ADVERTISEMENT

സഞ്ചാരികള്‍ക്കായി ദിനംപ്രതിയെന്നോണം പുതിയ കാഴ്ചകളും അനുഭവങ്ങളും ഒരുക്കുന്ന മായികനഗരമാണ് ദുബായ്. വിസ്മയത്തിന്‍റെ ഈ ലോകത്തേക്ക് പുതിയൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി വന്നിരിക്കുകയാണ് ഇപ്പോള്‍. ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന ഖ്യാതിയോടെ, മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ ചൊവ്വാഴ്ച ദുബായില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം ആണ് മ്യൂസിയം  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വർണ്ണാഭമായ ലേസർ ലൈറ്റ് ഷോയില്‍ തിളങ്ങിയ മ്യൂസിയത്തിന്‍റെ മുന്‍വശം കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. 

museum-of-future5

ദുബായ് നഗരത്തിലെ പ്രധാന ഹൈവേയായ ഷെയ്ഖ് സായിദ് റോഡിലായി, ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലാണ് രാജ്യത്തിന്‍റെ അഭിമാന സ്തംഭമായ ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് മിനിറ്റുകൾ മാത്രം അകലെയാണ് മ്യൂസിയം. ദുബായ് ഭരണാധികാരിയുടെ അറബി കാലിഗ്രാഫി ഉദ്ധരണികൾ കൊണ്ട് അലങ്കരിച്ച ഏഴ് നിലകളുള്ള പൊള്ളയായ വെള്ളി ദീർഘവൃത്തമാണ് മ്യൂസിയം. സന്ദർശകരെ "2071-ലേക്കുള്ള യാത്ര"യിലേക്ക് കൊണ്ടുപോകുന്ന, രൂപകൽപനയും സാങ്കേതിക വിദ്യകളുമായിരിക്കും ഇതിന്‍റെ മുഖമുദ്ര. നൂതനവും ഭാവിയുക്തവുമായ ആശയങ്ങൾ, സേവനങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവ ഇതിനുള്ളില്‍ പ്രദര്‍ശിപ്പിക്കും.

museum-of-future6

ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ഒരുക്കുന്ന മ്യൂസിയം, 2021-ൽ തുറക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ഡിസംബറോടെ പണി പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ ഉദ്ഘാടനം വൈകി. പിന്നീട് ഉദ്ഘാടനത്തിനായി പാലിൻഡ്രോം തീയതിയായ 2022 ഫെബ്രുവരി 22 ഔദ്യോഗികമായി തിരഞ്ഞെടുത്തു.

റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകളിൽ സാങ്കേതിക വികസനവും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മ്യൂസിയത്തിന്‍റെ പ്രധാന ലക്ഷ്യം.

museum-of-future

മനോഹരമായ രൂപം

ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘടനകളിലൊന്നായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ രൂപകല്പന ചെയ്തത്, കില്ല ഡിസൈൻ ആർക്കിടെക്ചർ സ്റ്റുഡിയോയാണ് ബ്യൂറോ ഹാപ്പോൾഡാണ് എന്‍ജിനീയര്‍. മ്യൂസിയത്തിനായി, അവര്‍ പുതിയ പാരാമെട്രിക് ഡിസൈനും ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (ബിഐഎം) ടൂളുകളും വികസിപ്പിച്ചെടുത്തു.

എമിറേറ്റിന്‍റെ ഭാവിയെക്കുറിച്ച് ദുബായ് ഭരണാധികാരി എഴുതിയ അറബി കവിത ആലേഖനം ചെയ്ത ജനാലകളാണ് കെട്ടിടത്തിന്‍റെ പുറംഭാഗം. സ്റ്റെയിൻലെസ് സ്റ്റീൽ പൊതിഞ്ഞ 1,024 അഗ്നിശമന സംയോജിത പാനലുകൾ ഇവിടെയുണ്ട്. അറബി ലിപി സൃഷ്ടിക്കാൻ തനതായ 3D ആകൃതിയുള്ളതാണ് ഇവ ഓരോന്നും.

museum-of-future2

വിവിധ വിഷയങ്ങള്‍ക്കായി സമർപ്പിച്ചിരിക്കുന്ന ഏഴ് നിലകളാണ് മ്യൂസിയത്തിലുള്ളത്. മൂന്ന് നിലകൾ ബഹിരാകാശ വിഭവ വികസനം, പരിസ്ഥിതി വ്യവസ്ഥകൾ, ബയോ എഞ്ചിനീയറിങ് , ആരോഗ്യം, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറ്റ് നിലകൾ ആരോഗ്യം, വെള്ളം, ഭക്ഷണം, ഗതാഗതം, ഊർജം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമീപ ഭാവി സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നു, അവസാന നില കുട്ടികൾക്കായുള്ളതാണ്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശന സമയം. വിവരങ്ങൾക്ക് സൈറ്റ്: www.motf.ae സന്ദര്‍ശിക്കാം.

