ADVERTISEMENT

പുതുവര്‍ഷവും ക്രിസ്മസും ആഘോഷിക്കാന്‍ മലേഷ്യയിലേക്കു പറക്കാന്‍ കാത്തിരിക്കുന്ന ഇന്ത്യൻ സഞ്ചാരികൾ ഇക്കുറി അല്‍പം കഷ്ടപ്പെടേണ്ടി വരും. ഇന്ത്യൻ സഞ്ചാരികൾക്ക് വീസ ഓണ്‍ലൈനിൽ ലഭ്യമല്ല. മലേഷ്യയിലേക്ക് പോകാൻ അപേക്ഷ ചെന്നൈയിലെയോ മുംബൈയിലെയോ ഡല്‍ഹിയിലെയോ മലേഷ്യൻ കോൺസുലേറ്റിലെത്തി നൽകണം.

 

മലേഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധങ്ങളും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്ന ന്യൂഡല്‍ഹിയിലെ ഹൈക്കമ്മിഷന്‍ ഓഫ് മലേഷ്യയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 26 മുതല്‍ മലേഷ്യയുടെ ഇ-വീസ ആപ്ലിക്കേഷന്‍ വെബ്സൈറ്റ് പണിമുടക്കിലാണ്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കമ്മിഷന്‍ ഓഫ് മലേഷ്യ മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു.

 

കോൺസുലേറ്റിലെത്തണം, അനുമതിക്കായി 6 ദിവസം

Malaysia

 

ഒക്ടോബര്‍ 11 മുതല്‍ വീസയ്ക്കായുള്ള അപേക്ഷകള്‍ മുംബൈ, ചെന്നൈ, ഡല്‍ഹി കോൺസുലേറ്റ് ഓഫിസുകളിലെ വീസ സെക്‌ഷന്‍ നേരിട്ടായിരിക്കും കൈകാര്യം ചെയ്യുകയെന്ന് ഹൈക്കമ്മിഷന്‍റെ നോട്ടിസില്‍ പറയുന്നു. താമസിക്കുന്ന സ്ഥലത്തിനനുസരിച്ച് വീസ അപേക്ഷകള്‍ നല്‍കാം. അരുണാചല്‍ പ്രദേശ്‌, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്‌, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, മണിപ്പുര്‍, മേഘാലയ, മിസോറം, നാഗാലാ‌‍ന്‍ഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍, ചണ്ഡിഗഡ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള വീസ ആപ്ലിക്കേഷന്‍ സെന്‍ററിലെത്തി അപേക്ഷിക്കണം.

 

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ചെന്നൈയിലെത്തി നേരിട്ട് അപേക്ഷ നല്‍കാം. ഇതുകൂടാതെ മുംബൈയിലെ വീസ ആപ്ലിക്കേഷന്‍ സെന്‍ററിലും വീസക്കായി അപേക്ഷിക്കാം. പരമാവധി ആറു പ്രവൃത്തിദിനങ്ങള്‍ വീസ പ്രോസസിങ്ങിനായി എടുക്കും. പാസ്പോർട്ട് നൽകാനും വീസ സ്വീകരിക്കാനും യാത്രക്കാർ നേരിട്ടു തന്നെ എത്തണമെന്നുള്ളത് ഈ പ്രോസസുകളെ വീണ്ടും കീറാമുട്ടിയാക്കുകയാണ്. 6 ദിവസത്തിൽ രണ്ട് പ്രാവശ്യം കോൺസുലേറ്റിലേക്ക് യാത്രക്കാരൻ യാത്ര ചെയ്യേണ്ടി വരുമെന്ന് സാരം.

 

സിംഗിള്‍ എന്‍ട്രി വീസകള്‍ മാത്രം

 

സിംഗിള്‍ എന്‍ട്രി വീസകള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്, ഗ്രൂപ് ആയി പോകുന്നവര്‍ക്കുള്ള വീസ തത്കാലം നിർത്തിവച്ചിരിക്കുകയാണ്. 

 

ആവശ്യമായ ഡോക്യുമെന്റുകൾ

 

വീസയ്ക്കായി അപേക്ഷിക്കുന്നവര്‍ ആപ്ലിക്കേഷന്‍ ഫോമിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് കോപ്പി, റൗണ്ട് ട്രിപ്പ് എയർ ടിക്കറ്റ് കോപ്പി, താമസിക്കുന്ന ഹോട്ടലിന്‍റെ വിവരങ്ങള്‍, വെളുത്ത ബാക്ക്ഗ്രൌണ്ടില്‍ എടുത്ത 2 ഫോട്ടോ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് (ഫിസിക്കൽ കോപ്പിയും PDF പകർപ്പുകളും) എന്നിവ നിര്‍ബന്ധമായും കൂടെ കരുതണം. ഫോറിന്‍ വര്‍ക്കേഴ്സ് വീസയില്‍ പോകുന്നവര്‍ക്ക് മലേഷ്യയിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്‍റ് നൽകിയ VDR അപ്പ്രൂവല്‍ ലെറ്ററും ആവശ്യമുണ്ട്.

