ADVERTISEMENT

അല്‍പ്പം വ്യത്യസ്തമായ ഒരു യാത്രാവിഡിയോയുമായാണ് നടി അനു സിതാര ഇക്കുറി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. ഗോവയിലെ കടല്‍ത്തീരത്ത് നിന്നുമുള്ള മനോഹരമായ സായാഹ്ന ദൃശ്യങ്ങളാണ്  വിഡിയോയില്‍ ഉള്ളത്.  

ഗോവയിലെ "ബീച്ചുകളുടെ രാജ്ഞി" എന്നറിയപ്പെടുന്ന കലാൻഗുട്ട് ബീച്ചില്‍ നിന്നുമാണ് ഈ വിഡിയോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. വടക്കൻ ഗോവയിലെ ഏറ്റവും വലുതും ജനപ്രിയവുമായ ബീച്ചാണിത്. പ്രകൃതി സ്നേഹികൾ മുതൽ സാഹസികത ഇഷ്ടപ്പെടുന്നവരും പാർട്ടി ഫ്രീക്കുകളും വരെയുള്ള എല്ലാത്തരം സഞ്ചാരികളെയും ഇവിടം ഒരുപോലെ ആകര്‍ഷിക്കുന്നു. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുടെ മനോഹരമായ കാഴ്ചകൾക്കൊപ്പം ഗോവയുടെ ചരിത്രമുറങ്ങുന്ന ഇടങ്ങളില്‍ ഒന്നുകൂടിയാണ് ഈ ബീച്ച്. 

കടല്‍ത്തീരം മുഴുവനും ഇടതൂർന്ന ഈന്തപ്പനകളും തെങ്ങുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. രുചികരമായ ഭക്ഷണവും മദ്യവും ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വില്‍ക്കുന്ന കടകള്‍ ബീച്ചില്‍ ധാരാളമുണ്ട്. പോർച്ചുഗീസ് ശൈലിയിലുള്ള പുരാതന കെട്ടിടങ്ങളും കലാൻഗുട്ട് ബീച്ചിനരികിലുള്ള പ്രദേശങ്ങളില്‍ ധാരാളം കാണാം. 

പാരാസെയിലിങ്, ജെറ്റ് സ്കീയിങ്, ബനാന റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇവിടെ ആസ്വദിക്കാം. ടിയോ ടില്ലി ബാര്‍, റെഡ് ലയൺ പബ്, കാർവാലോ, സൂസ ലോബോ, ചെൽസി ബീച്ച് ഷാക്ക്, ടിബറ്റൻ മാർക്കറ്റ്, കലാൻഗുട്ട് നായിക്‌വാഡി ഫിഷ് മാർക്കറ്റ് എന്നിവയും ഇവിടം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ആസ്വദിക്കേണ്ട ഇടങ്ങളാണ്. കലാൻഗുട്ട് ബീച്ചിന് സമീപത്തായി സ്ഥിതിചെയ്യുന്ന അഗ്വാഡ ഫോർട്ട്, ബാഗ ബീച്ച്, കേർക്കർ ആർട്ട് ഗാലറി, സെന്‍റ് അലക്‌സ് ചർച്ച്, ഔവർ ലേഡി ഓഫ് പീറ്റി എന്നിവയും സന്ദര്‍ശിക്കാം.

പനാജിയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് കലാൻഗുട്ട് ബീച്ച്. പനാജിയിൽ നിന്ന് ബീച്ചിലെത്താനുള്ള ഏറ്റവും നല്ല മാർഗം സ്വകാര്യ, പൊതു ബസ് സർവീസുകളാണ്. പനാജിയിൽ നിന്ന് കലൻഗുട്ട് ബീച്ചിലേക്ക് സ്ഥിരമായി ധാരാളം ബസുകൾ ഓടുന്നുണ്ട്.  സ്വകാര്യവാഹനങ്ങളിലാണ് യാത്രയെങ്കില്‍ ഇവിടെ എത്താൻ ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ എടുക്കും. ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഇവിടേക്ക് 40 കിലോമീറ്റർ ആണ് ദൂരം. ഇവിടെ നിന്നും ടാക്സി വഴി അര മണിക്കൂര്‍ കൊണ്ട് ബീച്ചില്‍ എത്താം.

വർഷത്തിൽ ഏത് സമയത്തും ഈ ബീച്ച് സന്ദർശിക്കാമെങ്കിലും, ഒക്ടോബർ അവസാനം മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യമായ സമയം. അധികം മഴയോ വെയിലോ ഇല്ലാതെ, സുഖകരമായ കാലാവസ്ഥയായിരിക്കും ഈ സമയത്ത് ഇവിടെ ഉണ്ടാവുക. 

English Summary: Anu Sithara Shares Beautiful Pictures from Goa Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com