ADVERTISEMENT

ഈ വര്‍ഷത്തെ സീസണില്‍ എവറസ്റ്റ് കീഴടക്കാന്‍ എത്തുന്ന പര്‍വതാരോഹകരുടെ എണ്ണം വളരെയധികം കൂടിയേക്കാമെന്ന് സൂചന. ബുക്കിങ് ട്രെൻഡുകളും അന്വേഷണങ്ങളും കാണിക്കുന്നത് മെയ് രണ്ടാം വാരത്തിൽ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ക്ലൈംപിങ് സീസണിൽ ഏകദേശം 500 പർവതാരോഹകർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറാൻ എത്തുമെന്നാണ്.

എന്നാല്‍ വീണ്ടും പൊങ്ങിവരുന്ന കൊറോണ വൈറസ്, മോശം കാലാവസ്ഥ, പുതിയ പർവതാരോഹകരുടെ തിരക്ക് എന്നിവ ഈ സീസണില്‍ തലവേദനയാകാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ ഭയക്കുന്നതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2021 ൽ നേപ്പാളിലെ ടൂറിസം വകുപ്പ് 409 എവറസ്റ്റ് പെർമിറ്റുകൾ നൽകിയിരുന്നു, റെക്കോഡ് എണ്ണമായിരുന്നു ഇത്. എന്നാല്‍, റഷ്യ-യുക്രെയ്ൻ  യുദ്ധം മൂലം റഷ്യ, യുക്രെയ്ൻ , പോളണ്ട്, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പർവതാരോഹകര്‍ക്ക് നേപ്പാളില്‍ എത്തിച്ചേരാന്‍ ആവാതിരുന്നതിനാല്‍ 2022 ൽ ഇത് 325 ആയി കുറഞ്ഞു.

എവറസ്റ്റ് കയറാനായി ഇതുവരെ 100 ലധികം ആളുകളില്‍ നിന്ന് സ്ഥിരീകരിച്ച ബുക്കിങ്ങുകൾ ലഭിച്ചതായി നേപ്പാളിലെ ഏറ്റവും വലിയ എവറസ്റ്റ് ക്ലൈംപിങ് സംഘാടകരായ സെവൻ സമ്മിറ്റ് ട്രെക്ക്സ് പറയുന്നു.

മാർച്ച് 15 ന്, ചൈന മൂന്ന് വർഷം പഴക്കമുള്ള നിയന്ത്രണം നീക്കുകയും നേപ്പാൾ സന്ദർശിക്കാൻ തങ്ങളുടെ പൗരന്മാരെ വീണ്ടും അനുവദിക്കുകയും ചെയ്തു. എന്നാൽ തുടർച്ചയായ നാലാം വർഷവും വിദേശ പർവതാരോഹകർക്കായി ബെയ്ജിംഗ് എവറസ്റ്റ് തുറന്നിട്ടില്ല. ചൈനയില്‍ എവറസ്റ്റ് കീഴടക്കാന്‍ പോകുന്നതിനുമുമ്പ്, പൗരന്മാർ 8,000 മീറ്റർ കൊടുമുടി കയറണമെന്ന് പുതിയ നിയമം കൊണ്ടുവന്നതിനാല്‍, ചൈനീസ് പൗരന്മാര്‍ കൂട്ടത്തോടെ നേപ്പാളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് മലകയറ്റക്കാരുടെ എണ്ണം മാത്രം 100 കടന്നേക്കാമെന്ന് കരുതുന്നു.

പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും ആവേശവുമായി ഖുംബു മേഖലയിലേക്ക് എത്തുന്ന സാഹസിക സഞ്ചാരികള്‍ ലക്ഷക്കണക്കിന് രൂപയാണ് എവറസ്റ്റ് കയറ്റത്തിനായി ചിലവഴിക്കുന്നത്. എന്നാൽ ഈ വർഷം എവറസ്റ്റ് കയറ്റം സുരക്ഷിതമാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. പർവതാരോഹകരെ സഹായിക്കാൻ ഒമ്പതംഗ കമ്മിറ്റി രൂപീകരിച്ചതായി ടൂറിസം വകുപ്പ് ഡയറക്ടർ സൂര്യ പ്രസാദ് ഉപാധ്യായ പറഞ്ഞു . ബേസ് ക്യാപിലെ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്ന് കാഠ്മണ്ഡു പോസ്റ്റ് പറയുന്നു.

കാലാവസ്ഥാ വിവരങ്ങൾ നൽകുന്നതിന് കാലാവസ്ഥാ വകുപ്പുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കയറ്റം ആരംഭിക്കുന്നതിന് കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ തിരക്ക് ഒഴിവാക്കാനുള്ള സജ്ജീകരണങ്ങളും നടത്തും. ഒരു നിശ്ചിത ദിവസം ഒരു നിശ്ചിത എണ്ണം ആളുകള്‍ക്ക് കയറാന്‍ അനുവാദം നല്‍കും.

ഈ ഏപ്രിൽ 7 വരെ, 178 പേരില്‍ നിന്നായി 1.84 മില്യൺ ഡോളർ ഫീസ് ഇനത്തിൽ ശേഖരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണയായി, ഏപ്രിൽ അവസാനം വരെയാണ് പെർമിറ്റുകൾ നൽകുന്നത്. 

കടുത്ത ഹിമപാതത്തിനുള്ള സാധ്യതയുള്ളതിനാല്‍ എവറസ്റ്റ് യാത്രയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. നേപ്പാളില്‍ ട്രെക്കിംഗ് നടത്തുന്നവർക്കൊപ്പം ഗൈഡും വേണമെന്ന നിയമം ഏപ്രിൽ 1 ന് ടൂറിസം ബോർഡ് പുറപ്പെടുവിച്ചു. എന്നാൽ എവറസ്റ്റ് മേഖലയിലെ പ്രാദേശിക അധികാരികൾ ഈ നിയമം നടപ്പിലാക്കിയിട്ടില്ല, നിലവില്‍ ട്രെക്കർമാര്‍ കൂട്ടമായി ഖുംബു പ്രദേശം സന്ദർശിക്കുന്നുണ്ട്.

English Summary: Nepal Expects Around 500 Mountaineers to Scale Mount Everest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com