ADVERTISEMENT

മീനച്ചിലാറിന്റെ തീരത്ത് പുരാതന വാണിജ്യകേന്ദ്രമായി തുടങ്ങി തെക്കുംകൂർ നാട്ടുരാജ്യത്തിന്റെ ഭരണതലസ്ഥാനമായി മൂന്നര നൂറ്റാണ്ടോളം ചരിത്രത്തിൽ സ്ഥാനം നേടിയ കോട്ടയം പട്ടണത്തിന്റെ ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് ജനുവരി 26 ന് നടക്കുന്ന ഒാൾഡ് കോട്ടയം ഹെറിറ്റേജ് വോക്ക്. നാംസ്കാരികസമ്പന്നമായ ആ കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായി അവശേഷിക്കുന്ന ഏതാനും ആരാധനാലയങ്ങളും പ്രദേശവാസികളിൽ നിലനിന്നുപോരുന്ന മതാതീതമായ ഒത്തൊരുമയുമാണ് പഴയ കോട്ടയത്തിന്റെ പൈതൃകസമ്പത്ത്. 

കാൽനടയാത്രയായി സഞ്ചരിച്ച് ഈ ആരാധനാലയങ്ങളും രാജവാഴ്ചക്കാലത്തെ ഭരണസംവിധാനങ്ങൾ നിലനിന്നിരുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും നേരിൽ കണ്ടും അറിഞ്ഞുമുള്ള ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് സാംസ്കാരികചരിത്ര പഠന വേദിയായ കോട്ടയം നാട്ടുകൂട്ടമാണ്. 

രാവിലെ 8.30ന് കോട്ടയം തളിയിൽ മഹാദേവക്ഷേത്രത്തിനു മുന്നിൽ നിന്ന് യാത്ര ആരംഭിക്കും. തിരുമല വെങ്കിടേശ്വര ക്ഷേത്രം, താഴത്തങ്ങാടി ജുമാ മസ്ജിദ്, ഇടയ്ക്കാട്ടുപള്ളി, കോട്ടയം വലിയപള്ളി, കോട്ടയം ചെറിയ പള്ളി എന്നീ പൈതൃകപ്രാധാന്യമുളള ആരാധനാലയങ്ങളും അങ്ങാടികളും കോട്ടകൊത്തളങ്ങളുടെയും രാജഭരണ സംവിധാനങ്ങളുടെ സ്ഥാനങ്ങളും നേരിൽ കണ്ടു മനസിലാക്കാൻ യാത്ര സഹായകരമാകും.

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ ചരിത്രവും പൈതൃകവും അനാവരണം ചെയ്യുന്നതിനായി കോട്ടയം നാട്ടുകൂട്ടം നടത്തുന്ന പ്രവർത്തനങ്ങളിൽ  ഹെറിറ്റേജ് വോക്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളുടെ വിപുലമായ ചരിത്രം അർഹിക്കുന്ന പരിഗണന കിട്ടാതെ ചരിത്രവിദ്യാർത്ഥികളുടെയും ഏതാനും പ്രാദേശിക ചരിത്രകാരന്മാരുടെയും അന്വേഷണങ്ങളിലും ഗവേഷണങ്ങളിലും മാത്രം ഒതുങ്ങുനിന്നിരുന്നു. അതിന് പൊതുജന സ്വീകാര്യതയും ശ്രദ്ധയും ലഭ്യമാകുവാനും പൈതൃകസ്മാരകങ്ങളുടെ സംരക്ഷണവും ചരിത്രാന്വേഷികളായ സഞ്ചാരികളുടെ പ്രദേശത്തേയ്ക്കുള്ള വരവും ഉറപ്പാക്കാനും ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് കോട്ടയം നാട്ടുകൂട്ടം പ്രസിഡണ്ട് ഡോ. വർഗീസ് പുന്നൂസും സെക്രട്ടറി പള്ളിക്കോണം രാജീവും അഭിപ്രായപ്പെട്ടു. ഈ പൈതൃക പദയാത്രയിൽ ഒത്തുചേരാൻ ചരിത്രാന്വേഷികളായ ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

English Summary: Rediscover the history of Old Kottayam with Heritage Walk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com