ADVERTISEMENT

ട്രെയിന്‍ സമയം സ്വകാര്യ ആപ്പ് നോക്കി പോയി ആപ്പിലായവര്‍ക്ക് ഉപദേശവുമായി റെയില്‍വേ. തങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ എന്‍.ടി.ഇ.എസ്(നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) പിന്തുടരാനാണ് റെയില്‍വേ നല്‍കുന്ന ഉപദേശം. നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന കൊങ്കണ്‍ സമയ മാറ്റം പല സ്വകാര്യ ആപ്ലിക്കേഷനുകളും അറിയാതെ പോയതാണ് യാത്രക്കാരെ വലച്ചത്. 

സമയമാറ്റം അറിയാതെ ട്രെയിന്‍ കയറാനെത്തിയവരില്‍ പലര്‍ക്കും വണ്ടി കിട്ടിയില്ല. ഇവര്‍ പരാതിയുമായി സമീപിച്ചപ്പോഴാണ് പാലക്കാട് റെയില്‍വേ ഡിവിഷന്റെ വിശദീകരണം. എന്‍.ടി.ഇ.എസ്. മാത്രമാണ് റെയില്‍വേ ആപ്ലിക്കേഷനെന്നും റെയില്‍വേ അറിയിക്കുന്നു. 

സമയം കൃത്യമായി അറിയാന്‍ തീവണ്ടികളുടെ എന്‍ജിനു മുകളില്‍ ആര്‍.ടി.ഐ.എസ്. (റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സംവിധാനമുണ്ട്. ഇതാണ് എന്‍.ടി.ഇ.എസ് പിന്തുടരുന്നത്. അതേസമയം ജി.പി.എസിനെ ആശ്രയിച്ചാണ് സ്വകാര്യ ആപ്പുകളുടെ പ്രവര്‍ത്തനം. ട്രെയിന്‍ സമയത്തില്‍ വരുന്ന മാറ്റങ്ങളും പലപ്പോഴും സ്വകാര്യ ആപ്പുകളില്‍ വൈകിയാണ് അപ്‌ഡേറ്റു ചെയ്യാറ്. 

അതേസമയം ഒറ്റക്ലിക്കില്‍ കാര്യങ്ങളറിയാമെന്നതാണ് സ്വകാര്യ ആപ്ലിക്കേഷനുകളെ ജനപ്രിയമാക്കുന്നത്. ആളുകള്‍ കൂടിയാല്‍ എന്‍.ടി.ഇ.എസ് പലപ്പോഴും ഹാങ്ങാവുകയും ചെയ്യും. സര്‍വറുകളുടെ കാര്യക്ഷമതയും ലളിതമായ യൂസര്‍ ഇന്റര്‍ഫേസുകളുമാണ് പല സ്വകാര്യ ആപ്ലിക്കേഷനുകളിലുമുള്ളത്. എന്നാല്‍ വിവരങ്ങളുടെ ആധികാരികതയുടെ കാര്യത്തില്‍ എന്‍.ടി.ഇ.എസിനോട് കിടപിടിക്കാന്‍ ഈ ആപ്ലിക്കേഷനുകള്‍ക്കാവില്ല. ഇത്തരം സ്വകാര്യ ആപ്പുകളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ. പരാതി ലഭിച്ചാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. 

കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ അല്ലാത്ത സമയത്തെ സമയമാറ്റം നവംബര്‍ ഒന്നു മുതലാണ് നിലവില്‍ വന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെയാണ് കൊങ്കണില്‍ മണ്‍സൂണ്‍ സമയക്രമമുള്ളത്. 25ലേറെ ട്രെയിനുകളെ ഈ സമയമാറ്റം ബാധിക്കുന്നുണ്ട്. സമയം മാറിയ കേരളത്തിലൂടെ പോകുന്ന പ്രധാന ട്രെയിനുകള്‍ ഇവയാണ്. 

എറണാകുളം- നിസാമുദീന്‍ മംഗള എക്‌സ്പ്രസ്(12617) നേരത്തെ രാവിലെ 10.10ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ നവംബര്‍ ഒന്ന് മുതല്‍ ഉച്ചക്ക് 1.25നാണ് പുറപ്പെടുന്നത്. ഷൊര്‍ണൂരില്‍ ഉച്ചക്ക് 3.20നും കോഴിക്കോട് വൈകുന്നേരം 05.12നും കണ്ണൂരില്‍ 6.39നും മംഗളൂരുവില്‍ രാത്രി 9.20നും എത്തും. 

നിസാമുദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്(12618) രണ്ട് മണിക്കൂര്‍ നേരത്തെയാക്കി. 10.30ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ കാസര്‍കോട് രാത്രി 11.18നും ഷൊര്‍ണൂര്‍ വെളുപ്പിന് 04.10നും എറണാകുളത്ത് രാവിലെ 7.30നും എത്തിച്ചേരും. 

ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്(16345) തിരുവനന്തപുരത്തേക്ക് 01.35 മണിക്കൂര്‍ നേരത്തെ എത്തും. മംഗളൂരുവില്‍ രാവിലെ 04.15ന് പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂരില്‍ 6.32നും കോഴിക്കോട് 08.07നും എത്തും. തിരുവനന്തപുരത്ത് വൈകീട്ട് 06.05നാണ് എത്തിച്ചേരുക. 

ആലപ്പുഴ ചെന്നൈ(22640) ട്രെയിന്‍ വൈകിട്ട്3.4.00 മണിക്കാണ് ആലപ്പുഴയില്‍ നിന്നും പുറപ്പെടുക. ചെന്നൈയിലേക്ക് വെളുപ്പിന് 05.30യ്ക്ക് എത്തിച്ചേരും. മംഗളൂരു- ചെന്നൈ മെയില്‍(12602) ഉച്ചയ്ക്ക്1.55നാണ് പുറപ്പെടുക. ചെന്നൈയില്‍ രാവിലെ 06.10ന് എത്തിച്ചേരും. എറണാകുളം -പട്‌ന(22643) വൈകിട്ട് 05.20ന് പുറപ്പെടും. പട്‌നയിലെത്തുന്ന സമയത്തില്‍ മാറ്റമില്ല.

 

English Summary: Railway asks Pssengers to follow-railways official app ntes to get Accurate Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com