ADVERTISEMENT

ഇനിയും കണ്ടെത്തിയിട്ടില്ലാത്ത വിനോദസഞ്ചാരസാധ്യതകള്‍ ഒട്ടേറെ ഒളിഞ്ഞിരിക്കുന്ന മേഖലയാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇവിടുത്തെ പ്രത്യേകതരം ജീവിതരീതിയും സംസ്കാരവും ഭൂപ്രകൃതിയുമെല്ലാം, ഇത് ഇന്ത്യ തന്നെ ആണോ എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ വിചിത്രവും വിസ്മയാവഹവുമാണ്. ടൂറിസം വളര്‍ന്നാല്‍ സാമ്പത്തികമായി വളരെയേറെ പുരോഗമനസാധ്യത ഈ മേഖലയ്ക്കുണ്ട്. ഒട്ടേറെ തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമ്പോള്‍ അത് പ്രാദേശിക ജനതയ്ക്ക് ഗുണംചെയ്യും. ഓരോ സംസ്ഥാനത്തിന്‍റെയും ഗവൺമെന്റുകൾ ഇക്കാര്യത്തിൽ ഇടപെടലുകള്‍ നടത്താന്‍ ഈയിടെയായി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമല്ല, ഇന്ത്യന്‍ ആര്‍മിയും ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ സംഘടിപ്പിച്ചു എന്നതാണ് ഇക്കൊല്ലത്തെ ഹൈലൈറ്റ്.

 

വടക്കന്‍ അതിര്‍ത്തികളിലുള്ള ഇന്ത്യന്‍ ആര്‍മിയുടെ വിവിധ വിഭാഗങ്ങള്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ സംഘടിപ്പിച്ച ട്രാൻസ്-തിയറ്റർ അഡ്വഞ്ചർ ആക്ടിവിറ്റി ഏറെ ശ്രദ്ധനേടി. സിക്കിമിന്‍റെയും അരുണാചൽ പ്രദേശിന്‍റെയുമെല്ലാം അധികം അറിയപ്പെടാത്തതും ബുദ്ധിമുട്ടേറിയ ഭൂപ്രകൃതിയുള്ളതുമായ പ്രദേശങ്ങളില്‍ സാഹസിക വിനോദസഞ്ചാരം സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അതുല്യമായ സിവിൽ-സൈനിക സഹകരണമായിരുന്നു ഇതിന്‍റെ ഏറ്റവും ഹൃദ്യമായ വശം. സാഹസികപ്രേമികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, മൗണ്ടൻ ബൈക്കിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങൾ ആര്‍മി നടത്തി. 

 

ഏകദേശം മൂന്ന് മാസം നീണ്ടുനിന്ന ഈ പര്യവേഷണ പരമ്പര ആഗസ്ത് അവസാന വാരമാണ് ആരംഭിച്ചത്. 16,500 അടി വരെ ഉയരം വരെ, ആറ് പർവതാരോഹണങ്ങള്‍, റോഡുകളില്ലാത്ത പാതകളിലൂടെ 1,000 കിലോമീറ്ററിലധികം സൈക്ലിംഗ്, മൂന്ന് നദികളിലായി 132 കിലോമീറ്റർ സഞ്ചരിക്കുന്ന മൂന്ന് വൈറ്റ് വാട്ടർ റാഫ്റ്റിംഗ് വിനോദങ്ങള്‍ എന്നിവയും ഇതിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. എൽ‌എ‌സിയിലെ ഈ റൂട്ടുകളിൽ ഭൂരിഭാഗവും മുന്‍പൊരിക്കലും സാധാരണക്കാർ കടന്നുചെല്ലാത്തവയാണ്.

ഇന്ത്യ, നേപ്പാൾ, ടിബറ്റ് എന്നിവയുടെ ട്രൈ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ജോൺസോങ്ങിന്‍റെ കൊടുമുടിയടക്കം, എൽഎസിയുടെ 11 പോയിന്‍റുകളിലൂടെ ഈ യാത്ര സഞ്ചാരികളെ കൊണ്ടുപോയി. വടക്കുകിഴക്കൻ ഇന്ത്യയിലെ സാഹസിക ടൂറിസത്തിന്‍റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താന്‍ ആര്‍മിയുടെ ഈ ക്യാമ്പയിന്‍ സഹായിച്ചു. പട്ടാളക്കാരും സാധാരണ ജനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്നതോടൊപ്പം, ഈ വിദൂര അതിർത്തി പ്രദേശങ്ങളിലെ മനോഹരമായ പ്രകൃതി, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, സംസ്കാരം, പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് ആളുകള്‍ക്ക് അറിവു നല്‍കുന്നതിനും ഈ സ്ഥലങ്ങളിലേക്കുള്ള ടൂറിസം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിച്ചു.

പ്രാദേശികജനതയെ ഉള്‍പ്പെടുത്തുന്നത് മൂലം ടൂറിസം സംബന്ധമായ സംരഭങ്ങള്‍ തുടങ്ങാന്‍ അവര്‍ക്ക് പ്രചോദനമാകും. ഇത് മേഖലയുടെ സാമ്പത്തിക അഭിവൃദ്ധി ഉറപ്പുവരുത്തും. പ്രവർത്തനങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്തി എന്നതാണ് മറ്റൊരു പ്രധാന വശം. ഏകദേശം പതിനഞ്ച് വനിതാ അംഗങ്ങൾ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വടക്കുകിഴക്കന്‍ മേഖലയുടെ സമഗ്രവും ശോഭനവുമായ ഭാവിയിലേക്കുള്ള തുടക്കമായാണ് ഈ പുത്തന്‍ സംരംഭത്തെ കാണുന്നത്. സംസ്ഥാന സർക്കാരുകളും ഇന്ത്യൻ സൈന്യവും തമ്മിലുള്ള സജീവ പങ്കാളിത്തവും സഹകരണവും ഈ ഉദ്യമത്തിൽ കാണിക്കുന്ന ഉൾക്കാഴ്ചയുമെല്ലാം ശോഭനമായ വരുംകാലങ്ങളുടെ അടയാളമായി വിലയിരുത്തപ്പെടുന്നു.

English Summary: Indian Army to push adventure tourism in border areas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com