ADVERTISEMENT

ജലാശയങ്ങളെ സംരക്ഷിക്കാം, ഒപ്പം സഞ്ചാരികൾക്ക് ആനന്ദവും സമ്മാനിക്കാം! പഴഞ്ചൻ ടൂറിസം പദ്ധതികളിൽനിന്നു വ്യത്യസ്തമായി വകുപ്പിനു മുന്നിലെത്തിയ ആശയത്തിന് യെസ് മൂളിയപ്പോൾ കേരള ടൂറിസം ചുവടുവച്ചത് ചരിത്രത്തിലേക്കാണ്. ടൂറിസം വകുപ്പിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കു ലഭിച്ച റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർ‌ഡ് ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

സാർവദേശീയ തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള അവാർഡ് നിർണയ ജൂറിയുടെ പ്രത്യേക പ്രശംസയാണ് കോട്ടയം ജില്ലയിലെ മറവൻതുരുത്ത് പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റിനു ലഭിച്ചത്.

ജനകീയ മുന്നേറ്റത്തിനുള്ള അംഗീകാരം

ജല സംരക്ഷണ ടൂറിസം പ്രവർത്തനങ്ങളുടെ വിഭാഗത്തിലായിരുന്നു കേരളത്തിനുള്ള അംഗീകാരം. പദ്ധതി തികച്ചും ജനകീയമായിരുന്നെന്ന് പുരസ്കാരം നൽകിയ ജൂറി വിലയിരുത്തി. മാലിന്യം കെട്ടിക്കിടന്ന കനാലുകളും ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പദ്ധതി. ജലാശയങ്ങളുടെ  സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിക്കുകയും ഈ ജലാശയങ്ങളെ കയാക്കിങ് ഉൾപ്പെടെയുള്ള ടൂറിസം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. വാട്ടർ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ മറവൻതുരുത്തിലെ പ്രവർത്തനങ്ങൾ ജൂറി എടുത്ത് പറഞ്ഞു.

tourism1

  മറവൻതുരുത്തിലെ 18 നീരൊഴുക്കുകൾ ടൂറിസം പദ്ധതിയുടെ ഭാഗമായി മാറിയപ്പോൾ നാടിന്റെ സൗന്ദര്യം പ്രദേശവാസികളെ മാത്രമല്ല, വിദേശകളെയും ആകർഷിച്ചു. അതോടെ നാട്ടുകാർ ടൂറിസത്തിൽ കൂടുതൽ താൽപര്യമുള്ളവരായി മാറി. ഉത്തരവാദിത്തത്തോടെ ടൂറിസം പദ്ധതി ജനങ്ങൾതന്നെ ഏറ്റെടുത്തു. ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷൻ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് സ്ട്രീറ്റ് പദ്ധതിയിൽ നടത്തി വരുന്നത്. മറവൻതുരുത്തിനു പുറമേ കടലുണ്ടി, തൃത്താല, പട്ടിത്തറ, വലിയ പറമ്പ, പിണറായി, അഞ്ചരക്കണ്ടി, കാന്തല്ലൂർ, മാഞ്ചിറ, ചേകാടി എന്നിവിടങ്ങളിലും സ്ട്രീറ്റ് പദ്ധതി മുന്നേറുകയാണ്. കോവിഡനന്തര കേരളത്തിന്റെ ടൂറിസം പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരം എന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. 

ജലം സംരക്ഷിക്കാം; സഞ്ചാരികളെ ക്ഷണിക്കാം

വിനോദ സഞ്ചാര പ്രവർത്തനങ്ങളിലൂടെ ജലാശയങ്ങളെ സംരക്ഷിച്ച് നിലനിർത്താൻ സാധിക്കും എന്നതിന്റെ മികച്ച ഉദാഹരണമായാണ് മറവൻതുരുത്ത് വാട്ടർ സ്ട്രീറ്റ് എന്നായിരുന്നു ജൂറിയുടെ കണ്ടെത്തൽ. പദ്ധതിയുടെ ഭാഗമായി 18 കനാലുകൾ പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് പഞ്ചായത്ത് വൃത്തിയാക്കി ആഴം കൂട്ടി സംരക്ഷിച്ചു. തുടർ സംരക്ഷണ ചുമതല ക്ലസ്റ്ററുകളെ ഏൽപിച്ചു. വൃത്തിയാക്കിയ കനാലുകളിൽ ഉത്തരവാദിത്ത ടൂറിസം മികവിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട യൂണിറ്റുകൾ കയാക്കിങ്, ശിക്കാര ബോട്ട് യാത്ര, ചെറുവള്ളങ്ങളിൽ ടൂർ പാക്കേജുകൾ ആരംഭിച്ചു.ഇൗ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തരവാദിത്ത ടൂറിസം ക്ലബ് ആരംഭിച്ചതും എടുത്ത് പറയുന്നുണ്ട്. 

തൊഴിലുറപ്പു പദ്ധതിയിൽ ജലാശയങ്ങൾ ശുദ്ധമായി

തൊഴിലുറപ്പ‌ു പദ്ധതിയിൽ പെടുത്തി എല്ലാ ജലാശയങ്ങളും ജലഗതാഗത യോഗ്യമാക്കുന്നതായിരുന്നു മറവൻ തുരുത്തിലെ പദ്ധതിയുടെ ആദ്യ പടി. വൃത്തിയാക്കിയ പുഴകളുടെയും കായലിന്റെയും കനാലുകളുടെയും തീരങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നത് അതിനു സമീപമുള്ള വീട്ടുകാർ ഏറ്റെടുത്തു. പരിശീലനം നേടിയ കയാക്കിങ് വിദഗ്ധരുടെ സഹായത്തോടെ ടൂറിസ്റ്റുകൾക്ക് കനാലുകളിലും പുഴകളിലും കായലിലും കയാക്കിങ് ചെയ്യാൻ തദ്ദേശീയ കയാക്കിങ് ക്ലബ്ബുകൾ അവസരം ഒരുക്കും. വാട്ടർ സ്ട്രീറ്റിനു പുറമേ ഗ്രീൻ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, അഗ്രി സ്ട്രീറ്റ് എന്നിവയും ഇവിടെ തയാറായി വരുന്നു. 

വീടുകൾ കലാ കേന്ദ്രങ്ങളായ കാഴ്ച

ഓരോ വീടിന്റെയും പുറം ചുവരിൽ മറവൻതുരുത്തിന്റെ കലയും സംസ്കാരവും ജീവിതരീതിയും ഉത്സവങ്ങളും ചിത്രീകരിക്കപ്പെട്ടു. ജനകീയമായ മുന്നേറ്റത്തിലൂടെയാണ് ഇവ ചിത്രങ്ങളായി മാറി പ്രദേശത്തെ മനോഹരമാക്കിയത്. മൂവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും വേമ്പനാട് കായലും അതിരിടുന്ന ഒരു ദ്വീപാണ് മറവൻതുരുത്ത്. 

English Summary: International Award for Kerala Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com