 

വീസ ഫീസ്‌ ആയ 1000 രൂപ ഹൈക്കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ പേരില്‍ ബാങ്ക് ഡ്രാഫ്റ്റ് ആയോ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയോ നല്‍കാം, കാഷ് പേമെന്‍റ് സ്വീകാര്യമല്ല. അപേക്ഷയുടെ അപ്ഡേറ്റുകള്‍ ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്യാവുന്നതാണ്. ഇ-വീസ റജിസ്റ്റര്‍ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കും. അപേക്ഷയ്ക്കായി സമര്‍പ്പിച്ച പാസ്പോര്‍ട്ട് തിരിച്ച് കൊറിയര്‍ വഴി വീട്ടിലേക്ക് അയയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  

 

വീസ ഓൺ അറൈവൽ മാർഗമുണ്ട്

 

വീസ ആപ്ലിക്കേഷന്‍ സെന്‍ററുകളില്‍ പോയി അപേക്ഷിക്കുന്നതിനു പകരം, ഇന്തൊനീഷ്യയിലൂടെയോ തായ്‌ലൻഡിലൂടെയോ യാത്ര ചെയ്ത ശേഷം, ക്വാലലംപുർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നു വീസ ഓൺ അറൈവൽ നേടാവുന്നതാണെന്ന് ചെന്നൈ ഓഫിസിൽ നിന്ന് അറിയിപ്പുണ്ട്. ഇതിനായി ആദ്യം ഒരു രാത്രിയെങ്കിലും ഇവിടങ്ങളില്‍ താമസിക്കണം. പക്ഷേ, ഇത് സമയവും ധനവും നഷ്ടമാകുന്ന മാർഗമാണ്. കൊച്ചിയിൽനിന്ന് കോട്ടയത്തേക്ക് വരുന്നതിന് തൃശൂർ വരെ യാത്ര ചെയ്തിട്ട് വരണമെന്ന് ആവശ്യപ്പെടുന്നത് പോലെയാണ് ഈ യാത്രാപദ്ധതി.

 

ബിസിനസിന് നേരിട്ട് പോകാം

 

ബിസിനസുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും മലേഷ്യയിലേക്ക് നേരിട്ട് പോകാം, ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ചെന്നൈയിലെ ഇമിഗ്രേഷന്‍ അറ്റാഷെ പറഞ്ഞു.

 

ടിക്കറ്റ് ബുക്ക് ചെയ്തവർ കുടുങ്ങി

 

മലേഷ്യൻ ഇ–വീസകൾ 3 മാസം കാലാവധിയുള്ളതും 30 ദിവസത്തിനുള്ളിൽ രാജ്യത്തു പ്രവേശിക്കാൻ അനുമതി നൽകുന്നതുമായിരുന്നു. എന്നാൽ വീസ നിയമം മാറിയതോടെ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവരെല്ലാം കുടുങ്ങി. റീഫണ്ട് ഇല്ലാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ആ കാശും കിട്ടില്ല. പുതിയ നിയന്ത്രണങ്ങൾ വന്നതോടെ വൻ ടിക്കറ്റ് ക്യാൻസലേഷൻ അപേക്ഷകളാണ് ലഭിക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.

 

മലായ് പെനിൻസുലയില്‍ സ്ഥിതിചെയ്യുന്ന മലേഷ്യ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ബിസിനസ് കേന്ദ്രമായ ക്വാലലംപുരും മനോഹരമായ ബീച്ചുകളും ദ്വീപുകളും ഹില്‍സ്റ്റേഷനുകളും യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളുമെല്ലാമായി വൈവിധ്യപൂര്‍ണമായ അനുഭവങ്ങളാണ് മലേഷ്യ ഒരുക്കുന്നത്. സാധാരണയായി വളരെയധികം ആഘോഷങ്ങളോടെയും ആവേശത്തോടെയുമാണ്‌ മലേഷ്യയില്‍ പുതുവര്‍ഷരാവ് ആഘോഷിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ഇ–വീസ പുനരാരംഭിച്ചില്ലെങ്കില്‍ ഇക്കുറി ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മലേഷ്യന്‍ പുതുവര്‍ഷയാത്ര വളരെ ബുദ്ധിമുട്ടാകും.

 

English Summary: Malaysia Visa on Arrival for Indians: Application process and Visa Requirements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com