ADVERTISEMENT

വെയിലില്‍ മിന്നിത്തിളങ്ങുന്ന കടല്‍ത്തീരങ്ങളും പച്ചപ്പാര്‍ന്ന താഴ്‌വരകളും വൈവിധ്യമാര്‍ന്ന രുചികളും സാഹസികവിനോദങ്ങളുമൊക്കെയാണ് യാത്ര എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. വളരെ അപൂർവമായി മാത്രമേ യാത്രയും ഉറക്കവുമായി നമ്മള്‍ ബന്ധപ്പെടുത്താറുള്ളൂ. എന്നാല്‍ ഈ വര്‍ഷത്തെ പുതിയ ട്രെന്‍ഡ് ആണ് ഉറങ്ങാനായി യാത്ര ചെയ്യുക അഥവാ സ്ലീപ്‌ ടൂറിസം (Sleep Tourism) എന്നത്!

 

കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമായൊക്കെ തോന്നാം. കയ്യിലുള്ള കാശു കൊടുത്ത് വണ്ടിയും പിടിച്ച് പോകുന്നത് ഏതെങ്കിലും മുറിക്കുള്ളില്‍ ചടഞ്ഞുകൂടി ഉറങ്ങാനാണോ?  എന്നാല്‍ ഉറക്കത്തിന്‍റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഈ തിരക്കേറിയ ജീവിതത്തില്‍ പലരും വൈകിയാണ് മനസ്സിലാക്കുന്നത്. തിരക്കില്‍ നിന്നും ബഹളങ്ങളില്‍ നിന്നുമെല്ലാം മാറി, നന്നായൊന്ന് ഉറങ്ങാന്‍ പറ്റിയാല്‍ തലച്ചോറ് മൊത്തത്തില്‍ റീസെറ്റ് ആകും. സ്‌ട്രെസ് കുറയും. ചെയ്യുന്ന ജോലിയുടെ നിലവാരം കൂടും. ഈ കാര്യങ്ങള്‍  കണക്കിലെടുക്കുമ്പോള്‍ വര്‍ണ്ണാഭമായ കാഴ്ചകളെക്കാളും സാഹസികവിനോദങ്ങളെക്കാളും മോഹിപ്പിക്കുന്ന കാര്യമായി ഉറക്കം മാറുന്നു.

 

നിത്യജീവിതത്തിലെ മടുപ്പുകളില്‍ നിന്നും മാറി, മനോഹരമായ എവിടെയെങ്കിലും പോയി ഉറങ്ങി റിലാക്സ് ചെയ്ത് തിരിച്ചുവരിക എന്നതാണ് സ്ലീപ്‌ ടൂറിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് മൊത്തം ജീവിതത്തിന്‍റെ ഗുണനിലവാരം തന്നെ മാറ്റിയേക്കാം. ചിന്തിക്കാനും ചിന്തകള്‍ പ്രോസസ് ചെയ്യാനും ഇതിലൂടെ മികച്ച അവസരമാണ് കൈവരുന്നത്. പുറത്തുനിന്നുള്ള എല്ലാ ശബ്ദങ്ങളും തടയാൻ പ്രത്യേകം രൂപകൽപന ചെയ്‌തിരിക്കുന്ന മുറികളും സ്ലീപ്‌ മെഡിറ്റേഷനുകളുമെല്ലാം സ്ലീപ്‌ ടൂറിസത്തിന്‍റെ ഭാഗമാണ്.

 

ബുദ്ധിയുള്ള തലയിണകളും ശബ്ദം കടക്കാത്ത മുറികളും

 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഹോട്ടലുകൾ ഇപ്പോൾ സ്ലീപ്‌ ടൂറിസത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 2022 ജനുവരിയിൽ, ന്യൂയോർക്ക് സിറ്റിയിലെ പാർക്ക് ഹയാറ്റ് ബ്രൈറ്റ് റെസ്റ്റോറേറ്റീവ് സ്ലീപ്പ് സ്യൂട്ട് അവതരിപ്പിച്ചു. വിശ്രമത്തിനായി മാത്രമുള്ള 900 ചതുരശ്ര അടി മുറികളാണ് ഇവിടെയുള്ളത്. സ്വന്തമായി ബുദ്ധിശക്തിയുള്ള ബ്രൈറ്റ് മെത്തകൾ ആണ് ഇവയുടെ മുഖമുദ്ര,  ഇവ ശരീരത്തിന്‍റെ പ്രഷര്‍ പോയിന്റുകൾ മനസ്സിലാക്കുകയും അവയ്ക്കനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യുന്നു. 

