വിനോദ സഞ്ചാര മേഖലയ്ക്ക് 362.15 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. രണ്ടാംവട്ട പിണറായി സര്‍ക്കാരിന്‍റെ പുത്തന്‍ ബജറ്റില്‍ വിനോദസഞ്ചാരമേഖലയ്ക്ക് പുതുപ്രതീക്ഷയേകുന്ന പദ്ധതികള്‍ അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവിഡ് മൂലം തകര്‍ന്ന സംസ്ഥാനത്തെ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി വിനോദസഞ്ചാര മേഖലയിൽ മികച്ച മാറ്റങ്ങള്‍ വരുത്തുവാന്‍ ഈ നൂതനപദ്ധതികള്‍ക്കാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിനോദസഞ്ചാരമേഖലയ്ക്കായി 362.15 കോടി രൂപ
കേരള ടൂറിസം 2.0 പദ്ധതിയുടെ ഭാഗമായി എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക്. കോവളം, ആലപ്പുഴ, കുമരകം, കുട്ടനാട്, കൊല്ലം അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എക്സ്പീരിയന്‍ഷ്യല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിനും ഇവയെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനും ശ്രദ്ധ നല്‍കും. സംസ്ഥാനത്തെ ഏഴുതരം ടൂറിസ്റ്റ് ഇടനാഴികളുമായി ബന്ധപ്പെട്ടായിരിക്കും ഇവ നടപ്പാക്കുന്നത്, തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാൽ ഇടനാഴി, ദേശീയപാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽ ടൂറിസം ഇടനാഴി, റെയിൽവേ ഇടനാഴി എന്നിവയാണ് ടൂറിസം ഇടനാഴികൾ. സംസ്ഥാനത്തെ അടിസ്ഥാന വികസന പദ്ധതികളുമായി കൈകോർത്ത് ഇവ വികസിപ്പിക്കും. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വർഷം 50 കോടി രൂപ അനുവദിച്ചു.

അന്തർ ജില്ലാ വിമാനയാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്ത പ്രതികരണ മാനേജ്മെന്റിനെ സഹായിക്കുന്നതിനും ഉദ്ദേശിച്ചുള്ള നോഫിൾ എയർ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കുന്നതിന് നടപടികൾ പ്രാരംഭഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ സാധ്യതാ പഠനം നടത്തുന്നതിനും ഡിപിആർ തയാറാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തുടനീളം എയർസ്ട്രിപ്പുകൾ നടപ്പാക്കുന്നതിനായി ഒരു കമ്പനി പിപിപി മാതൃകയിൽ സ്ഥാപിക്കും. ഇതിനായി സർക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തിൽ 20 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇക്കോടൂറിസം പദ്ധതികള്‍ക്കായി ഏഴു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ സ്റ്റഡീസ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ക്ക് 19.3 കോടി രൂപയും അന്തര്‍ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി രൂപയും അനുവദിച്ചു. തൃശൂർ പൂരം ഉൾപ്പെടെയുള്ള പൈതൃക ഉത്സവങ്ങൾക്കും പ്രാദേശിക സാംസ്കാരിക പരിപാടികള്‍ക്കുമായി 8 കോടി രൂപയും 2024 ലെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നതിന് 7 കോടി രൂപയും മുസിരിസ് ബിനാലെയ്ക്ക് രണ്ടുകോടി രൂപയും വകയിരുത്തിട്ടുണ്ട്. ടൂറിസം മേഖലയില്‍ വൈദ്യുതി സബ്സിഡിക്ക് 10 കോടിയും കാരവന്‍ ടൂറിസത്തിന് 3.7 കോടിയും റിവോള്‍വിങ് ഫണ്ട് പദ്ധതി തുടരുന്നതിനായി 3 കോടിയും അനുവദിച്ചു. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 135.65 കോടി രൂപ വകയിരുത്തി.
‘വര്‍ക്ക് ഫ്രം ഹോളിഡേ ഹോം’
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളെ ക്ഷണിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. ‘വര്‍ക്ക് ഫ്രം ഹോളിഡേ ഹോം’ എന്ന പേരിലുള്ള ഈ പദ്ധതി ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും. ഇതിനുള്ള പ്രാഥമിക തയാറെടുപ്പുകള്‍ക്കായി 10 കോടി രൂപ മാറ്റിവച്ചു.
കോഴിക്കോട്ടെ കാപ്പാടില്‍ ചരിത്രമ്യൂസിയം സ്ഥാപിക്കും
വാസ്കോഡ ഗാമ കപ്പലിറങ്ങിയ കോഴിക്കോട്ടെ കാപ്പാടില്‍ ഒരു ചരിത്രമ്യൂസിയം സ്ഥാപിക്കും. ഇതിനായി പ്രാഥമികമായി 10 കോടി രൂപയാണ് വകയിരുത്തുന്നത്. കേരളത്തിലെ കൊല്ലത്ത്, പൗരാണിക വ്യാപാരചരിത്രം ആഘോഷിക്കുന്ന ഒരു മ്യൂസിയവും ഓഷ്യനേറിയവും സ്ഥാപിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഓഷ്യനേറിയം സ്ഥാപിക്കുക.
അതിഥിമന്ദിരങ്ങളുടെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും വികസനത്തിനായി 22 കോടി രൂപയും, ഉത്തരവാദിത്ത ടൂറിസത്തിനായി 9.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഹെറിറ്റേജ് ആന്‍ഡ് സ്പൈസ് റൂട്ട് പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി, മുസിരിസ്, ആലപ്പുഴ, തലശ്ശേരി ഹെറിറ്റേജ് പ്രോജക്റ്റുകള്‍ക്കായി 17 കോടി രൂപയും ചാമ്പ്യൻസ് ബോട്ട് ലീഗിനായി 12 കോടി രൂപയും നീക്കിവച്ചു.
English Summary: Kerala Budget-2023 Kerala Tourism Project