ADVERTISEMENT

ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെയുള്ള 18 ദിവസത്തെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര ജൂൺ 21 മുതൽ തുടങ്ങും. ഇന്ത്യന്‍ റെയില്‍വേ സ്വദേശ് ദർശൻ സ്കീമിന് കീഴിലാണ് യാത്ര സംഘടിപ്പിക്കുന്നത്. നേപ്പാളിലെ രാം ജാനകി ക്ഷേത്രം, ശ്രീരാമ ജന്മഭൂമി ക്ഷേത്രം, അയോധ്യയിലെ ഹനുമാൻ ക്ഷേത്രം എന്നിവയടക്കം രാമായണപുരാണവുമായി ബന്ധപ്പെട്ടുള്ള പ്രധാന സ്ഥലങ്ങളിലൂടെയുള്ള യാത്രയാണിത്.

ട്രെയിന്‍ സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ജൂൺ 21-ന് പുറപ്പെടും. മൂന്നാം ക്ലാസ് എസി കോച്ചുകളിൽ ആകെ 600 യാത്രക്കാർക്ക് യാത്ര ചെയ്യാം.

ആദ്യം നേപ്പാളിലെ ജനക്പൂരിലേക്കും തുടർന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്കുമാണ് ട്രെയിന്‍ ആദ്യമായി സഞ്ചാരികളെ കൊണ്ടുപോകുക. അതിനുശേഷം ബീഹാറിലെ ബക്‌സർ സന്ദർശിക്കാം. അവിടെ മഹർഷി വിശ്വാമിത്രന്‍റെ ആശ്രമത്തിലും രാംരേഖ ഘട്ടിലും പോകാം. സീതയുടെ ജന്മസ്ഥലമായ സീതാമർഹിയാണ് അടുത്ത സ്ഥലം. അതിനുശേഷം, ലോകത്തിലെ ഏറ്റവും പഴയ നഗരമായ വരാണസിയും  'സീതാ സമാഹിത സ്ഥല്‍', പ്രയാഗ്, ശൃംഗർപൂർ, ചിത്രകൂട് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താം.

വാരണാസിയിൽ നിന്ന് നാസിക്കിലെ ത്രയംബകേശ്വര ക്ഷേത്രം, പഞ്ചവടി എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. തുടര്‍ന്ന്, ഹംപിയിലെ പുരാതന നഗരമായ കൃഷ്കിന്ധയിലുള്ള ആഞ്ജനേയാദ്രി മലനിരകളിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കും. പിന്നീട്, രാമസേതു സ്ഥിതിചെയ്യുന്ന രാമേശ്വരത്തെത്തും. രാമനാഥസ്വാമി ക്ഷേത്രവും ധനുഷ്കോടിയും സന്ദര്‍ശിച്ച ശേഷം, തെലങ്കാനയിലെ ഭദ്രാചലം തുടർന്ന് ശിവ കാഞ്ചി, വിഷ്ണു കാഞ്ചി, കാഞ്ചീപുരത്തെ കാമാക്ഷി ക്ഷേത്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കാണ് യാത്ര.

വടക്ക് മുതൽ ദക്ഷിണേന്ത്യ വരെ 8000 കിലോമീറ്റർ ദൂരത്തിനുള്ളില്‍, ശ്രീരാമനുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥലങ്ങളും ചുറ്റിക്കണ്ട ശേഷം 18-ാം ദിവസം ട്രെയിന്‍ ഡൽഹിയിലേക്ക് മടങ്ങിയെത്തും.

വെജിറ്റേറിയന്‍ ഭക്ഷണമാണ് യാത്രയിലുടനീളം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. സിസിടിവി ക്യാമറകൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെക്യൂരിറ്റി ഗാർഡ് സേവനങ്ങൾ എന്നിവയും ഈ ട്രെയിനിന്‍റെ സവിശേഷതകളില്‍പ്പെടുന്നു. 18 ദിവസത്തെ പാക്കേജിന് ഒരാള്‍ക്ക് 62,370 മുതലാണ് ചാര്‍ജ് ആരംഭിക്കുന്നത്. ആദ്യത്തെ 100 ബുക്കിങ്ങുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irctctourism.com/pacakage_description?packageCode=CBG01 എന്ന പേജ് സന്ദര്‍ശിക്കാം.

English Summary: IRCTC’s Bharat Gaurav Train Covering The Ramayana Circuit To Start Operations From June 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com