നീരൊഴുക്ക് കുറഞ്ഞു; വേനല്‍ കടുത്തിട്ടും അഞ്ചുരുളിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Anchuruli
SHARE

കടുത്ത വേനലിലും ഇടുക്കി അഞ്ചുരുളി ടണലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ടണല്‍ മുഖത്തെ വെള്ളം കുറഞ്ഞതും ശക്തമായ ഒഴുക്കില്ലാത്തതുമാണ് വേനലിലും സഞ്ചാരികളെ ഇങ്ങോട്ട് അടുപ്പിക്കുന്നത്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അഞ്ചുരുളിയില്‍ രൂക്ഷമാണ്.

കട്ടപ്പന ഏലപ്പാറ റോഡില്‍ കക്കാട്ടുകടയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ താണ്ടിയാല്‍ അഞ്ചുരുളിയില്‍ എത്താം. തടാകത്തിനു നടുവിൽ ഉരുളികമഴ്ത്തിയ പോലെ അഞ്ച് കുന്നുകളുണ്ട്. വർഷകാലം കടുക്കുമ്പോൾ ഇവയിൽ പല കുന്നുകളും വെള്ളത്തിനടിയിലാകും. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ അഞ്ചുരുളി ഇടുക്കിഡാമിന്റെ പിന്നാമ്പുറത്തായാണ് നിലകൊള്ളുന്നത്. മനുഷ്യർ സൃഷ്ടിച്ച തുരങ്കമാണ് അഞ്ചുരുളിയിലെ കൗതുകം. ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിലേക്ക് വെള്ളം എത്തിക്കാനായി മലതുരന്നുണ്ടാക്കിയതാണ് ഇൗ തുരങ്കം. മഴക്കാലത്ത് ഇടുക്കി റിസർവോയർ നിറഞ്ഞു കവിയുന്ന വെള്ളം ഒഴുക്കി വിടാനുണ്ടാക്കിയ ടണൽ കേരളത്തിലെ അദ്ഭുതക്കാഴ്ചയിലൊന്നാണ്.

ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടം. വിവിധ സിനമകളുടെ ലൊക്കേഷന്‍ കൂടിയായ അഞ്ചുരുളി ടണലിന്‍റെ മുഖവും ഉള്‍വശവും സഞ്ചാരികള്‍ക്ക് എന്നും കൗതുകമാണ്. നീരൊഴുക്ക് നന്നേ കുറഞ്ഞതിനാല്‍ ടണലിനുള്ളിലേക്ക് ഏറെ ദൂരം നടന്നുപോകാമെന്നതാണ് വേനല്‍കാലത്ത് സഞ്ചാരികളെ ഇങ്ങോട്ടടുപ്പിക്കുന്നത്. 

പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമൊക്കെയാണെങ്കിലും അഞ്ചുരുളിയില്‍ പൊതുശൗചാലയം പോലുമില്ല. ഇതുകാരണം സഞ്ചാരികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കൂടാതെ നേരം ഇരുട്ടിയാല്‍ സാമൂഹ്യവിരുദ്ധരുടെ താവളവും. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടൂറിസം വകുപ്പിന്‍റെ അനുമതി കിട്ടാത്തതാണ് തിരിച്ചടിയാവുന്നതെന്നാണ് കാഞ്ചിയാര്‍ പഞ്ചായത്തിന്‍റെ വിശദീകരണം.

English Summary: Tourist rush in Anchuruli 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS