വാക്സിൻ എടുത്ത യാത്രക്കാർക്ക് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യുകെ

covid-test
SHARE

പൂർണ്ണമായി വാക്സിനേഷൻ ചെയ്ത അഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ള യാത്രക്കാര്‍ക്ക് ആർടി പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് നിബന്ധന ഒഴിവാക്കി യുകെ. പകരം ഇംഗ്ലണ്ടിൽ എത്തിക്കഴിഞ്ഞ്, 2 ദിവസത്തിനുള്ളിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. ജനുവരി 9 ഞായറാഴ്ച പുലർച്ചെ 4 മണി മുതലാണ് പുതിയ നിയമം പ്രാബല്യത്തിലായത്. യോഗ്യരായ യാത്രയ്‌ക്കായുള്ള ലാറ്ററൽ ഫ്ലോ പരിശോധനകൾ ജനുവരി 7 വെള്ളിയാഴ്ച മുതൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് രാജ്യത്ത് എത്തിച്ചേര്‍ന്ന് രണ്ടാം ദിവസത്തിനുള്ളിൽ പരിശോധന നടത്താം.

എത്തിച്ചേര്‍ന്ന ശേഷമുള്ള ടെസ്റ്റുകള്‍ വേണം

യോഗ്യരായ 18 വയസ്സിന് താഴെയുള്ള യാത്രക്കാർക്കും ഇംഗ്ലണ്ടിൽ എത്തുമ്പോൾ പ്രീ-ഡിപ്പാർച്ചർ ടെസ്റ്റോ സെൽഫ് ഐസൊലേഷനോ ചെയ്യേണ്ടതില്ല. എന്നാൽ അവര്‍ എത്തിച്ചേര്‍ന്ന ശേഷമുള്ള ടെസ്റ്റുകള്‍ തുടരണം. കണക്കുകള്‍ പ്രകാരം ഒമിക്രോണ്‍ വേരിയന്‍റ് യുകെയില്‍ പ്രബലമാണ്. അതുകൊണ്ടുതന്നെ, പരിശോധന നടപടികൾ വളരെ ജാഗ്രതയോടെയാണ് കുറച്ചുകൊണ്ടുവരുന്നത്.

ലാറ്ററൽ ഫ്ലോ ടെസ്റ്റിൽ പോസിറ്റീവാകുന്ന യാത്രക്കാര്‍ ഉടൻ തന്നെ സ്വയം ഐസൊലേറ്റ് ചെയ്യുകയും GOV.UK-ൽ നിന്ന് ഒരു NHS PCR ടെസ്റ്റ് ഓർഡർ ചെയ്യുകയും വേണം.

ഒമിക്രോണ്‍ വേരിയന്റിനെക്കുറിച്ച് കൂടുതലറിഞ്ഞു വരുന്ന സാഹചര്യത്തില്‍, പരിശോധനയും അതിർത്തി നിയന്ത്രണ നടപടികളും ആനുപാതികമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, അവ നിരന്തരം അവലോകനത്തിന് വിധേയമാക്കുന്നുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ്‌ സോഷ്യല്‍ കെയര്‍ സെക്രട്ടറി സാജിദ് ജാവിദ്‌ പറഞ്ഞു. 

യുകെയിലെ പൊതുജനങ്ങളെ വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം തന്നെ, സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികൾ ആളുകൾക്ക് യാത്ര എളുപ്പമാക്കും. ഒമിക്രോണ്‍ ഗുരുതരമായ ഭീഷണിയായി തുടരുന്ന സാഹചര്യത്തില്‍, യാത്രക്കാർ തുടർന്നും പരിശോധനയ്ക്ക് വിധേയരാകേണ്ടത് പ്രധാനമാണ്. ഇതുവരെയും വാക്സിന്‍ സ്വീകരിക്കാത്തവര്‍ അത് എത്രയും പെട്ടെന്ന് തന്നെ ചെയ്യണമെന്നും സാജിദ് ജാവിദ്‌ കൂട്ടിച്ചേര്‍ത്തു. 

