ADVERTISEMENT

യാത്രകൾ പോകുന്നത് ഉന്മാദമായ ചിലരുണ്ട്. നിരന്തരമായി സഞ്ചരിച്ച് മനസിനെയും ശരീരത്തെയും യാത്രയ്ക്കായി പാകപ്പെടുത്തിയവർ. അവർക്ക് യാത്ര ചെയ്യുക എന്നത് ഭക്ഷണം കഴിക്കുന്നത് പോലെയും മനുഷ്യരെ സ്നേഹിക്കുന്നത് പോലെയും ഒക്കെയുള്ള ഒരു അനുഭവമാണ്. ഇടയ്ക്കിടയ്ക്ക് എവിടെയെങ്കിലും പോയില്ലെങ്കിൽ ശ്വാസം മുട്ടുന്നത് പോലെയാണ്, ചിറകുകളുണ്ടായിരുന്നെങ്കിൽ പറന്നു പോകാമായിരുന്നു, എന്ന് കിനാവ് കാണുന്ന എത്രയോ മനുഷ്യരുണ്ട്! ലോക വിനോദ സഞ്ചാര ദിവസം ആഘോഷിക്കുമ്പോഴും സഞ്ചാരം വിനോദത്തിനു വേണ്ടിയല്ലാതെ ജീവന്റെ ശ്വാസത്തിന് വേണ്ടിയെന്നുള്ളവരുമുണ്ട്. 

എന്തിനാണ് യാത്രകൾ? 

എവിടേക്കാണ് സഞ്ചരിക്കേണ്ടത്? ഓരോരുത്തരുടെയും യാത്രാ ലക്ഷ്യങ്ങൾ പലതായിരിക്കും. വെറുതെ കാഴ്ചകൾ കാണുന്നവരും പഠനത്തിനായി സഞ്ചരിക്കുന്നവരുമുണ്ട്, എന്നാൽ കണ്ട കാഴ്ചകളെ ജീവിതത്തിൽ തന്നെ തിരിച്ചറിവാണ് ഉപയോഗിക്കാൻ പോകുന്നവരും ഇഇതൊന്നുമല്ലാതെ യാത്ര പോകേണ്ടതിനു കാരണമൊന്നും കണ്ടെത്താൻ ആകാത്തവരുമുണ്ട്. ഒരു വ്യക്തിയെ സ്നേഹിക്കുന്നതിനു കാരണങ്ങൾ ആവശ്യമില്ലാത്തതു പോലെ മനുഷ്യന്റെ വൈകാരികമായ ഇടങ്ങളിൽ പിടി മുറുക്കുന്ന സഞ്ചാരങ്ങൾക്ക് കാരണങ്ങൾ വേണമെന്ന് നിർബന്ധമില്ല. 

എവിടേക്കാണ് യാത്ര പോകേണ്ടത് എന്നുള്ളത് എന്താണ് സഞ്ചരിക്കുന്നവരുടെ ആവശ്യം എന്നതിനെ അനുസരിച്ചിരിക്കും. തൊട്ടടുത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മുതൽ അങ്ങ് ബാങ്കോക്കിലും പാട്ടായയിലും വരെ യാത്ര പോകുന്നവരുണ്ട്. ഓരോരുത്തർക്കും ലക്ഷ്യങ്ങൾ പലതുണ്ടാവാം. ഒരു പുസ്തകം വായിക്കുമ്പോൾ അതിലെ ഭാഷ, ദൃശ്യപരത , കഥാപാത്രങ്ങളുടെ മാനസിക അപഗ്രഥനം എന്നിങ്ങനെ പല ഉത്തരങ്ങൾ വായനക്കാരന് കിട്ടുമെങ്കിൽ ഒരു യാത്ര സഞ്ചാരിയ്ക്ക് ഇതിന്റെയൊക്കെ ഏറ്റവും പൂർണമായ രൂപത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ചുറ്റുമുള്ള ലോകം, അവിടുത്തെ മനുഷ്യർ, നാടുകളുടെ സംസ്കാരം, ഭക്ഷണം, കൂടെ യാത്ര ചെയ്യുന്നവരെ മനസ്സിലാക്കൽ തുടങ്ങി എല്ലാം അനുഭവിക്കുകയാണ്. യാത്ര ചെയ്യാനാഗ്രഹമില്ലാത്തവർ പറയുന്നത് കേൾക്കാറുണ്ട്,

