ADVERTISEMENT

ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്യാവുന്ന ഒയോ റൂംസിനെതിരെ വ്യാപകമായ പരാതികളാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈനിലൂടെ പണമടച്ച് ഹോട്ടൽ മുറി ബുക്ക് ചെയ്തവർക്ക് എത്തിച്ചേരുമ്പോൾ റൂം ഇല്ലെന്നു മാത്രമല്ല ബുക്ക് ചെയ്ത പണവും നഷ്ടമായ നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. ഒയോ റൂംസ് പോലുള്ള മുന്‍നിര ഹോസ്പിറ്റാലിറ്റി കമ്പനിയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ദുരനുഭവമാണ് അനൂപ്കുമാര്‍ എന്ന യുവാവ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

സമാന അനുഭവത്തിലൂടെ പണം നഷ്ടമായിട്ടുണ്ടെന്നു കുറിച്ചുകൊണ്ട് നിരവധിപേർ അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. റൂം ബുക്ക് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് പലരും ഇതിനെതിരെ പ്രതികരിക്കുന്നത്.

ബുക്ക് ചെയ്ത റൂം ലഭിക്കാതെ രാത്രിയില്‍ പരിചിതമല്ലാത്ത സ്ഥലത്ത് കുടുംബവുമായി അലയേണ്ട സാഹചര്യം ഒന്ന് ആലോചിച്ചു നോക്കൂ. റൂം ലഭിച്ചില്ലെന്ന് മാത്രമല്ല ബുക്ക് ചെയ്ത പണവും നഷ്ടമായ അവസ്ഥയാണ് അനൂപ് പങ്കുവയ്ക്കുന്നത്. ഒടുവില്‍ ഒരു മാസ്റ്റര്‍പ്ലാന്‍ തന്നെ തയാറാക്കി ഒയോ അധികൃതരുമായി വീണ്ടും ബന്ധപ്പെട്ട് നഷ്ടമായ പണം വീണ്ടെടുത്തെങ്കിലും ഇൗ ദുരവസ്ഥ മറ്റാര്‍ക്കും സംഭവിക്കരുതെന്ന് കരുതിയാണ് താൻ നേരിട്ട ദുരനുഭവം പങ്കുവയ്ക്കുന്നതെന്നും അനൂപ് കുറിപ്പിൽ പറയുന്നു.

സോഷ്യൽമീഡിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഒയോയിൽ റൂം ബുക്ക് ചെയ്യാൻ ഒരുങ്ങുന്നവർ സൂക്ഷിക്കുക.. നിങ്ങളുടെ റൂമും പണവും നഷ്ടപ്പെട്ടേക്കാം, ഇന്നലെ എനിക്ക് സംഭവിച്ചത് ഇന്നലെ ആലപ്പുഴയിൽ ഉള്ള രാഗം ഹോം സ്റ്റേയിൽ ഒയോ വഴി ഞാൻ ഒരു റൂം ബുക്ക് ചെയ്തു. കനത്ത മഴയത്ത് ആ സന്ധ്യയ്ക്ക് വണ്ടി ഒടിച്ച് അവിടെ എത്തി.. റിസപ്ഷനിസ്റ്റിനോട് റൂം ചോദിച്ചപ്പോൾ രണ്ട് ദിവസത്തേക്ക് എല്ലാ റൂമും ബുക്ക്ഡ് ആണെന്ന് അയാൾ.. ഞാൻ ഒയോ വഴി റൂം ബുക്ക് ചെയ്തിട്ടുണ്ട്, പണമടച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആ ഹോട്ടലിന് ഒയോ ആയി യാതൊരു ബന്ധവുമില്ല, ഇവിടെ റൂമുമില്ല എന്ന് അയാൾ പറഞ്ഞു.. പിന്നെ ഒയോയിൽ നിങ്ങളുടെ ഹോം സ്റ്റേ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ റിസപ്ഷനിസ്റ്റ് കൈ മലർത്തുന്നു!! നല്ല തർക്കത്തിന് ശേഷം ഞാൻ പുറത്തിറങ്ങി ഒയോ കസ്റ്റമർ കെയറിൽ വിളിച്ചു കാര്യം പറഞ്ഞു.. "You please hold on, we will connect our Service department" എന്ന് പറഞ്ഞു കുറേ നേരം ഹോൾഡ് ചെയ്യിച്ചിട്ട് അവർ ഫോൺ കട്ട് ചെയ്തു.. 25 ഓളം തവണ ഞാൻ വീണ്ടും വീണ്ടും വിളിച്ചു.. അവസാനം രണ്ട് പുളിച്ചത് പറഞ്ഞപ്പോൾ റീഫണ്ട് ചെയ്യാമെന്ന് പറഞ്ഞു.. 5 മിനിറ്റിനുള്ളിൽ റീഫണ്ട് കിട്ടി... എത്ര ആണെന്ന് അറിയാമോ? 30 രൂപ!!!!! അതിന്റെ സ്‌ക്രീൻ ഷോട്ട് ഞാൻ അറ്റാച്ച് ചെയ്തിട്ടുണ്ട്.. പിന്നീട് വിളിച്ചിട്ട് എന്റെ നമ്പർ അവർ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു.. പണവും റൂമും പോയതിലുപരി നമ്മുടെ ഇന്ത്യയിൽ ആണല്ലോ ഈ കൊള്ളക്കാർ ഈ പകൽ കൊള്ള നടത്തുന്നത് എന്ന വിഷമത്തിൽ ഞാൻ യാത്ര തിരിച്ചു... എത്രയെത്ര പാവങ്ങൾ ഇവന്മാരുടെ കൊള്ളയ്ക്ക് ഇരയായിട്ടുണ്ടാകും എന്ന് സങ്കടപ്പെട്ടു..

