ഇന്ത്യയുടെ സ്വകാര്യ അഭിമാനങ്ങളിലൊന്നാണ് സ്വര്‍ഗ്ഗം പോലെ മനോഹരമായ കശ്മീര്‍. കാണാനുള്ള ഭംഗി മാത്രമല്ല, സാംസ്കാരികമായും ഏറെ സമ്പന്നമാണ് കശ്മീര്‍. കശ്മീരിന്‍റെ പൈതൃകത്തെയും കലയെയും അടുത്തറിയാന്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് അമൂല്യമായ ഒരു അവസരം ഒരുക്കുകയാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം. അതിനായി അധികദൂരം യാത്ര ചെയ്യേണ്ട ആവശ്യമില്ല, കശ്മീര്‍ ഈയാഴ്ച ചെന്നൈയില്‍ എത്തുകയാണ്.
ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി പുതിയ ഇന്ത്യയുടെ ദർശനം ആഘോഷിക്കുന്നതിനായി രൂപപ്പെടുത്തിയ തീമുകളില്‍ ഒന്നാണ് വിതസ്ത കശ്മീര്‍ ഫെസ്റ്റിവല്‍. കശ്മീരിലെ പ്രധാനപ്പെട്ട നദിയായ ഝലത്തിന്‍റെ മറ്റൊരു പേരാണ് വിതസ്ത. കശ്മീരിലെ കലകളും സംസ്കാരവുമെല്ലാം മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളിലേക്കെത്തിക്കാനുള്ള പരിപാടിയാണിത്.
ഒരു ട്രാവലിംഗ് ഷോ എന്ന നിലയിൽ സംഘടിപ്പിക്കുന്ന വിതസ്ത ഫെസ്റ്റിവൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, സിക്കിം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നടക്കും. മേളയുടെ ആദ്യ പതിപ്പ് ജനുവരി 27 മുതൽ 30 വരെ ചെന്നൈയിലെ കലാക്ഷേത്രയിലും ജനുവരി 29 ന് ദക്ഷിണചിത്രയിലും ആണ് നടക്കുന്നത്.
കാശ്മീരി നാടോടി നൃത്തരൂപങ്ങളുടെ നൃത്തരൂപത്തിലുള്ള നൃത്ത അവതരണങ്ങൾ, കശ്മീരി നാടോടി സംഗീതോപകരണങ്ങളോടുകൂടിയ നാടോടി സിംഫണി, - കശ്മീരിലെ ഭണ്ഡ് പഥേർ, തമിഴ്‌നാട്ടിലെ തെരുക്കൂത്ത് എന്നീ രണ്ട് നാടോടി നാടകരൂപങ്ങളുടെ അവതരണം, അഭയ് റുസ്തും സോപോരിയുടെ സന്തൂർ സംഗീതം എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു.
കൂടാതെ ആഭാ ഹഞ്ജുരയുടെ കശ്മീരി സൂഫി ബാൻഡ്, കശ്മീരി പാചക മേള, കശ്മീരിലെ കരകൗശല വസ്തുക്കൾ, സൂചി വർക്ക്, നെയ്ത്ത് എന്നിവ പ്രദര്‍ശിപ്പിക്കുന്ന കരകൗശല മേള, പശ്മിന കമ്പിളി നെയ്ത്ത്, പേപ്പിയർ മാഷെ എന്നിവയെക്കുറിച്ചുള്ള ശിൽപശാലകൾ, വിതസ്ത നദിയും കാശ്മീരും ബുദ്ധമതത്തിന്‍റെയും ശൈവമതത്തിന്‍റെയും സ്വാധീനം എന്നിവ വ്യക്തമാക്കുന്ന സെമിനാര്‍ എന്നിവയും സംഘടിപ്പിക്കും.
കൂടാതെ കലാകാരന്മാർക്കുള്ള കലാക്യാമ്പ്, സ്കൂൾ കുട്ടികൾക്കുള്ള കലാമത്സരം, നാടകം, ഫോട്ടോഗ്രാഫി പ്രദർശനം, കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ ശാരദാ സ്തോത്രം, സുബ്രഹ്മണ്യ ഭാരതിയുടെ സാഹിത്യകൃതിയെ അടിസ്ഥാനമാക്കി ദേശീയോദ്ഗ്രഥനത്തെക്കുറിച്ച് കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ ഒരു പരിപാടി, വിതസ്തയിലെ വില്ലുപാട്ട് തുടങ്ങിയവയെല്ലാം ആസ്വദിക്കാം.
വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കുന്ന വിശ്വാസങ്ങളുടെയും മനോഹരമായ മിശ്രണമാണ് കശ്മീര്‍. ഹിന്ദു, സിഖ്, മുസ്ലീം, ബുദ്ധമത വിശ്വാസികള്‍ ഇവിടെ ഒത്തുചേര്‍ന്ന് വസിക്കുന്നു. വടക്കേ ഇന്ത്യ, വടക്കൻ പാകിസ്ഥാൻ, ചൈനീസ് പ്രദേശമായ അക്‌സായ് ചിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ ആചാരങ്ങളുടെ പരിഷ്കൃതരൂപമാണ് ഇന്നും ഇവിടെ സംസ്കാരമായി നിലനില്‍ക്കുന്നത്. കശ്മീരിലെ നൃത്തം, സംഗീതം, പാചകരീതി, പരവതാനി നെയ്ത്ത്, പരമ്പരാഗത ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, കരകൗശല വസ്തുക്കൾ മുതലായവയെല്ലാം വേറിട്ടു നില്‍ക്കുന്നവയാണ്.
English Summary: A slice of Kashmir in Chennai