ചെലവ് കുറച്ച് എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് ട്രെയിൻ യാത്രയുടെ മുഖ്യാകർഷണം. ബസിൽ യാത്ര ചെയ്യുന്നതിനേക്കാൾ സൗകര്യപൂര്‍വം യാത്ര ചെയ്യാം എന്നുള്ളതും പ്രായമായവർക്കും മറ്റു ബുദ്ധിമുട്ടുകളില്ലാതെ സഞ്ചരിക്കാം എന്നതും ട്രെയിൻ യാത്രകളെ കൂടുതൽ ജനകീയമാക്കുന്നു. മിക്ക സഞ്ചാരികളും ദീര്‍ഘദൂര യാത്രകളില്‍ ട്രെയിനുകളെയാണ് ആശ്രയിക്കാറ്. കുടുംബമായോ കൂട്ടുകാർ ഒത്തൊരുമിച്ചോ ഒരു ട്രിപ് പ്ലാൻ ചെയ്താൽ എല്ലാവർക്കും അടിച്ചുപൊളിച്ച് ട്രെയിനില്‍ യാത്ര നടത്താം.
ചെലവു കുറവ്, മറ്റു യാത്രകളെ അപേക്ഷിച്ച് സുരക്ഷ കൂടുതല്‍, റോഡുമാര്‍ഗമുള്ളതിനേക്കാള്‍ വേഗം, യാത്രാസുഖം എന്നിങ്ങനെ പല കാരണങ്ങളുണ്ട് ട്രെയിന്‍ യാത്രയെ നമ്മള്‍ ഇഷ്ടപ്പെടുന്നതിന് പിന്നില്‍. സാധാരണ നമ്മള്‍ ഒറ്റക്കോ കൂട്ടായോ ആണ് ട്രെയിന്‍ യാത്രക്ക് മുമ്പായി ടിക്കറ്റുകള്‍ എടുക്കാറുള്ളത്. ട്രെയിനിലെ ഒരു കോച്ച് മുഴുവനായോ ഒരു ട്രെയിന്‍ തന്നെയോ മുഴുവനായി നമുക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമോ? എന്ന ചോദ്യത്തിന് സാധിക്കുമെന്നു തന്നെയാണ് ഉത്തരം.
ടിക്കറ്റ് ബുക്കു ചെയ്യാനായി ആദ്യം ഐ.ആര്‍.സി.ടി.സിയുടെ www.ftr.irctc.co എന്ന ഒൗദ്യോഗിക വെബ് സൈറ്റ് തുറക്കണം. നിങ്ങള്‍ ഒരു കോച്ച് മുഴുവനായി ബുക്കു ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എഫ്.ടി.ആര്‍(ഫുള്‍ താരിഫ് റേറ്റ്) സര്‍വീസ് സെലെക്ട് ചെയ്യുക. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ റജിസ്‌ട്രേഷന്‍ തുക എത്രയാണെന്ന് അറിയാനാവും. ആറു ദിവസത്തിനകം പണം അടച്ച് എഫ്.ടി.ആര്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
ഓണ്‍ലൈനായല്ലാതെയും എഫ്.ടി.ആര്‍ റജിസ്‌ട്രേഷന്‍ നടത്താനാകും. ഇതിനായി നിങ്ങള്‍ യാത്ര ആരംഭിക്കുന്ന റെയില്‍വേ സ്റ്റേഷനുമായാണ് ബന്ധപ്പെടേണ്ടത്. ചീഫ് ബുക്കിങ് സൂപ്പര്‍ വൈസര്‍ക്കോ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കോ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമായ അപേക്ഷ നല്‍കേണ്ടതുണ്ട്. ഇതിനുള്ള മറുപടിയായി റജിസ്‌ട്രേഷന്‍ തുക എത്രയാണെന്ന് അറിയാനാവും. ഈ തുക ടിക്കറ്റ് കൗണ്ടറില്‍ അടച്ച് എഫ്.ടി.ആര്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
ഒരു കോച്ച് മുഴുവനായി ബുക്കു ചെയ്യാന്‍ ഏഴു ദിവസത്തേക്ക് സെക്യൂരിറ്റി തുകയായി 50,000 രൂപയാണ് നല്‍കേണ്ടത്. ഏഴു ദിവസത്തില്‍ കൂടുതല്‍ യാത്രയുണ്ടെങ്കില്‍ ഓരോ ദിവസത്തിനും 10000 രൂപ വീതം ഓരോ ദിവസവും ഓരോ കോച്ചിനും നല്‍കേണ്ടി വരും. പരമാവധി ഒരു ട്രെയിനിന്റെ 10 കോച്ചുകളാണ് മുഴുവനായും ബുക്കു ചെയ്യാനാവുക.
