ADVERTISEMENT

കോവിഡ് മൂലം യാത്രകള്‍ പൂര്‍ണമായും ഭാഗികമായുമൊക്കെ തടസ്സപ്പെട്ട കാലം വിടവാങ്ങിയിരിക്കുന്നു. ഇനി യാത്രകളുടെ കാലമാണ്. 2022ല്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു കഴിഞ്ഞു. വിമാന ടിക്കറ്റുകളുടെ വിവര ശേഖരണ കമ്പനിയായ ഫോര്‍വേഡ്കീസാണ് സഞ്ചാരികളുടെ പ്രിയ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 

കോവിഡിനെ തുടര്‍ന്ന് 2020 ലും 2021 ലും യാത്രകള്‍ വലിയ തോതില്‍ തടസ്സപ്പെട്ടിരുന്നു. പിന്നീട് 2022ല്‍ യാത്രകള്‍ കൂടുതല്‍ സജീവമായി. ഫോര്‍വേഡ്കീസ് പുറത്തുവിട്ട, കൂടുതല്‍ പേര്‍ സഞ്ചരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ കൂടുതലും മധ്യ അമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളാണ്. കോവിഡിന്റെ പേരിൽ കാര്യമായ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്ന, വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള പല രാജ്യങ്ങളും പട്ടികയില്‍ മുകളിലേക്ക് കയറി വന്നിട്ടുണ്ട്. സഞ്ചാരികളുടെ പ്രിയ രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്. 

പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കാണ്. 2019 നെ അപേക്ഷിച്ച് 2022 ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 18 വരെ കൂടുതല്‍ സഞ്ചാരികളെ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് സ്വീകരിച്ചു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വന്ന കരീബിയന്‍ രാഷ്ട്രവും ഡൊമിനിക്കന്‍ റിപ്പബ്ലിക്കാണ്. വര്‍ഷം മുഴുവന്‍ സജീവമായ ഗോള്‍ഫ് കോഴ്‌സുകളാണ് ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണം. 

2022 ല്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ രണ്ടാമത്തെ രാഷ്ട്രം തുര്‍ക്കിയാണ്. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ അന്റാല്യ 2019 നെ അപേക്ഷിച്ച് 66 ശതമാനം കൂടുതല്‍ സഞ്ചാരികളെയാണ് 2022 ല്‍ സ്വീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ളത് കോസ്റ്ററിക്കയാണ്. ഈ മധ്യ അമേരിക്കന്‍ രാഷ്ട്രത്തിലും സഞ്ചാരികളുടെ എണ്ണത്തില്‍ 2019 നെ അപേക്ഷിച്ച് 2022ല്‍ വന്‍ വര്‍ധനവുണ്ടായി. മധ്യ, തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സഞ്ചാരം സാധ്യമായ രാഷ്ട്രങ്ങളിലൊന്നാണ് കോസ്റ്ററിക്ക. ലോകത്തെ ഏറ്റവും സമാധാനമുള്ള വിനോദ സഞ്ചാര കേന്ദ്രമെന്നാണ് കോസ്റ്ററിക്ക സ്വയം വിശേഷിപ്പിക്കുന്നത്. 

നാലാം സ്ഥാനത്ത് നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയും അഞ്ചാമത് കരീബിയന്‍ രാജ്യമായ ജമൈക്കയുമാണ്. ആറ്, ഏഴ് സ്ഥാനങ്ങളിലാണ് നമ്മുടെ അയല്‍ രാഷ്ട്രങ്ങളായ പാക്കിസ്ഥാനും ബംഗ്ലദേശുമുള്ളത്. ഗ്രീസ് എട്ടാമതും ഈജിപ്ത് ഒൻപതാമതുമായപ്പോള്‍ യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലാണ് യാത്രികരുടെ പ്രിയ രാജ്യങ്ങളില്‍ പത്താം സ്ഥാനത്തുള്ളത്.

English Summary: Post-pandemic travelers visited these 10 countries the most in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com