ADVERTISEMENT

യാത്രയെ സ്നേഹിക്കുന്ന എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്തിരിക്കണം, ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റാന്‍ ഇത്തരം യാത്രകള്‍ സഹായിക്കും. ഒരിക്കല്‍ സോളോ ആയി യാത്ര ചെയ്ത് അത് ഇഷ്ടപ്പെടുന്നവര്‍ക്ക് പിന്നീട് എപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതായിരിക്കും കൂടുതല്‍ പ്രിയം. കൂടെയുള്ള ആളുകളില്‍ കൊടുക്കുന്ന ശ്രദ്ധയും സമയവുമെല്ലാം കൂടുതല്‍ കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനും ചിലവഴിക്കാം. മേന്മകള്‍ ഒട്ടേറെയുണ്ടെങ്കിലും ഇത്തരം യാത്രകളില്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സോളോ യാത്രകള്‍ ഒരിക്കലും മറക്കാത്ത അനുഭവമാക്കി മാറ്റാന്‍ ഇനിപ്പറയുന്ന അല്‍പ്പം ശ്രദ്ധകൊടുക്കാം.

അമിതഭാരം വേണ്ട

കൂടെ ആരും ഇല്ലാതെ യാത്ര ചെയ്യുമ്പോള്‍, ബാഗുകളും മറ്റും ഒറ്റയ്ക്ക് തന്നെ താങ്ങി നടക്കേണ്ടി വരും എന്ന കാര്യം ഒരിക്കലും മറന്നുപോകരുത്! അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം പാക്ക് ചെയ്യുക, ഭാരമുള്ള വസ്തുക്കള്‍ക്ക് പകരമായി അതേ കാര്യത്തിന് ഉപയോഗിക്കാവുന്ന ഭാരം കുറഞ്ഞ ഉപകരണങ്ങളും മറ്റും എടുക്കുക. ഭാരം കൂടിയാല്‍ എയര്‍പോര്‍ട്ടിലും മറ്റും എക്സ്ട്രാ ചാര്‍ജ് കൊടുക്കേണ്ടി വരും എന്ന കാര്യം കൂടി മനസ്സില്‍ വയ്ക്കുക.

യാത്രയുടെ ചെലവ് ആദ്യമേ കണക്കാക്കേണ്ടത് പ്രധാനം

യാത്രയക്ക് എത്ര ചെലവാകും എന്നതിനെക്കുറിച്ച് ആദ്യമേ നല്ല ധാരണ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്‌. സന്ദര്‍ശിക്കുന്ന സ്ഥലത്തേക്കുള്ള ഏറ്റവും പുതിയ യാത്രാനിരക്കുകള്‍ അറിഞ്ഞുവയ്ക്കുക. ക്യാബ്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, എന്തിന് ഭക്ഷണത്തിന്‍റെ ചിലവ് പോലും ഇങ്ങനെ കണക്കാക്കുന്നത് നന്നായിരിക്കും. മാത്രമല്ല, അടിയന്തിര സന്ദര്‍ഭങ്ങള്‍ എന്തെങ്കിലും ഉണ്ടാവുകയാണെങ്കില്‍ അതിനുവേണ്ടി പ്രത്യേകം തുക വകയിരുത്തുകയും വേണം.

കയ്യില്‍ അധികം പണം സൂക്ഷിക്കാതിരിക്കുക എന്നതും പ്രധാനമാണ്. പണം നല്‍കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈന്‍ പെയ്മെന്റ് പോലുള്ള മറ്റു ഓപ്ഷനുകള്‍ ഉപയോഗപ്പെടുത്താം.

പുതിയ ചങ്ങാതിമാരെ കണ്ടെത്താം

യാത്ര ചെയ്യുന്നതിന്‍റെ പ്രധാന ഉദ്ദേശങ്ങളില്‍പ്പെട്ടതാണ് പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുകയും കൂടുതല്‍ അറിവ് നേടുക എന്നതുമൊക്കെ. സമാനമനസ്കരായ ആളുകളുമായി സംസാരിക്കുന്നതും അവര്‍ക്കൊപ്പം സമയം ചിലവിടുന്നതും യാത്രക്കിടെയുള്ള വിരസത ഒഴിവാക്കാനും മറ്റു സംസ്കാരങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും സഹായിക്കും. ഭാവിയിലുള്ള യാത്രകള്‍ക്കും ഇത് ഉപകാരപ്പെടാം. മാത്രമല്ല, ചില ബന്ധങ്ങള്‍ ആജീവനാന്ത സൗഹൃദങ്ങളായും മാറാം! യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ വെച്ചും സോഷ്യല്‍ മീഡിയ വഴിയുമെല്ലാം സമാനമനസ്കരായ ആളുകളെ കണ്ടെത്താവുന്നതാണ്. 

വൈഫൈ, ലൊക്കേഷന്‍ ഷെയറിങ്

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നല്ലതാണ്, പക്ഷേ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ, സഹായിക്കാൻ ഒരാള്‍ പിന്നണിയില്‍ ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. അതുകൊണ്ട് ഒരു കുടുംബാംഗവുമായോ അല്ലെങ്കില്‍ സുഹൃത്തുമായോ യാത്രക്കിടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നത് നല്ലതാണ്. ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത സ്ഥലത്തേക്ക് മാറുമ്പോൾ അവർക്ക് അപ്‌ഡേറ്റുകൾ നൽകുക. ഫോണില്‍ പലപ്പോഴും ഇന്‍റര്‍നെറ്റ് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടാം എന്നതിനാല്‍ ഹോട്ടല്‍ ബുക്ക് ചെയ്യും മുന്‍പ് അവിടെ വൈഫൈ സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തുക.

ടൂറിസ്റ്റിനെപ്പോലെ പെരുമാറാതിരിക്കുക

സോളോ യാത്ര ചെയ്യുമ്പോള്‍ പരമാവധി അനുഭവങ്ങളും അറിവുകളും നേടുക എന്നത് പ്രധാനമാണ്. അതിനായി ഓരോ നാട്ടില്‍ ചെന്നാലും അവിടുത്തെ ഭക്ഷണവും സംസ്കാരവും രീതികളുമെല്ലാം, അവിടുത്തെ ആളുകളെപ്പോലെ ആസ്വദിക്കാന്‍ ശ്രമിക്കണം. വിനോദസഞ്ചാരികളെപ്പോലെ വസ്ത്രം ധരിക്കുന്നതും പെരുമാറുന്നതുമെല്ലാം പരമാവധി ഒഴിവാക്കുന്നത് സുരക്ഷയ്ക്കും നല്ലതായിരിക്കും. അനാവശ്യ ശ്രദ്ധ ആകർഷിക്കാതെയും എന്നാല്‍ നല്ല ആത്മവിശ്വാസത്തോടെയും നടക്കുക.

English Summary:  Tips for Traveling Alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com