പൊതുജനാരോഗ്യം സംരക്ഷണം

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായതിനേക്കാൾ കൂടുതൽ രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നിലനിർത്തില്ലെന്ന നയം തുടരുന്നതായി ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. അതുകൊണ്ടാണ് നവംബറിൽ ഒമിക്രോണ്‍ പ്രതിരോധനടപടിയായി അവതരിപ്പിച്ച താൽക്കാലിക, അധിക ടെസ്റ്റിങ് നടപടികൾ ഇപ്പോള്‍ നീക്കം ചെയ്യുന്നത്. ഇത്, പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് യാത്ര എളുപ്പവും ചെലവു കുറഞ്ഞതുമാക്കുകയും പുതിയ വര്‍ഷത്തില്‍ യാത്രാമേഖലയ്ക്ക് വലിയ ഉത്തേജനം നൽകുകയും ചെയ്യും.

രാജ്യാന്തര യാത്രയ്‌ക്കായി എൻഎച്ച്‌എസ് ടെസ്റ്റും ട്രേസ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും ഉപയോഗിക്കാൻ കഴിയാത്തതിനാൽ രാജ്യാന്തര യാത്രയ്‌ക്കുള്ള ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ഒരു സ്വകാര്യ ദാതാവിൽ നിന്ന് വേണം ചെയ്യാന്‍. യാത്രയ്‌ക്കായി ഉപയോഗിക്കാൻ നിലവില്‍ ആർടി പി‌സി‌ആർ എടുത്ത യാത്രക്കാർ‌ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല, ആർടി പി‌സി‌ആര്‍ റിപ്പോര്‍ട്ടുകൾ ഇപ്പോഴും ഉപയോഗിക്കാം.

വാക്‌സിനേഷൻ ഇല്ലെങ്കിൽ ആർടിപിസിആർ

വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ പുറപ്പെടുന്നതിന് ആർടി പിസിആർ ടെസ്റ്റ് ചെയ്ത റിപ്പോര്‍ട്ട് തുടര്‍ന്നും കയ്യില്‍ കരുതണം. രണ്ടാം ദിവസമോ അതിനുമുമ്പോ കൂടാതെ, എട്ടാം ദിവസമോ അതിനുശേഷമോ ആർടിപിസിആര്‍ എടുക്കണം. തുടര്‍ന്ന് 10 ദിവസത്തേക്ക് സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം. വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് സെല്‍ഫ് ഐസോലേഷന്‍ കാലയളവ് കുറയ്ക്കുന്നതിനുള്ള ഒരു ഓപ്ഷനായി 'ടെസ്റ്റ് ടു റിലീസ്' സൗകര്യം ഇപ്പോഴുമുണ്ട്.

ഇംഗ്ലണ്ടിലേക്കുള്ള പ്രവേശനം 

ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കുന്നതിന്, 15-ലധികം രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള വാക്സിനേഷന്‍ തെളിവ് ജനുവരി 10 തിങ്കളാഴ്ച പുലർച്ചെ 4 മുതൽ യാത്രാരേഖയായി സ്വീകരിക്കും. ഭൂട്ടാൻ, കാമറൂൺ, കോട്ട് ഡി ഐവയർ, ഫിജി, ഇറാഖ്, ലൈബീരിയ, മാലെ, മൗറിറ്റാനിയ, നൈജർ, സൈപ്രസിന് വടക്ക്, പലാവു , പാപുവ ന്യൂ ഗിനിയ, പരാഗ്വേ, സോളമൻ ദ്വീപുകൾ, ഗാംബിയ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടുന്നു.

നോവാവാക്‌സ്' വാക്‌സിന്‍റെ രണ്ടു വകഭേദങ്ങളായ കൊവോവാക്സ്, ന്യുവാക്സോവിഡ് എന്നിവയ്ക്ക് ലോകാരോഗ്യ സംഘടന ( WHO ) അടുത്തിടെ WHO എമർജൻസി യൂസ് ലിസ്റ്റ് (EUL) അംഗീകാരം നൽകിയിട്ടുണ്ട്. അതിനാൽ, ഈ വാക്സിന്‍റെ ഏതെങ്കിലും വകഭേദം സ്വീകരിച്ച യോഗ്യരായ യാത്രക്കാർക്ക് ജനുവരി 10 തിങ്കളാഴ്ച പുലർച്ചെ 4 മുതൽ ഇംഗ്ലണ്ടിലേക്കുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് അംഗീകാരം ലഭിക്കും.

റെഡ് ലിസ്റ്റിൽ നിന്നുള്ള ഒരു രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ അനുവദിക്കില്ല. യാത്രാ നടപടികളുടെ കൂടുതൽ അവലോകനം മാസാവസാനം നടത്തും.

English Summary: Pre-departure testing removed for vaccinated travellers

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA