ADVERTISEMENT

കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ആസ്വദിക്കാവുന്ന യാത്രകളാണ് റോഡ് ട്രിപ്പുകള്‍. കുറച്ച് മുന്‍കരുതലുകളും തയാറെടുപ്പുമൊക്കെയുണ്ടെങ്കില്‍ കുടുംബവുമൊത്തുള്ള റോഡ് ട്രിപ്പുകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാം.

റോഡ് ട്രിപ്പിന് ഒരുങ്ങുമ്പോള്‍ ആദ്യം തിരിച്ചറിയേണ്ട കാര്യം കോവിഡ് ഇപ്പോഴും പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ലെന്നതാണ്. കുടുംബത്തോടൊപ്പമുള്ള ഒരു റോഡ് ട്രിപ്പ് കോവിഡിന് മുമ്പ് പ്ലാന്‍ ചെയ്തിരുന്ന പോലെയല്ല ഇപ്പോള്‍ ചെയ്യേണ്ടത്. നിങ്ങളുടെ കൂട്ടത്തില്‍ കുട്ടികളുണ്ടെങ്കില്‍ അവരെ സുരക്ഷിതരാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഫലവും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും മാസ്‌കും ഹാന്‍ഡ് സാനറ്റെയ്‌സറുകളും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 

ഇതുപോലെ റോഡ് ട്രിപ്പിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓരോന്നോരോന്നായി വിശദമായി നോക്കാം.

∙ സ്വന്തം കാറിലാണ് പോവുന്നതെങ്കില്‍ വാഹനം നല്ല കണ്ടീഷനിലാണെന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി പരിശോധിക്കുന്നതും നല്ലതാണ്. ആവശ്യത്തിന് ടൂള്‍സും ഉപയോഗിക്കാനാവുന്ന സ്‌പെയര്‍ ടയറും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഏതുതരം ഭൂപ്രദേശത്തേക്കാണ് പോവുന്നത് അവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ എന്നിവക്കനുസരിച്ച് കാര്‍ ഒരുക്കിയെടുക്കണം.

∙ ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് കടലാസുകള്‍, വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ എന്നിവയൊക്കെ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 

∙ നമ്മുടെ സാധാരണ യാത്രകളില്‍ ഗൂഗിള്‍ മാപ്പ് വളരെയധികം ഉപയോഗിക്കാറുണ്ട്. എന്നാല്‍ തീരെ പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് പ്രത്യേകിച്ചും നഗരങ്ങളില്‍ നിന്നും മാറിയുള്ള പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ പലപ്പോഴും ഗൂഗിള്‍ മാപ്പ് വഴിതെറ്റിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് യാത്രക്ക് മുമ്പ് പോകുന്ന വഴി ഒന്ന് ആദ്യമേ പരിശോധിച്ച് ഉറപ്പിക്കുന്നത് നല്ലതാണ്. നിങ്ങള്‍ പോകുന്ന വഴിയില്‍ എന്തെങ്കിലും തടസങ്ങളുണ്ടോയെന്നോ നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ഗൂഗിള്‍ മാപ്പിനേക്കാളും തീര്‍ച്ചയായും മനുഷ്യരെ വിശ്വസിക്കുക. ആവശ്യമെങ്കില്‍ പ്രദേശവാസികളുടെ സഹായം തേടാനും മടിക്കേണ്ടതില്ല.

∙ യാത്രയില്‍ ചിലപ്പോള്‍ ഹോട്ടലില്‍ താമസിക്കേണ്ടി വന്നേക്കാം. ഇത്തരം അവസരങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ട ടൗവ്വലുകളും മറ്റും എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കുക. വളര്‍ത്തു മൃഗങ്ങളേയും കൂടെ കൂട്ടുന്നെങ്കില്‍ പോകുന്ന ഹോട്ടലില്‍ അത് പ്രശ്‌നമാവില്ലെന്ന് നേരത്തെ പരിശോധിക്കുക.

∙കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്കു കഴിക്കാവുന്ന ഭക്ഷണങ്ങളും പ്രത്യേകം വസ്ത്രങ്ങളും ഉറപ്പു വരുത്തണം. കുട്ടികളുടെ കളിപ്പാട്ടങ്ങളും കളറിംങ് ബുക്കുമൊക്കെ കൂടെ കൂട്ടുന്നത് നല്ലതാണ്. പെട്ടെന്ന് അസുഖം വല്ലതും വന്നാല്‍ പ്രതിരോധിക്കാന്‍ അത്യാവശ്യം മരുന്നുകള്‍ കൂടി കൂടെ കരുതുക.

∙ ഏതൊരു റോഡ് ട്രിപ്പിന്റേയും ആത്മാവ് നല്ല പാട്ടുകള്‍ കേള്‍ക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും പ്രകൃതിഭംഗി ആസ്വദിക്കുന്നതുമൊക്കെയാവും. പൊതിഞ്ഞെടുക്കാവുന്ന ഭക്ഷണങ്ങളും ജ്യൂസുകളും ഡ്രൈ ഫ്രൂട്‌സുമൊക്കെ കരുതിക്കോളൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പാട്ടുകളുടെ ഒരു പ്ലേ ലിസ്റ്റ് തയാറാക്കുന്നതും ട്രിപ്പ് കൂടുതല്‍ ആസ്വാദ്യകരമാക്കും.

English Summary: Tips to Keep in Mind While Planning a Road Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com