ADVERTISEMENT

കോവിഡ് 19 കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ശ്രീലങ്ക. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവരാണെങ്കില്‍ അതിന്റെ രേഖകള്‍ കരുതണം.  കുത്തിവയ്പ് എടുക്കാത്തവരാണെങ്കില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് ഫലമാണ് വേണ്ടത്. അതേസമയം ജര്‍മനിയും തായ്‌ലന്‍ഡും അടക്കമുള്ള രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വരുത്തിയിട്ടുണ്ട്. 

 

കഴിഞ്ഞ മാസം ഏഴിനാണ് ശ്രീലങ്ക തങ്ങളുടെ രാജ്യത്തേക്കു വരുന്ന സഞ്ചാരികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധന എടുത്തു കളഞ്ഞത്. ഇതിനൊപ്പം, 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയും എടുത്തു മാറ്റിയിരുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നിർദേശം. ഏറ്റവും പുതിയ കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യക്കാര്‍ പാലിക്കുന്നതാണ് ഉചിതമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 

 

കോവിഡ് 19 സംബന്ധിച്ച കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. വിനോദ സഞ്ചാര മേഖലയില്‍ കോവിഡിനെ തുടര്‍ന്ന് വലിയ തോതില്‍ തിരിച്ചടി നേരിട്ട രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങുകയും സര്‍ക്കാര്‍ വീഴുകയും ചെയ്തു.

 

ശ്രീലങ്കയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന രാജ്യമാണ് ഇന്ത്യ. 2022ല്‍ ശ്രീലങ്ക സന്ദര്‍ശിച്ച 7,19,000 വിദേശികളില്‍ 1.23,000 പേര്‍ ഇന്ത്യക്കാരായിരുന്നു. നേരത്തേ നേപ്പാളും വിദേശ സഞ്ചാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം ജര്‍മനി ഫെബ്രുവരി രണ്ട് മുതല്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തായ്‌ലന്‍ഡും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. വിദേശയാത്രികര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ പത്തു വരെ തുടരുമെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്.

 

English Summary: Indians travelling to Sri Lanka advised to comply with new Covid protocols

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com