ADVERTISEMENT

പണ്ടത്തേതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ വിദേശയാത്ര ഇപ്പോള്‍ എളുപ്പമാണ് എന്നുതന്നെ പറയാം. പേപ്പര്‍വര്‍ക്കുകളും ടിക്കറ്റുകളുമെല്ലാം ശരിയാക്കാന്‍ വീടിനു പുറത്തിറങ്ങുക പോലും വേണ്ട. എന്നാല്‍, സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ വളരെയധികം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പലരും വിദേശയാത്ര ചെയ്യാന്‍ അല്‍പം മടി കാണിക്കുന്നത്.

ഈ പ്രശ്നത്തിന് താല്‍ക്കാലികമായെങ്കിലും ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഇടങ്ങളില്‍ ഒന്നായ തായ്‌വാൻ. രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്ക് 165 ഡോളർ അഥവാ 13657 രൂപ വിലമതിക്കുന്ന സൗകര്യങ്ങള്‍ തികച്ചും സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ഇത്. ദ്വീപ് സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂർ ഗ്രൂപ്പുകൾക്ക് ക്യാഷ് റിവാർഡുകളും നല്‍കും.

2023 ൽ ആറ് ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാനും 2024 ൽ ഇത് ഇരട്ടിയാക്കാനും 2025 ഓടെ 10 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനുമാണ് തായ്‌വാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യപടിയെന്ന നിലയില്‍ 500,000 വിനോദസഞ്ചാരികൾക്ക് 165 ഡോളര്‍ മതിക്കുന്ന സേവനങ്ങള്‍ സൗജന്യമായി നല്‍കും. 90,000 ടൂർ ഗ്രൂപ്പുകൾക്കും അലവൻസുകള്‍ നൽകും. കുറഞ്ഞത് എട്ട് വിനോദസഞ്ചാരികളുള്ള ഗ്രൂപ്പുകൾക്ക് 329 ഡോളര്‍ വീതവും, കുറഞ്ഞത് 15 വിനോദസഞ്ചാരികളുള്ള ഗ്രൂപ്പുകൾക്ക് 654 ഡോളര്‍ വീതവും നല്‍കാനാണ് നിര്‍ദ്ദേശം.

ക്യാഷ് അലവൻസ് ഡിജിറ്റലായി വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി വാങ് കുവോ-സായ് ബുധനാഴ്ച പറഞ്ഞു. തായ്‌വാനിലെ താമസസൗകര്യം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കാൻ വിനോദസഞ്ചാരികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും. ജപ്പാൻ, ദക്ഷിണ കൊറിയ, തെക്കുകിഴക്കൻ ഏഷ്യ, ഹോങ്കോങ്, മക്കാവോ എന്നിവിടങ്ങളിൽ നിന്നും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനാണ് കൂടുതല്‍ മുന്‍‌തൂക്കം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തായ്‌വാൻ ടൂറിസം ബ്യൂറോയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 ൽ 900,000 സന്ദർശകരാണ് രാജ്യം സന്ദര്‍ശിച്ചത്. വിയറ്റ്നാം, ഇന്തോനേഷ്യ, ജപ്പാൻ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. കോവിഡ് കാലത്ത് അടച്ച ശേഷം, 2022 ഒക്ടോബറിലാണ് തായ്‌വാൻ പ്രവേശന നിയന്ത്രണങ്ങൾ നീക്കിയത്. കോവിഡിന് മുന്‍പ് തായ്‍‍വാന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ ഏകദേശം 4% ടൂറിസമായിരുന്നു. 

ഈ മാസം ഹോങ്കോങ്ങിൽ നിന്നും മക്കാവുവിൽ നിന്നുമുള്ള യാത്രക്കാർക്കായി അതിർത്തികൾ വീണ്ടും തുറക്കുന്നതുൾപ്പെടെ സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി തായ്‌വാൻ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

English Summary:  Taiwan aims to boost travel industry Will Give Rewards Of Upto 13,600 Each To Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com