ഇനി ട്രെയിന്‍ മുഴുവനായി ബുക്കു ചെയ്യണമെങ്കില്‍ ഏഴു ദിവസത്തിന് ഒമ്പതു ലക്ഷം രൂപ ഇന്ത്യന്‍ റെയില്‍വേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം. ഇങ്ങനെ ബുക്കു ചെയ്യുന്നവര്‍ക്ക് 18 കോച്ചുകളുള്ള ട്രെയിനാണ് റെയില്‍വേ അനുവദിക്കുക. ഇതില്‍ രണ്ട് എസ്.എല്‍.ആര്‍ കോച്ചുകളായിരിക്കും.
ഇനി കൂടുതല്‍ വലുപ്പമുള്ള ട്രെയിന്‍ വേണമെന്നുണ്ടെങ്കില്‍ അതിനും മാര്‍ഗമുണ്ട്. 18 കോച്ചിന് പുറമേ അധികം വേണ്ട കോച്ചുകളുടെ തുകയായി ഓരോന്നിനും 50,000 രൂപ വീതം അടച്ചാല്‍ മതി. പരമാവധി 24 കോച്ചുകള്‍ വരെയുള്ള ട്രെയിനുകള്‍ പണം നല്‍കി ബുക്കു ചെയ്യാനുള്ള സൗകര്യം ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നുണ്ട്. ഇങ്ങനെയൊരു സൗകര്യമുണ്ടെന്നു കരുതി ഇന്നു പണം നല്‍കി നാളെ ട്രെയിനുമായി പോകാമെന്നൊന്നും കരുതരുത്. യാത്രാ തീയതിയുടെ 30 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. പരമാവധി ആറു മാസം വരെ മുമ്പ് ട്രെയിനുകളും കോച്ചുകളും ബുക്കു ചെയ്യാനാകും.
എന്തെങ്കിലും കാരണവശാല്‍ ബുക്കു ചെയ്ത ട്രെയിനോ കോച്ചുകളോ റദ്ദാക്കാനും അവസരമുണ്ടായിരിക്കും. ഐ.ആര്‍.സി.ടി.സി നിങ്ങളുടെ അപേക്ഷയില്‍ അന്തിമ തീരുമാനം അറിയിക്കും മുമ്പ് എഫ്.ടി.ആര്‍ റിക്വസ്റ്റ് ക്യാന്‍സല്‍ ചെയ്താല്‍ അഞ്ചു ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് പിടിച്ച ശേഷം ബാക്കി തുക നല്‍കും. യാത്രക്ക് രണ്ടു ദിവസം മുമ്പാണ് റദ്ദാക്കുന്നതെങ്കില്‍ പത്തു ശതമാനമായിരിക്കും ക്യാന്‍സലേഷന്‍ ചാര്‍ജ്. ഒരു ദിവസം മുമ്പാണെങ്കില്‍ 25 ശതമാനം ക്യാന്‍സലേഷന്‍ ഫീസായി പിടിക്കും. യാത്ര തുടങ്ങി നാലു മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ 50 ശതമാനം ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കും. ഇനി റെയില്‍വേയാണ് ബുക്കു ചെയ്ത യാത്ര റദ്ദാക്കുന്നതെങ്കില്‍ തുക പൂര്‍ണമായും തിരികെ ലഭിക്കും.
English Summary: IRCTC: Want to book entire train or coach? Know step by step booking guide, extra charges