ADVERTISEMENT

ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തിന്‍റെ തെക്ക് ഭാഗത്തായി, ആൾട്ടോ റിബെയ്‌റ ടൂറിസ്റ്റ് സ്റ്റേറ്റ് പാർക്കിലെ കാർസ്റ്റിക് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗുഹയാണ് ഗ്രൂട്ട കാസ ഡി പെദ്ര. ഹൗസ് ഓഫ് സ്റ്റോൺ കേവ് എന്നും ഇതിനെ വിളിക്കാറുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്‍പ് രൂപപ്പെട്ട ഈ ഗുഹയുടെ കവാടമാണ് ലോകത്ത് ഇന്നുള്ളതില്‍ വച്ച് ഏറ്റവും ഭീമാകാരമായ ഗുഹാകവാടം. ഇതിന് ഏകദേശം, 2,930 മീറ്റർ നീളവും 215 മീറ്റർ ഉയരവും ഉണ്ടെന്നു കണക്കാക്കുന്നു. 

മഴക്കാടുകളും കാഴ്ചയും

ആൾട്ടോ റിബെയ്‌റ ടൂറിസ്റ്റ് സ്റ്റേറ്റ് പാർക്കിനുള്ളില്‍ കാണാന്‍ വേറെയും കാഴ്ചകളുണ്ട്. സമൃദ്ധമായ അറ്റ്ലാന്റിക് മഴക്കാടുകള്‍ നിറഞ്ഞ പർവതപ്രദേശത്തെ സംരക്ഷിക്കുന്നതിനായാണ് ഇവിടം നാഷണല്‍ പാര്‍ക്ക് ആയി പ്രഖ്യാപിച്ചത്. ചുണ്ണാമ്പുകല്ലുകളും നദികളും വെള്ളച്ചാട്ടങ്ങളും മൺകൂനകളും കൗതുകകരമായ ഭൂഗർഭ രൂപീകരണങ്ങളും പ്രകൃതിദത്തമായ കുളങ്ങളും ജൈവവൈവിധ്യ ശേഖരവുമെല്ലാം ഇവിടേക്കുള്ള സന്ദര്‍ശനം അര്‍ത്ഥവത്താക്കുന്നു.

നാഷണല്‍ പാര്‍ക്ക് പ്രദേശത്ത് 350-ലധികം ഗുഹകളുണ്ട്, ഇവയില്‍ ചിലത് മാത്രമാണ് സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നത്. ഇക്കൂട്ടത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഗുഹയല്ല കാസ ഡ പെദ്ര. എന്നാല്‍ ട്രെക്കിങ് നടത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് ഇവിടം. 

ഗുഹയുടെ തുരങ്കങ്ങൾക്ക് 1300 അടിയിലധികം നീളവും ഉള്ളില്‍ അഞ്ച് വലിയ ഹാളുകളും ഉണ്ട്. ഗുഹയ്ക്കുള്ളില്‍ അവിടവിടെയായി നിറയെ വവ്വാല്‍ക്കൂട്ടങ്ങള്‍ തമ്പടിച്ചിരിക്കുന്ന കാഴ്ചയും കാണാം. ഗുഹാമുഖത്തിന്‍റെ ഒരു ഭാഗത്തുകൂടി ഒരു നദി ഒഴുകുന്നുണ്ട്. കുത്തനെയുള്ള വശങ്ങളിൽ നൂറുകണക്കിന് വർഷം പഴക്കമുള്ള വലിയ സ്റ്റാലക്റ്റൈറ്റുകളും സ്റ്റാലഗ്മൈറ്റുകളും ഉണ്ട്. 

ദേശീയ ഉദ്യാനത്തിനുള്ളിലെ നാല് സന്ദർശക കേന്ദ്രങ്ങളിലൊന്നായ കാസ ഡ പെദ്ര ന്യൂക്ലിയോയ്ക്ക് സമീപമാണ് ഗുഹ തുറക്കുന്നത്. കൊളോണിയൽ ഗ്രാമമായ ഇപോറംഗയിൽ നിന്ന് ഇവിടേക്ക് ഏകദേശം 10 മൈൽ ഡ്രൈവ് ചെയ്തെത്താം. മുഴുവന്‍ കാഴ്ചകളും കാണാന്‍ കുറഞ്ഞത് മൂന്നോ നാലോ ദിവസമെങ്കിലും എടുക്കും. 

English Summary: House of Stone" is the largest cave mouth in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com