അവധിക്കാലം അടിച്ചുപൊളിക്കുന്ന തിരക്കിലാണ് ബോളിവുഡ് നടി തപ്സി പന്നു. കഴിഞ്ഞ തവണ വെക്കേഷന് ന്യൂയോർക്കിൽ മാൻഹട്ടനിലെയും ബ്രൂക്ക്ലിനിലെയും തെരുവുകളിലൂടെ യാത്ര ചെയ്ത ചിത്രങ്ങള്‍ തപ്സി പങ്കുവച്ചിരുന്നു. ഇക്കുറി സാൻ ഫ്രാൻസിസ്കോയില്‍ സഹോദരി ശഗുൻ പന്നുവിനൊപ്പമാണ് യാത്ര. ചിത്രങ്ങളിൽ, തപ്‌സി സഹോദരിയോടൊപ്പം സൈക്കിളിൽ സഞ്ചരിക്കുന്നതും റെയിൽ ട്രമ്പുകളിൽ യാത്ര ചെയ്യുന്നതും മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കുന്നതുമെല്ലാം കാണാം. കൂടാതെ ലോസ് ആഞ്ചല്‍സിൽ നിന്നുള്ള ചിത്രങ്ങളുമുണ്ട്. സിനിമകളിൽ നമ്മൾ എത്രയോ തവണ കണ്ട നഗരമെന്നും പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.
സാന്‍ ഫ്രാന്‍സിസ്കോയും കാഴ്ചകളും
കാലിഫോർണിയ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സാൻ ഫ്രാൻസിസ്കോ, പ്രകൃതി സൗന്ദര്യവും, സമ്പന്നമായസംസ്കാരവും, സാങ്കേതിക വിദ്യയും സമന്വയിപ്പിക്കുന്ന ഒരിടമാണ്. ഗംഭീരമായ ഗോൾഡൻ ഗേറ്റ് പാലം കാണാതെ സാൻ ഫ്രാൻസിസ്കോ യാത്ര പൂർത്തിയാകില്ല. ഓറഞ്ച് നിറത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന പാലത്തിനരികില്‍ നിന്നാല്‍, ഉൾക്കടലിന്‍റെയും നഗരത്തിന്‍റെ ആകാശരേഖയുടെയും അതിനപ്പുറത്ത് തലനീട്ടുന്ന കുന്നുകളുടെയും വിശാലമായ കാഴ്ച കാണാം.

ഹൈറ്റ് ആഷ്ബറിയിലെ വർണാഭമായ വിക്ടോറിയൻ വീടുകളും മിഷൻ ഡിസ്ട്രിക്റ്റിന്‍റെ ബൊഹീമിയൻ കമ്പവും അല്ലെങ്കിൽ ചൈനാ ടൗണിലെ സജീവമായ തെരുവുകളുമെല്ലാം നടന്നുകാണണം. കുപ്രസിദ്ധമായ അൽകാട്രാസ് ദ്വീപിലേക്ക് കടത്തുവള്ളം പിടിക്കാം. ഗോൾഡൻ ഗേറ്റ് പാർക്കിലെ ഡി യംഗ് മ്യൂസിയം സന്ദർശിക്കുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം. സാൻ ഫ്രാൻസിസ്കോ മ്യൂസിയം ഓഫ് മോഡേൺ ആർട്ടും ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയവുമെല്ലാം സാംസ്‌കാരിക പ്രേമികള്‍ക്ക് മികച്ച അനുഭവമായിരിക്കും.
അതിശയകരമായ പൂന്തോട്ടങ്ങളും ശാന്തമായ തടാകങ്ങളും ജാപ്പനീസ് ടീ ഗാർഡൻ പോലെയുള്ള മനോഹരകാഴ്ചകളുമെല്ലാം കാണാം. ഐക്കണിക് ഗോൾഡൻ ഗേറ്റ് പാർക്ക് സന്ദര്‍ശിക്കുന്നതിന് ബൈക്ക് വാടകയ്‌ക്കെടുക്കാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള റെഡ്വുഡ് മരങ്ങളുടെ അത്ഭുതകരമായ കാഴ്ച കാണാന്‍ നഗരത്തിൽ നിന്ന് അൽപ്പം അകലെയുള്ള മുയർ വുഡ്സ് ദേശീയ സ്മാരകത്തിലേക്ക് പോകാം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വേനല്‍ക്കാല മാസങ്ങളാണ് സാൻ ഫ്രാൻസിസ്കോയിൽ ഏറ്റവും ഉയർന്ന ടൂറിസ്റ്റ് സീസൺ. പ്രശസ്തമായ ഔട്ട്സൈഡ് ലാൻഡ്സ് മ്യൂസിക് ആൻഡ് ആർട്സ് ഫെസ്റ്റിവൽ പോലുള്ള ഒട്ടേറെ ഔട്ട്ഡോർ ഫെസ്റ്റിവലുകളും അരങ്ങേറുന്നത് ഈ സമയത്താണ്.
കൂടാതെ, വൈൻ പ്രേമികൾക്ക് നാപ്പ വാലി പോലുള്ള സമീപ പ്രദേശങ്ങളിലെ വിളവെടുപ്പ് കാലം കണക്കാക്കി, ശരത്കാലമായ സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങള്‍ യാത്രക്കായി തിരഞ്ഞെടുക്കാം.
English Summary: Taapsee Pannu shares Travel Pictures