ADVERTISEMENT

അഭിനയം പോലെ യാത്രകളെയും ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് മലയാളികളുടെ പ്രിയതാരം നിമിഷ സജയന്‍. വീണുകിട്ടുന്ന ഇടവേളകളൊക്കെയും യത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്.  കേരളത്തിനകത്തും ഇന്ത്യക്കകത്തുമായി യാത്ര ചെയ്യുന്ന നിരവധിയിടത്തെ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ നിമിഷ പങ്കുവയ്ക്കാറുണ്ട്.

 

 

ഷൂട്ടിങ്ങിന്റെ ഭാഗമായി യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെന്നും ഷൂട്ടു കഴിഞ്ഞുള്ള സമയം ആ സ്ഥലത്തെ പ്രധാന കാഴ്ചകൾ ആസ്വദിക്കുകയാണ് നിമിഷയുടെ ഹോബിയെന്നും യാത്രകളാണ് ജീവിതത്തെ തിളക്കമുള്ളതാക്കിമാറ്റുന്നതെന്നാണ് നിമിഷ പറയുന്നത്. മനസ്സ് വല്ലാതെ ടെന്‍ഷനടിച്ചിരിക്കുമ്പേൾ ട്രിപ്പ് പോകണം, മനസ്സിന്റെ എല്ലാ ആകുലതയെയും ആ യാത്ര തുടച്ചുമാറ്റും. മുബൈയിൽ താമസമായതുകൊണ്ടാവാം എനിക്കേറ്റവും ഇഷ്ടം കോട്ടകളും അവിടുത്തെ കഥകളുമൊക്കെയാണ്. മുബൈയിലെ പ്രധാന കാഴ്ചകളൊക്കെയും കണ്ടിട്ടുണ്ടെന്നും മനോരമ ഒാൺലൈനിൽ നൽകിയ അഭിമുഖത്തിൽ നിമിഷ പറഞ്ഞു.

ഇപ്പോഴിതാ മഹാബലിപുരത്തുനിന്നുള്ള ചിത്രങ്ങളാണ് നിമിഷ ഏറ്റവും പുതിയയായി പങ്കുവച്ചിരിക്കുന്നത്. 

 

കലാനഗരം മഹാബലിപുരം

 

കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരമാണ് മഹാബലിപുരം. കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ അതിശയിപ്പിക്കുന്ന  പട്ടണം കൂടിയാണിവിടം. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ ശാലീനതയും തേടി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. തമിഴ്നാട്ടിലെ വളരെ പഴക്കമേറിയ ഒരു തുറമുഖ നഗരമാണ് കാഞ്ചിപുരം. അതായത്, പഴയ മഹാബലിപുരം. സമുദ്രനിരപ്പിൽ നിന്നു 12 മീറ്ററിലേറെ ഉയർന്ന തീര നഗരം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.

 

മാമല്ലപുരം എന്നും അറിയപ്പെടുന്ന ഇവിടം പല്ലവ രാജാവായിരുന്ന മാമല്ലന്റെ പേരിലാണ് സ്മരിക്കപ്പെടുന്നത്. ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശവുമായി പല്ലവ കലയിൽ വിരിഞ്ഞ ദൃശ്യവിസ്മയങ്ങളാണ് ഇവിടെയെങ്ങും കാണാനാകുക. ഏഴാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമിക്കപ്പെട്ടതാണ് ഈ നഗരവും അതിന്റെ കൽ കാഴ്ചകളും എന്ന് കണക്കാക്കപ്പെടുന്നു. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലും ഇടം പിടിച്ചിട്ടുമുണ്ട് മഹാബലിപുരം. മാത്രമല്ല, ദേശീയ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ കൂടിയാണ് ഇവ. ചെന്നൈ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തിലാണ് മാമല്ലപുരം അഥവാ മഹാബലിപുരം.

 

 

എങ്ങനെ എത്താം

 

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 56 കിലോമീറ്റർ ദൂരമാണ് മഹാബലിപുരത്തേക്കുള്ളത്. ചെന്നൈ എയൽപോർട്ടിൽ നിന്നും 52 കിലോമീറ്ററും. ബസിലോ, കാറിലോ മഹാബലിപുരത്തേക്ക് പോകുന്നതാണ് ഉത്തമം. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും എയൽപോർട്ടിൽ നിന്നും മഹാബലിപുരത്തേക്ക് പൊതു, സ്വകാര്യ ബസുകൾ നിരവധിയുണ്ട്. രണ്ടു സ്ഥലങ്ങളിൽ നിന്നും 2 മണിക്കൂറിൽ കുറഞ്ഞ സമയത്തിൽ മഹാബലിപുരമെത്താം. ചെന്നൈയിൽ നിന്നും അഡയാർ, പാലവാക്കം, കോവളം, നെമ്മെലി വഴി മഹാബലി പുരമെത്താം.

English Summary: Nimisha Sajayan shares Travel pictures from Mahabalipuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com