ADVERTISEMENT

വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയും വിമാനത്തിനുള്ളില്‍ മൂത്രമൊഴിക്കുകയും ചെയ്ത സംഭവം ഈയിടെ വലിയ വിവാദമായിരുന്നു. ഇതുമൂലം, ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വിമാനക്കമ്പനിക്ക് ഡിജിസിഎ കനത്ത പിഴയും ചുമത്തി. ഇത് അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇൻ-ഫ്ലൈറ്റ് ആൽക്കഹോൾ സേവന നയം പരിഷ്‌ക്കരിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ.

 

പുതിയ നയപ്രകാരം, വിമാനത്തിനുള്ളില്‍ കാബിന്‍ ക്രൂ നല്‍കുകയാണെങ്കില്‍ മാത്രമേ മദ്യം കഴിക്കാനാവൂ.

 

മറ്റ് എയർലൈനുകൾ പിന്തുടരുന്ന നിയന്ത്രണങ്ങളും യുഎസ് നാഷനൽ റസ്റ്ററന്റ്സ് അസോസിയേഷന്‍റെ മാർഗ്ഗനിർദ്ദേശങ്ങളും കണക്കിലെടുത്താണ് നിലവിലുള്ള ഇൻ-ഫ്ലൈറ്റ് ആൽക്കഹോൾ സേവന നയം പുതുക്കിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ മദ്യോപയോഗവുമായി ബന്ധപ്പെട്ട് ക്രൂവിനെ സഹായിക്കുന്നതിനായി പുതിയ ട്രാഫിക് ലൈറ്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

വിമാനത്തിനുള്ളില്‍  മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മദ്യപിക്കുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്താല്‍ കാബിന്‍ ക്രൂവിന് അതു തടയാനുള്ള  അധികാരമുണ്ട്‌. ഇങ്ങനെയുള്ള ആളുകളോട് വളരെ നയതന്ത്രപരമായി പെരുമാറണം. യാത്രക്കാരോട് ശബ്ദമുയര്‍ത്തി സംസാരിക്കരുത്. ഉറച്ച സ്വരത്തിലും ബഹുമാനത്തോടെയും വേണം യാത്രക്കാരെ അഭിസംബോധന ചെയ്യാൻ. അതിഥികളെ കൈകാര്യം ചെയ്യുമ്പോൾ ‘ലഹരി’ എന്ന വാക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവരുടെ പെരുമാറ്റം അനുചിതമാണെന്ന് മാന്യമായി അറിയിക്കണമെന്നും എയർലൈൻ ജീവനക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്. 

 

ആളുകളുടെ പെരുമാറ്റം, സംസാരം, ബാലന്‍സ് മുതലായവ നിരീക്ഷിക്കാന്‍ കാബിന്‍ ക്രൂവിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപമര്യാദയായി ഒരു യാത്രക്കാരനോ യാത്രക്കാരിയോ പെരുമാറുമ്പോള്‍, അത് അയാളുടെ സ്വഭാവത്തിന്‍റെ ഭാഗമാണോ അതോ മദ്യം ഉള്ളില്‍ച്ചെന്നതു മൂലമാണോ എന്നു നിര്‍ണ്ണയിക്കണം. മദ്യോപയോഗവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ കൊണ്ടുവരികയല്ല, നിലവിലുള്ള നയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ചെയ്തിട്ടുള്ളത്.

 

ഇന്ത്യാ ഗവൺമെന്റിന്‍റെ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യ ഇപ്പോള്‍ ടാറ്റ സൺസിന്‍റെ തലേസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലാണ്. ന്യൂ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് എയർലൈനിന്റെ ഹബ്ബ്. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ, ലോകത്തെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 31 രാജ്യങ്ങളിലായി 45 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളും, 57 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടെ മൊത്തം 102 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

 

English Summary: Air India Modifies In-Flight Alcohol Service Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com