മ്യൂസിയത്തിന്‍റെ ചരിത്രം

∙ 2015 മാർച്ച് 4 ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചതാണ് ഈ മ്യൂസിയം. പിന്നീട്, ലോക ഗവൺമെന്റ് ഉച്ചകോടി 2016- ന്‍റെ ഭാഗമായി 2016 ഫെബ്രുവരി 7 ന് മുഹമ്മദ് ബിൻ റാഷിദ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

∙ 2016 ഏപ്രിൽ 30-ന്, ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിജിറ്റൽ ആർക്കിയോളജി , യുനെസ്കോ, ഹാർവാർഡ് , ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റികൾ എന്നിവര്‍ ചേർന്ന്, 2015-ൽ ഐസിസ് നശിപ്പിച്ച പാൽമിറയിലെ ക്ഷേത്ര കമാനത്തിന്‍റെ 3D പ്രിന്‍റ് അനാവരണം ചെയ്തു. 

museum-of-future4

∙ 2016 ഏപ്രിൽ 24-ന് മുഹമ്മദ് ബിൻ റാഷിദ് 'ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ' ആരംഭിച്ചു. അന്നുമുതല്‍ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ ഭാഗമായി.

∙ 2017 ഫെബ്രുവരി 10 നും 2018 ഫെബ്രുവരി 9 നും നടന്ന ലോക ഗവൺമെന്‍റ് ഉച്ചകോടിക്കിടെ മദീനത്ത് ജുമൈറയിൽ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ താൽക്കാലികമായി തുറന്നു.

∙ 2022 ഫെബ്രുവരി 17 ന്, മ്യൂസിയം 5 ദിവസത്തിനുള്ളിൽ, 2022 ഫെബ്രുവരി 22 ന് തുറക്കുമെന്ന് പ്രഖ്യാപിച്ചു.

 മ്യൂസിയത്തിന്‍റെ പ്രധാന വിഷയങ്ങള്‍

വേൾഡ് ഗവൺമെന്‍റ് ഉച്ചകോടിയുടെ ഭാഗമായി, 2016-ൽ ഉദ്ഘാടനം ചെയ്തതിനുശേഷം മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട് . ഓരോ എക്സിബിഷനുകളും വ്യത്യസ്ത മേഖലകളിലെ സാങ്കേതികവിദ്യ കേന്ദ്രീകരിച്ച്, വ്യത്യസ്തമായ വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തത്.

2016 ഒക്ടോബറിൽ നടന്ന മെക്കാനിക് ലൈഫ് എക്സിബിഷനില്‍, വികാരങ്ങൾ മനസ്സിലാക്കുന്ന അത്യാധുനിക റോബോട്ടുകള്‍ എന്നതായിരുന്നു ആശയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമൻ ഓഗ്‌മെന്റേഷൻ എന്നിവയിലും ഇത് ശ്രദ്ധ കേന്ദ്രീകരിച്ചു.

ഭാവിയിലെ നഗരങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് തങ്ങളുടെ മറ്റൊരു പ്രധാന ലക്ഷ്യമെന്ന് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പറയുന്നു. പാർപ്പിട നവീകരണങ്ങൾ കൂടാതെ, ഇത് ഗവേഷകരെയും ഡിസൈനർമാരെയും ശാസ്ത്രജ്ഞരെയും ഇന്‍വെസ്റ്റര്‍മാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരും. 

ആരോഗ്യം, വിദ്യാഭ്യാസം, സ്മാർട്ട് സിറ്റികൾ, ഊർജം, ഗതാഗതം എന്നിവയുൾപ്പെടെ നിരവധി മേഖലകൾക്കായി സമർപ്പിച്ചിരിക്കുന്ന ഇന്നൊവേഷൻ ലാബുകൾ മ്യൂസിയത്തിലുണ്ടാകും. ഗവേഷണ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും സഹകരിച്ച് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും.

English Summary: Most Beautiful Building On Earth, Museum Of Future Opens In Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com