എങ്ങനെയും എന്നെ ചീറ്റ് ചെയ്ത് ഇവന്മാർ സ്വന്തമാക്കിയ പണം ഞാൻ തിരിച്ചെടുക്കും, ഇനിയൊരു പാവങ്ങൾക്കും ഈ ഗതി വരരുത് എന്ന് മനസ്സിൽ ഉറപ്പിച്ച് ഒരു മാസ്റ്റർ പ്ലാൻ തയാറാക്കി ഇന്ന് ഇവന്മാരുമായി ബന്ധപ്പെട്ടു... 1.2 മില്യൺ സബ്സ്ക്രൈബെഴ്‌സ് ഉള്ള എന്റെ യു ട്യൂബ് ചാനലിൽ ഇന്ന് വൈകിട്ട് 5 മണിക്ക് ഈ തട്ടിപ്പിന്റെ വ്ലോഗ് വരുമെന്നും, ജേർണലിസ്റ്റ് ആയ ഞാൻ നാളത്തെ ദേശീയ- പ്രാദേശിക ദിനപ്പത്രങ്ങളിൽ ഈ വാർത്ത കൊടുക്കുമെന്നും വെറുതെ മെസ്സേജ് ചെയ്തപ്പോൾ അവരുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് എന്നെ ഇങ്ങോട്ട് വിളിച്ചു, ആദ്യമായി... ഞാൻ ഈ കാര്യങ്ങൾ ഒന്ന് കൂടി ഉറപ്പിച്ചു പറഞ്ഞപ്പോൾ എന്നോട് സോറി പറഞ്ഞിട്ട് 14 ദിവസത്തിനുള്ളിൽ പണം തരാമെന്നായി.. ഇന്ന് ഒരു മണിക്കൂറിനുള്ളിൽ റീഫണ്ട് തരുമെങ്കിൽ എനിക്ക് മതി, അത് കഴിഞ്ഞാൽ നിങ്ങളുടെ തട്ടിപ്പിന്റെ കഥ പുറംലോകം അറിയും എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.. സംഗതി പിടിവിട്ടു എന്ന് ബോധ്യപ്പെട്ട എക്സിക്യൂട്ടീവ് എന്നെ ലൈനിൽ ഹോൾഡ് ചെയ്യിച്ച് അപ്പോൾ തന്നെ മുഴുവൻ പണവും ട്രാൻസ്ഫർ ചെയ്ത് തന്നു.

കുറേ കളി നമുക്കും അറിയാവുന്നത് കൊണ്ട് അവന്മാരുടെ കളി ഇവിടെ നടന്നില്ല.. എങ്കിലും ഒന്നാലോചിച്ച് നോക്കൂ എത്ര പാവങ്ങളുടെ പണം ഇവന്മാർ ഇങ്ങനെ തട്ടിയിട്ടുണ്ടാകും!!

English Summary: Online Hotel Booking Fraud Man Lost Money on oyo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com