നോര്‍വേയിലും ഫിന്‍ലന്‍ഡിലുമല്ല, ലഡാക്കില്‍ കാഴ്ചവിരുന്നൊരുക്കി നോര്‍ത്തേണ്‍ ലൈറ്റ്സ്!

northern-lights
Representative image-Denis Belitsky/shutterstock
SHARE

ലോകമെങ്ങുമുള്ള സഞ്ചാരികളെ സംബന്ധിച്ചിടത്തോളം, എക്കാലത്തും അതുല്യമായ അനുഭവം സമ്മാനിക്കുന്ന നാടാണ് ലഡാക്ക്. മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും ടിബറ്റൻ, ഇന്ത്യൻ, സെൻട്രൽ ഏഷ്യൻ സംസ്കാരങ്ങളുടെ പൈതൃകവുമെല്ലാം ചേര്‍ന്ന ലഡാക്ക്, ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും പേരുകേട്ടതാണ്. കാലാവസ്ഥയും ഭൂപ്രകൃതിയും പോലുള്ള പ്രകൃതിസവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍, ലഡാക്കിനെ പലപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താറുണ്ട്. ഈ താരതമ്യപ്പെടുത്തലിന് കൂടുതല്‍ അര്‍ത്ഥം പകരുന്ന കാഴ്ചയാണ് കഴിഞ്ഞ മാസം ലഡാക്കില്‍ തെളിഞ്ഞത്. 

ധ്രുവപ്രദേശങ്ങളില്‍ മാത്രം കാണുന്നതും നോര്‍ത്തേണ്‍ ലൈറ്റ്സ് എന്നറിയപ്പെടുന്നതുമായ ‘ധ്രുവദീപ്തി’ അഥവാ, ‘അറോറ ബോറിയാലിസ്’ എന്ന പ്രതിഭാസം ലഡാക്കിന്‍റെ ആകാശത്തും വിരുന്നെത്തി. വളരെ അപൂര്‍വമായി മാത്രം കാണാവുന്ന ഈ പ്രതിഭാസത്തിന്‍റെ വീഡിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് ട്വിറ്ററിൽ പങ്കുവച്ചു.

hanle1
Milky Way clicked near Hanle Gompa-Umesh Ghude/shutterstock

ഏപ്രിൽ 22/23 രാത്രി ഹാൻലെ ഒബ്സര്‍വേറ്ററിയിൽ 360 ഡിഗ്രി ക്യാമറ എടുത്ത, ആകാശത്തിന്‍റെ ഒരു ടൈം ലാപ്‌സ് വീഡിയോ ആണ് ഇത്. നോര്‍ത്തേന്‍ ലൈറ്റ്സ് ഇടയ്ക്കിടെ തെളിയുന്നത് ഇതില്‍ കാണാം. ഇത്രയും താഴ്ന്ന അക്ഷാംശത്തിൽ അറോറ കാണുന്നത് വളരെ അപൂർവമാണ് എന്ന് ഈ പോസ്റ്റില്‍ പറയുന്നു.

അറോറ തെളിഞ്ഞതിങ്ങനെ

ഏപ്രിൽ 21 ന് രാത്രി 11:42 ന്, സൂര്യൻ ഭൂമിയിലേക്ക് ഒരു കൊറോണൽ മാസ് എജക്ഷൻ ആരംഭിച്ചു. മണിക്കൂറില്‍ 500-600 കിലോമീറ്റര്‍ വേഗതയുള്ള ഇത്, ഏപ്രിൽ 23 ന് രാത്രി 10 മണിക്ക് ഭൂമിയിൽ എത്തിയപ്പോള്‍ ഉണ്ടായ ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റ് ധ്രുവദീപ്തികൾക്ക് കാരണമായി. ഈ ധ്രുവദീപ്തി ഒറ്റരാത്രികൊണ്ട് സാധാരണയേക്കാൾ താഴ്ന്ന അക്ഷാംശങ്ങളിൽ എത്തി, യൂറോപ്പ്, ചൈന, ലഡാക്ക് എന്നിവിടങ്ങളിൽ പ്രകാശത്തിന്‍റെ വര്‍ണ്ണക്കാഴ്ചയൊരുക്കി. 

hanle
Ladakh,-beibaoke/shutterstock

ഇങ്ങനെ താഴ്ന്ന അക്ഷാംശത്തിൽ അറോറ കാണുന്നത് വളരെ അപൂർവമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പറയുന്നു. ഇത്രയും തീവ്രമായ ഭൂകാന്തിക കൊടുങ്കാറ്റ് അവസാനമായി ഉണ്ടായത് 2015 ലാണ്.

ഇന്ത്യയില്‍ ഇതാദ്യം

ലഡാക്കിലെ ഹാന്‍ലെയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രത്തിലെ(IAO) ഒബ്സര്‍വേറ്ററിയില്‍ സ്ഥാപിച്ചിട്ടുള്ള 360 ഡിഗ്രി ക്യാമറയിലാണ് ഈ അപൂർവ പ്രതിഭാസം പതിഞ്ഞത്. ലോകത്ത് സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാനനിരീക്ഷണകേന്ദ്രമാണ്‌ ഇത്. സമുദ്രനിരപ്പിൽ നിന്ന് 4500 മീറ്റർ ഉയരത്തിൽ സ്ഥിതി , ചെയ്യുന്ന ഈ കേന്ദ്രം, സിന്ധുനദിയുടെ പോഷകനദിയായ ഹാൻലെ നദിയുടെ തീരത്തുള്ള ഹാൻലെ‍ എന്നു തന്നെ പേരുള്ള ഒരു ഗ്രാമപ്രദേശത്താണ്‌. 

ഭൂമിയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒപ്റ്റിക്കൽ ദൂരദർശിനിയും ഇൻഫ്രാറെഡ് ദൂരദർശിനിയും ഇവിടെയാണ്‌. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ആണ്‌ ഈ കേന്ദ്രം ഇവിടെ സ്ഥാപിച്ച് ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നത്.

English Summary: Northern Lights in Ladakh! Auroras strike Ladakh skies in a rare event

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS