച്ചെടുക്കാനുള്ളതാണെന്നു തെളിയിച്ച രണ്ടു പേരാണ് വിജയനും മോഹനയുമെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ യാത്രകളെക്കുറിച്ച് അറിഞ്ഞ് അമിതാഭ് ബച്ചനും അനുപം ഖേറും 50000 രൂപ വീതം യാത്രാ ചെലവിലേക്ക് സമ്മാനിച്ചിരുന്നു. ഇതു കൂടി ഉപയോഗിച്ചായിരുന്നു ഇരുവരുടെയും അമേരിക്കൻ യാത്ര. അവസാനം കാണുമ്പോൾ തന്റെ യാത്രകൾക്ക് ഒരു സ്പോൺസറെ ലഭിച്ചിരുന്നെങ്കിലെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചിരുന്നു.

 

English Summary: Kerala Couple Who Traveled The World With Income From Tea Shop and Visited 26th Countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com