"ഇപ്പോഴും ഊരു ചുറ്റലാണ്. അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാൽ പോരെ, അവനവന്റെ പണിയും എടുത്തോണ്ട്"യാത്ര ചെയ്യാനാഗ്രഹമില്ലാത്തവർ എന്നുവരെ വിളിക്കുന്നില്ല, മറിച്ച് യാത്ര ചെയ്തിട്ടില്ലാത്തവർ എന്നെ പറയാനാകൂ. നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾക്ക് കുറെയധികം ദിവസങ്ങൾ എങ്ങോട്ടും പോകാനാകാതെ ഇരിക്കേണ്ടി വരുന്നത് മാനസിക വ്യഥയുണ്ടാക്കുന്ന അവസ്ഥയുമാണ്. കൊറോണ എന്ന മഹാമാരി ഇത്തരത്തിലൊരു അവസ്ഥയാണ് ലോകത്തിനു തന്നെ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നൽകിയിരുന്നത്. ലോകം ചുറ്റുന്നത് പോട്ടെ, വീടിനു പുറത്തേയ്ക്ക് പോലും ഇറങ്ങാനാകാതെ ശ്വാസം മുട്ടിപ്പോയ എത്രയോ മനുഷ്യരുണ്ട്. എന്നാൽ കൊറോണയ്ക്കു ശേഷം ലോക ടൂറിസം ഇതുവരെയില്ലാത്ത വിധത്തിൽ ഉണർന്നെഴുന്നേറ്റിരിക്കുന്നു. എങ്ങോട്ടെങ്കിലും പോകണം എന്ന ആഗ്രഹത്തോടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. അതിന്റെതായ തിരക്കുകൾ ഏറ്റവും ചെറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ പോലും പ്രകടവുമാണ്. 

travel124
Maxim Blinkov/shutterstock

"വെറുതെ വൈകുന്നേരം ടൗണിലേക്കിറങ്ങി ഒന്ന് ചുറ്റിയടിച്ച് തിരികെ വീട്ടിൽ വന്നു കയറും. ജോലിത്തിരക്കിനിടയിൽ ഏതെങ്കിലും നടത്തണമെന്നത് ഞങ്ങളുടെ തീരുമാനമാണ്", അടുത്ത ഒരു സുഹൃത്ത് പറഞ്ഞതാണ്. ഇങ്ങനെയുള്ളവരുമുണ്ട്. അതായത് ആസ്വദിക്കാനും സമാധാനത്തിനും വേണ്ടിയുള്ള യാത്രകൾ ഒരു മനോഭാവമാണ്, അതിനു മണിക്കൂറുകൾ യാത്ര ചെയ്ത ഏതെങ്കിലും റിസോർട്ടിൽ മുറിയെടുക്കണമെന്നില്ല. പ്രിയപ്പെട്ട ഒരാൾക്കൊപ്പം ഏറ്റവും കുറഞ്ഞ സമയത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ നഗരത്തിലേക്കിറങ്ങിയാലും മതി. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേരുണ്ട്. ഓരോരുത്തർക്കും യാത്ര ഓരോന്നാണ് എന്നതുകൊണ്ട് തന്നെ ഒരാളുടെ ഇഷ്ടങ്ങളിൽ നിന്നും മറ്റൊരാളുടെ താൽപ്പര്യങ്ങളെ കണ്ടെടുക്കാനാവില്ല. 

പണ്ടൊക്കെ പുരുഷന്മാർ മാത്രം അവരുടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു, സ്ത്രീകൾ വീട്ടിൽ അടിമകളെപ്പോലെ ജോലികളിൽ മാത്രം ശ്രദ്ധിച്ച് ഒതുങ്ങിക്കൂടിയിരുന്നു. ഇന്നിപ്പോൾ സ്ത്രീകൾക്ക് യാത്രകൾ പോകാനും സ്ത്രീകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പുകളുണ്ട്. പ്രായഭേദമന്യേ യാത്ര പോകുന്ന എത്ര സ്ത്രീകളുണ്ട്! അവരുടെയൊക്കെ മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാം അനുഭവിച്ച സ്വാതന്ത്ര്യത്തിന്റെയും കാഴ്ചകളുടെയും ആനന്ദങ്ങൾ. യാത്രയെന്നാൽ അതാണ്, അവനവനെ സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനുമുള്ള വഴികളാണ്. 

English Summary: Travelling World Makes us Happy and Enjoy our Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com