ADVERTISEMENT

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനകരമായ നേട്ടമാണ് കഴിഞ്ഞയാഴ്ച കൈവരിച്ചത്. ഹൂഗ്ലി നദിയുടെ അടിയിലൂടെ രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി, കൊല്‍ക്കത്ത മെട്രോ ചരിത്രം കുറിച്ചു. ലണ്ടനെയും പാരിസിനെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ടണലായ യൂറോസ്റ്റാറിന് സമാനമായ ഈ ടണല്‍ മെട്രോയുടെ എക്കാലത്തെയും വിപ്ലവകരമായ നേട്ടങ്ങളില്‍ ഒന്നാണ്.

 

ആറ് കോച്ചുകളുള്ള രണ്ട് മെട്രോ ട്രെയിനുകളാണ് കൊല്‍ക്കത്തയിലെ മഹാകരന്‍ സ്റ്റേഷനില്‍ നിന്ന് ഹൗറ മൈതാന്‍ സ്റ്റേഷനിലേക്കുള്ള 4.8 കിലോമീറ്റർ ഭാഗത്ത് വിജയകരമായി ട്രയൽ റൺ നടത്തിയത്. അടുത്ത ഏഴ് മാസത്തേക്ക് തുടര്‍ന്നും പരീക്ഷണയാത്രകള്‍ നടത്തും. 

 

കൊൽക്കത്തയിലെയും നഗരപ്രാന്തങ്ങളിലെയും ജനങ്ങൾക്ക് ആധുനിക ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിലേക്കുള്ള വിപ്ലവകരമായ ചുവടുവയ്പാണിതെന്ന് കൊൽക്കത്ത മെട്രോ റെയിൽവേ ജനറൽ മാനേജർ പി ഉദയ് കുമാർ റെഡ്ഡി ഇതേക്കുറിച്ച് പറഞ്ഞു. ബംഗാളിലെ ജനങ്ങൾക്ക് ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക പുതുവർഷ സമ്മാനമാണിത്, റെഡ്ഡി കൂട്ടിച്ചേർത്തു.

 

ഈ സ്‌ട്രെച്ച് തുറന്നാൽ രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്‌റ്റേഷനായി ഹൗറ മാറും. ഇതിന് 33 മീറ്റര്‍ (108.268 അടി) ആഴമുണ്ട്. രാജ്യത്തെ ഏറ്റവും ആഴമുള്ള സ്റ്റേഷനും ഇനി മുതല്‍ ഇതായിരിക്കും. നിലവില്‍, ഡല്‍ഹി മെട്രോയുടെ ഭാഗമായ ഹൗസ് ഖാസ് മെട്രോ സ്റ്റേഷനാണ് ഈ ബഹുമതിയുള്ളത്. എസ്പ്ലനേഡ്, മഹാകരൻ, ഹൗറ, ഹൗറ മൈതാൻ എന്നിങ്ങനെ നാല് സ്റ്റേഷനുകളുണ്ട്, തുരങ്കം കടക്കാൻ 45 സെക്കൻഡ് എടുക്കും. ഹൗറയ്ക്കും സീൽദായ്ക്കും ഇടയിലുള്ള മെട്രോ റൂട്ട് റോഡ് മാർഗം 1.5 മണിക്കൂർ യാത്രാ സമയം 40 മിനിറ്റായി കുറയ്ക്കും. ഇത് രണ്ടുഭാഗത്തും തിരക്ക് കുറയ്ക്കാൻ സാധിക്കും

 

500 മീറ്ററോളം ദൈര്‍ഘ്യമുള്ള ഇരട്ട തുരങ്ക പാതകളാണ് കെഎംആര്‍സി നിര്‍മിച്ചിരിക്കുന്നത്. ഇരട്ടപാതയുടെ ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത് 1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് വളയങ്ങള്‍ ഉപയോഗിച്ചാണ്. ഈ തുരങ്കങ്ങളിലേക്ക് വെള്ളം പ്രവേശിക്കുന്നത് തടയാനുള്ള പ്രത്യേക ആധുനിക സജ്ജീകരണങ്ങളുമുണ്ട്. ഭൂകമ്പം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ പുറത്തുകടക്കാനായി മെട്രോയില്‍ എമര്‍ജന്‍സി എക്സിറ്റുകളും ഉണ്ടായിരിക്കും.

 

ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിനുള്ളിൽ മെട്രോ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദിക്ക് താഴെയുള്ള ഈ തുരങ്കങ്ങള്‍  ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയാണ്, ഒരു പത്തുനില കെട്ടിടത്തിന് തുല്യമായ ആഴമാണിത്. 

 

ഏകദേശം 8600 കോടി രൂപയാണ് അണ്ടര്‍വാട്ടര്‍ മെട്രോയുടെ മൊത്തം ചെലവ്, ഇതിന്‍റെ 48.5 ശതമാനം ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടണല്‍ നിര്‍മാണത്തിനുള്ള യന്ത്രഭാഗങ്ങളും ജര്‍മനിയില്‍ നിന്നാണ്.

English Summary: Kolkata conducts a test run of the country’s first underwater metro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com