 

ലണ്ടനിലെ ബെൽമണ്ട് ഹോട്ടലായ കാഡോഗനും ഉറക്കത്തിനായി പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഉറക്കത്തിനായി പ്രത്യേക മെഡിറ്റേഷന്‍, സെന്‍സറുകള്‍ ഘടിപ്പിച്ചതും ഉറങ്ങുന്നവരുടെ വിവിധ ആവശ്യങ്ങളോട് പ്രതികരിക്കുന്നതുമായ കിടക്കയും തലയിണയും എന്നിവയുമെല്ലാം ഇവിടെയുണ്ട്. കാഡോഗനെ കൂടാതെ, നഗരത്തിലെ ആദ്യത്തെ ഉറക്ക കേന്ദ്രീകൃത ഹോട്ടലായ സെഡ്‌വെല്ലും ലണ്ടനിലുണ്ട്, നൂതനമായ സൗണ്ട് പ്രൂഫിങ് സൗകര്യങ്ങളാല്‍ സജ്ജീകരിച്ച മുറികളാണ് ഇവിടെയുള്ളത്. ജനീവയിലെ മന്ദാരിൻ ഓറിയന്റൽ, ഒരു പടി കൂടി മുന്നോട്ട് പോയി, ഇവിടെ അതിഥികൾക്കായി പ്രത്യേക ഉറക്ക പരിപാടികളുണ്ട്. സ്വിറ്റ്‌സർലൻഡിലെ ഒരു സ്വകാര്യ മെഡിക്കൽ സ്ലീപ്പിങ് ക്ലിനിക്കായ കേനാസുമായി സഹകരിച്ച്, അതിഥികളുടെ ഉറക്കപ്രശ്നങ്ങള്‍ പഠിക്കാനും അവയ്ക്ക് പരിഹാരം കാണാനുമായി ഒരു ത്രിദിന പ്രോഗ്രാം ഉണ്ട് ഇവിടെ. പോർച്ചുഗലിലെ ഹാസ്റ്റൻസ് എന്ന റിസോര്‍ട്ടും ഇത്തരത്തില്‍ ഉറക്കത്തിനായി പ്രത്യേക പാക്കേജുകളും സൌകര്യങ്ങളും നല്‍കുന്നുണ്ട്.

 

ഇന്ത്യയിലെ സ്ലീപ്‌ ടൂറിസം സാദ്ധ്യതകള്‍

 

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഇന്ത്യയില്‍ സ്ലീപ്‌ ടൂറിസത്തിന് മികച്ച സാധ്യതകള്‍ ഉണ്ട്. എന്നിരുന്നാലും സ്ലീപ്‌ ടൂറിസത്തിന്‍റെ ജനപ്രിയത അത്രത്തോളമായിട്ടില്ല. ഉറങ്ങാനായി ഹില്‍ സ്റ്റേഷനുകളിലും മറ്റുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ ഇത് കൂടിയേക്കാം. കേരളത്തിലെ മൂന്നാര്‍, പൊന്മുടി, ഇടുക്കി, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളും കൂര്‍ഗ്, ഊട്ടി, ഹിമാലയപ്രദേശത്തുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്ലീപ്‌ ടൂറിസത്തിന് മികച്ച സാധ്യതയുണ്ട്.

 

2023 ലെ  സ്ലീപ്‌ ടൂറിസം ട്രെന്‍ഡ്

 

ഈ വർഷം സ്ലീപ് ടൂറിസം കൂടുതൽ വികസിക്കുമെന്ന് ടൂറിസം രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രായപൂർത്തിയായവർ കുറഞ്ഞത് ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്ന് പഠനങ്ങൾ പറയുന്നു. തലച്ചോറിന്‍റെ പ്രവർത്തനത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ സമ്മർദ്ദവും സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗവും ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

 

ഉറക്കക്കുറവ് ഇന്ന് ഒരു ലോകമെമ്പാടുമുള്ള ഒരു പ്രശ്നമാണ്, ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം നശിപ്പിക്കുന്നു. ഉറക്കക്കുറവ് പൊണ്ണത്തടി, ഹൃദ്രോഗം, കാൻസർ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, സ്ലീപ്പ് ടൂറിസം ജനപ്രിയമായി വരുന്നതില്‍ അതിശയിക്കാനില്ല.

 

English Summary: More people are waking up to sleep tourism in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com