ADVERTISEMENT

യാത്രകൾ ജീവിതത്തിന്റെ ഭാഗമല്ല,  ജീവിതം തന്നെയാണ്. പന്ത്രണ്ടു വർഷത്തിനിടെ കാരവാനിൽ 90 രാജ്യങ്ങൾ സന്ദർശിച്ച ജർമൻ സ്വദേശികളായ ദമ്പതികൾ യാത്രാപ്രേമികൾക്ക് എന്നും റോൾമോ‍ഡലാണ്. ഓരോ രാജ്യത്തെയും കാഴ്ചകളും വൈവിധ്യമാർന്ന മുഖങ്ങളും ഇവരെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല , പുതിയ അറിവുകൾ കൂടിയാണ് സമ്മാനിക്കുന്നത്. കാടും മലയും ഭൂഖണ്ഡങ്ങളും താണ്ടിയുള്ള ഇരുവരുടെയും കാരവൻ യാത്ര കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. 

മിലിട്ടറി ട്രക്ക് കാരവാനാക്കി 

എൻജിനീയറായ ടോർബനും എഴുത്തുകാരിയായ മിഖായേലിനും യാത്രകളോടുള്ള അടങ്ങാത്ത മോഹമാണ് ഇവരെ ഇത്തരമൊരു ലോകസഞ്ചാരത്തിനു പ്രേരിപ്പിച്ചത്. പന്ത്രണ്ടു വർഷം മുൻപാണ് മിലിട്ടറി ട്രക്ക് കാരവാനാക്കി മാറ്റി. ഒരു ചെറു കുടുംബത്തിനു കഴിയാവുന്ന തരത്തിൽ രൂപമാറ്റവും വരുത്തിയാണ് രണ്ടു കുട്ടികളുമായി ഇവർ ലോകം ചുറ്റാനിറങ്ങിയത്.

ഭക്ഷണമുണ്ടാക്കാനും ഉറങ്ങാനുമെല്ലാമുള്ള സൗകര്യം ഇവരുടെ വാഹനത്തിലുണ്ട്. ഒരു രാജ്യത്തിന്റെ യഥാർഥ സംസ്കാരവും കാഴ്ചകളും കാണാൻ കാരവനിലുള്ള യാത്ര ഏറെ സഹായകരമാണെന്നാണ് ഇവർ പറയുന്നത്. 

കേരളത്തിലൂടെ

ഇന്ത്യയിലെ കാഴ്ചകൾ കണ്ട് ലോക പൈത്യക നഗരമായ ഹംപിയിലെ കാഴ്ചകൾ കണ്ട് നേരെ ഗോവയിലേക്ക് അവിടെ നിന്നും കേരളത്തിലേക്കായിരുന്നു യാത്ര. കേരളത്തിന്റെ ഹരിതഭംഗി ആസ്വദിച്ച് മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെയുള്ള കാരവാൻ യാത്രകളുടെ ചിത്രങ്ങളും വിഡിയോയും ഇക്കൂട്ടരുടെ യാത്രാ വ്ളോഗിലുണ്ട്.

പാടശേഖരങ്ങളും കായൽ സവാരിയുമായി കുട്ടനാടിന്റെ മണ്ണിലേക്കും ഇൗ യാത്രാപ്രേമികൾ എത്തി. പ്രക‍ൃതിയുടെ പച്ചപ്പും കുട്ടനാടിന്റെ കാഴ്ചയും അടിപൊളി കേരളീയ രുചിയും നുകർന്നുള്ള യാത്രയായിരുന്നു. ഒരു ദിവസം കാഴചകൾ ആസ്വദിച്ച് ഹൗസബോട്ടിൽ താമസിക്കാൻ സാധിച്ചതും മറക്കാനാവില്ലെന്ന് ഇവർ പറയുന്നു. കടലും കായലും ഒന്നിക്കുന്ന മനോഹാരിത നിറഞ്ഞ കാപ്പില്‍ ബീച്ചിലേക്കും വെള്ളമണൽ വിരിച്ച  കടലോരവും നീണ്ട ചെങ്കൽ കുന്നുകളും നിറഞ്ഞ വർക്കല ബീച്ചിന്റെ സൗന്ദര്യത്തിലേക്കും ഇവർ യാത്ര നടത്തി. 

കാരവാൻ ടൂറിസം

കേരളത്തിൽ വാൻ ലൈഫ് എന്ന പേരിൽ ചെറു കാരവനുകൾ നിർമിച്ച് യാത്ര നടത്തുന്ന രീതി ഏതാനും വർഷങ്ങളായി വളർന്നു വരികയായിരുന്നു. വാഹനങ്ങളിൽ അനധികൃതമായി നടത്തുന്ന ഇത്തരം മോടിപിടിപ്പിക്കലുകൾ അപകടങ്ങൾക്ക് ഇടയാക്കും. അതിനെതിരെ മോട്ടർ വാഹന വകുപ്പ് ശക്തമായി രംഗത്തുവരികയും ചെയ്തു. കാരവനുകൾക്ക് അംഗീകാരം നൽകുന്നതോടെ കാരവൻ സ്വന്തമാക്കിയോ വാടകയ്ക്കെടുത്തോ നിയമം അനുസരിച്ചു യാത്രകൾ നടത്താവുന്ന സ്ഥിതിയാണ് ഇപ്പോൾ.

ഒരു വാഹനത്തിൽ കറങ്ങി നടന്ന്, അതിൽത്തന്നെ ഉറങ്ങി കാഴ്ചകൾ കാണുന്നതാണു കാരവൻ ടൂറിസം. ഇവ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം ഒരുക്കുന്നതും പുതിയ തൊഴിൽ സാധ്യതകളും സംസ്ഥാനത്തിനു വരുമാനവും സൃഷ്ടിക്കുന്നതാണ്.

കേരളത്തിൽ ആരംഭിച്ച കാരവൻ ടൂറിസത്തിന്റെ ഭാഗമായാണ് ടോർബനും മിഖായേലും സംസ്ഥാനത്തെത്തിയത്. കേരളത്തിലെ കാരവൻ ടൂറിസത്തിനു മികച്ച സന്ദേശം നൽകുന്നതാണ് ഇരുവരുടെയും യാത്രാ ചരിത്രം. വൈവിധ്യങ്ങൾ തേടിയുള്ള ഈ ദമ്പതികളുടെ യാത്ര ലോകത്തിലെ മുഴുവൻ രാജ്യങ്ങളും താണ്ടണമെന്ന ലക്ഷ്യത്തോടെ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

English Summary: German Family Travelling Across India in Caravan Reaches Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com