ADVERTISEMENT

ഭാരതത്തിന്റെ പൈതൃകവും സംസ്കാരവും മനസിലാക്കുന്നതിനും അടുത്തറിയുന്നതിനുമായി ഐആർസിടിസി ഭാരത് ദർശൻ സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര ഒരുക്കുന്നു. വലിയ തുക മുടക്കാതെ, ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദർശിക്കാമെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. 2022 ജനുവരി 7 നു ആരംഭിക്കുന്ന സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര ആ മാസം 19 നു അവസാനിക്കും. പതിമൂന്നു ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കു നിരക്ക് വരുന്നത് 13000 രൂപയാണ്.

സന്ദർശിക്കുന്ന സ്ഥലങ്ങൾ

മൈസൂരു, ഹംപി, ഹൈദരാബാദ്, റാമോജി ഫിലിം സിറ്റി, മുംബൈ, എല്ലോറ, അജന്ത, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നീ സ്ഥലങ്ങളാണ് ഭാരത് ദർശൻ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മധുരയിൽ നിന്നും ആരംഭിക്കുന്ന ട്രെയിനിൽ തിരുനെൽവേലി, തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ നിന്ന് യാത്രക്കാർക്ക് കയറാം.

ജനുവരി 7 മുതൽ 12 വരെ

ജനുവരി 7 നു രാത്രി 12.05 നാണ് ട്രെയിൻ പുറപ്പെടുന്നത്. 8 നു രാവിലെ മൈസൂരിലെത്തും. തുടർന്ന് ചാമുണ്ഡി മലനിരകൾ, മൈസൂർ രാജകൊട്ടാരം, വൃന്ദാവൻ പൂന്തോട്ടം, കെ ആർ എസ് ഡാം എന്നിവ കാണാനുള്ള സൗകര്യങ്ങൾ യാത്രികർക്കായി ഒരുക്കും. ജനുവരി 9 നു ശ്രീരംഗപട്ടണം, ടിപ്പുവിന്റെ ശവകുടീരം, വേനൽക്കാല കൊട്ടാരം, മൃഗശാല, സെന്റ്. ഫിലോമിന ദേവാലയം എന്നിവ കൂടി സന്ദർശിച്ചതിനു ശേഷം രാത്രിയോടെ മൈസൂര്‍ നിന്നു മടങ്ങും. ഹംപിയിലേക്കാണ് അടുത്ത ദിവസത്തെ യാത്ര, വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ കണ്ടതിനു ശേഷം വൈകുന്നേരത്തോടെ അവിടെ നിന്നു യാത്ര തിരിക്കും. റാമോജി ഫിലിം സിറ്റിയാണ് ഹൈദരാബാദിലെ ആദ്യ ദിവസത്തെ കാഴ്ച. 12 നു ഗോൽകൊണ്ട, സലർജംഗ് മ്യൂസിയം, ചാർമിനാർ എന്നിവ കൂടി സന്ദർശിക്കാം.

ജനുവരി 13 മുതൽ 18 വരെ

മുംബൈ മഹാനഗരത്തിന്റെ കാഴ്ചകളിലേക്കാണ് അടുത്ത പ്രഭാതം മിഴികൾ തുറക്കുന്നത്. മറൈൻ ഡ്രൈവ്, ജൂഹു ബീച്ച്, മലബാർ മലനിരകൾ, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. 14 നു യാത്ര ഔറംഗബാദിലെത്തും. എല്ലോറ ഗുഹകളിലെ വിസ്മയമാണ് അവിടെ യാത്രികരെ വരവേൽക്കുക. 15 നാണ് അജന്ത ഗുഹ സന്ദർശനം. ഗുജറാത്തിലെ കെവാഡിയയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ കാണാൻ പോകുന്നത് ജനുവരി 16 നു ആണ്. സ്റ്റേഷനിൽ നിന്നും ബാറ്ററി ഇലക്ട്രിക് ബസിലാണ് സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ കാണാനുള്ള യാത്ര. 17 നു രാത്രിയോടെ ട്രെയിൻ മഡ്ഗാവിൽ എത്തിച്ചേരും. കലാൻഗുട്ട് ബീച്ച്, വാഗറ്റർ, ഉച്ചഭക്ഷണത്തിനു ശേഷം സേ കത്തീഡ്രൽ, ബോംജീസസ് ബസിലിക്ക എന്നിവയാണ് 18-ാം തീയതിയിലെ പ്രധാന കാഴ്ചകൾ. സമയം അനുവദിക്കുകയാണെങ്കിൽ മണ്ഡോവി നദിയിലൂടെ യാത്ര ചെയ്യുകയോ കോൾവ ബീച്ച് സന്ദർശിക്കുകയോ ചെയ്യാം.

മടക്കയാത്ര

2022 ജനുവരി 18 രാത്രിയോടെയാണ് മടക്കയാത്ര ആരംഭിക്കുന്നത്. 19 നു അർധരാത്രിയോടെ അവസാന സ്റ്റോപ്പായ മധുരയിൽ എത്തിച്ചേരും. കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും യാത്ര. യാത്രികരുടെ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങളെല്ലാം ഐ ആർ സി ടി സി ഒരുക്കുന്നതായിരിക്കും. കയ്യിൽ കരുതേണ്ട വസ്തുക്കളുടെ വിശദാംശങ്ങളെല്ലാം വെബ്‌സൈറ്റിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ സ്റ്റോപ്പുകൾ

 

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ടൗൺ തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകൾ ഉള്ളത്. എറണാകുളം റീജിയണൽ ഓഫീസ്, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ അന്വേഷിച്ചാൽ ഭാരത ദർശൻ യാത്രയുടെ വിശദവിവരങ്ങൾ അറിയാൻ സാധിക്കും.

English Summary: Bharat Darshan Special Tourist Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com